ഭരണസ്തംഭനം അവസാനിപ്പിക്കാന്‍ യു.എസ് ജനപ്രതിനിധി സഭ വോട്ട് രേഖപ്പെടുത്തി
വാഷിങ്ടണ്‍: അമേരിക്കയിലെ ഭാഗിക ഭരണസ്തംഭനം ഒഴിവാക്കാന്‍ ജനപ്രതിനിധി സഭ വോട്ട് ചെയ്തു. ഡെമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷമുള്ള സഭയില്‍ ബില്ല് പാസാക്കിയെങ്കിലും മെക്‌സിക്കന്‍ അതിര്‍ത്തിയിലെ മതില്‍ നിര്‍മാണത്തിനുള്ള തുക അനുവദിച്ചിട്ടില്ല. എന്നാല്‍ ആഭ്യന്തര സുരക്ഷയ്ക്കായുള്ള അതിര്‍ത്തി സംരക്ഷണത്തിന് ഫെബ്രുവരി എട്ടുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 1.3 ബില്യന്‍ ഡോളര്‍ അനുവദിച്ചു.
കൂടാതെ മറ്റ് ഏജന്‍സികള്‍ക്ക് സെപ്റ്റംബര്‍ വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഫണ്ട് വകയിരുത്തി. എന്നാല്‍ ഇതു നിയമമാവണമെങ്കില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റിന്റെ അംഗീകാരം ലഭിക്കണം. കൂടാതെ പ്രസിഡന്റിന്റെ അനുമതി കൂടി ലഭ്യമാവണം. എന്നാല്‍ അതിര്‍ത്തി മതിലിനു തുക അനുവദിക്കാത്തതിനാല്‍ ഭരണസ്തംഭനം ഒഴിവാക്കാനുള്ള ജനപ്രതിനിധി സഭയുടെ ബില്ലില്‍ ട്രംപ് ഒപ്പുവയ്ക്കാന്‍ സാധ്യതയില്ല. യു.എസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെങ്കില്‍ മുഴുവന്‍ ബില്ലുകളും നിരസിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ബില്ലുമായി ബന്ധപ്പെട്ട് ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസി ട്രംപുമായി കൂടിക്കാഴ്ച നടത്തും.
ട്രംപ് പിന്തുണക്കാത്ത ബില്ലിനെ സെനറ്റില്‍ പിന്തുണയ്ക്കില്ലെന്ന് റിപബ്ലിക്കന്‍ പാര്‍ട്ടി നേതാവ് മിച്ച് മിക്കനല്‍ അറിയിച്ചു. ഡെമോക്രാറ്റുകളുടെ നീക്കം രാഷ്ട്രീയ നാടകം മാത്രമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇടക്കാല തെരഞ്ഞെടുപ്പിനുശേഷം പുതിയ ജനപ്രതിനിധി സഭ കഴിഞ്ഞ ദിവസമാണു ചുമതലയേറ്റത്. 434 അംഗങ്ങളില്‍ 235 സീറ്റുകളോടെ ഡെമോക്രാറ്റുകള്‍ക്കാണു ഭൂരിപക്ഷമുള്ളത്. ഡെമോക്രാറ്റ് അംഗം നാന്‍സി പെലോസിയാണ് ജനപ്രതിനിധി സഭാ സ്പീക്കര്‍. 2007-2011ല്‍ ഈ പദവി വഹിച്ച നാന്‍സി സ്പീക്കറാകുന്ന ആദ്യത്തെ വനിത കൂടിയാണ്.
ജനപ്രതിനിധി സഭാ അംഗങ്ങളില്‍ 102 പേരും വനിതകളാണ്. യു.എസ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വനിതാ പ്രാതിനിധ്യമുള്ള സഭ കൂടിയാണിത്. കോണ്‍ഗ്രസിലെത്തിയ ആദ്യത്തെ മുസ്‌ലിം സ്ത്രീകളായ റാഷിദ ത്‌ലാബും ഇല്‍ഹാന്‍ ഉമറും ഖുര്‍ആര്‍ പിടിച്ചാണു സത്യപ്രതിജ്ഞ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."