നാദാപുരം താലൂക്ക് ആശുപത്രി പുതിയ കെട്ടിടം അടഞ്ഞു തന്നെ
നാദാപുരം: മാറി വന്ന രണ്ടു മുന്നണികള്‍ ഭരിച്ചിട്ടും നാദാപുരം താലൂക്ക് ആശുപത്രി കെട്ടിടം തുറക്കാനുള്ള നടപടിയായില്ല. രണ്ടു വര്‍ഷം മുന്‍പ് പുതുക്കിപ്പണിയാന്‍ ആരംഭിച്ച വളയം പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ഉദ്ഘാടനം നാളെ മന്ത്രി കെ.കെ ശൈലജ നിര്‍വഹിക്കും. 2.60 കോടി രൂപ ചെലവിലാണ് പണി പൂര്‍ത്തിയാക്കിയത്.
അഴിയൂര്‍ മുതല്‍ മൂന്നു ബ്ലോക്കുകള്‍ ചേര്‍ത്ത് കഴിഞ്ഞ യു.ഡി.എഫിന്റെ കാലത്താണ് നാദാപുരം ആശുപത്രിക്ക് താലൂക്ക് പദവി നല്‍കി ഗ്രേഡ് ഉയര്‍ത്തിയത്. അതിനു ശേഷം നാലുനില കെട്ടിടത്തിന്റെ പണി ആരംഭിക്കുകയും നിര്‍മാണം പൂര്‍ത്തിയാവുകയും ചെയ്തു. സാങ്കേതികത്വം തടസമായി നില്‍ക്കുന്നതാണ് ഉദ്ഘാടനം നീളുന്നത്. കൂടാതെ സി.പിഎം നേതൃത്വത്തിലുള്ള ബ്ലോക്ക് ഭരണസമിതിയും എം.എല്‍.എയും തമ്മിലുള്ള ശീതസമരവും കാരണമായി ചൂണ്ടിക്കാണിക്കുന്നു.
വളയം പഞ്ചായത്തില്‍ ഭരണം നടത്തുന്നത് സി.പിഎം നേരിട്ടാണ്. പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ നിയന്ത്രണവും ഭരണസമിതിക്കാണ്. എന്നാല്‍ നാദാപുരം താലൂക്ക് ആശുപത്രിയില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ അംഗീകാരം ഉണ്ടായാലേ പ്രവര്‍ത്തന പദ്ധതികള്‍ക്ക് അംഗീകാരം ലഭിക്കുകയുള്ളൂ. ഏറ്റവും ഒടുവിലായി വൈദ്യുതി ലഭിക്കാനുള്ള പ്രവര്‍ത്തനമാണ് ബാക്കിയുള്ളത്. ട്രാന്‍സ്‌ഫോര്‍മര്‍ അടക്കം സ്ഥാപിക്കാനുള്ള ഫണ്ട് എം.എല്‍.എ ഫണ്ടില്‍നിന്ന് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഫണ്ട് വിനിയോഗിക്കാനുള്ള പ്രവര്‍ത്തനം എങ്ങും എത്തിയിട്ടില്ല. സ്ഥലപരിമിതി കാരണം വീര്‍പ്പുമുട്ടുന്ന പഴയ കെട്ടിടത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവിടെയെത്തുന്ന രോഗികളെ മറ്റു സ്ഥലങ്ങളിലേക്ക് പറഞ്ഞുവിടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."