വടകരയിലും പേരാമ്പ്രയിലും നിരോധനാജ്ഞ
വടകര: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ ഹര്‍ത്താലിനോടനുബന്ധിച്ച് കോഴിക്കോട് റൂറല്‍ ജില്ലയിലെ വടകര, പേരാമ്പ്ര പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്നലെ മുതല്‍ അഞ്ചു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചതായി റൂറല്‍ ജില്ലാ പൊലിസ് മേധാവി ജെ. ജയ്‌ദേവ് അറിയിച്ചു.
ഹര്‍ത്താലിനോടനുബന്ധിച്ച് നടന്ന അക്രമ സംഭവങ്ങളില്‍ ആരാധനാലയങ്ങളും പാര്‍ട്ടി ഓഫിസുകളും വീടുകളും വ്യാപാരസ്ഥാപനങ്ങളും വാഹനങ്ങളും മറ്റും ആക്രമിക്കപ്പെടുകയും പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ ചേരി തിരിഞ്ഞ് സംഘര്‍ഷമുണ്ടാക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് നിരോധനാജ്ഞ. വരും ദിവസങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ അടക്കം നടത്താന്‍ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ക്രമ സമാധാന പ്രശ്‌നം ഉണ്ടാകുമെന്ന് മുന്‍ കൂട്ടി കണ്ട് കേരളാ പൊലിസ് ആക്ട് 78, 79 പ്രകാരമാണ് വടകര, പേരാമ്പ്ര പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പൊതുസമാധാനവും പൊതുസുരക്ഷയും സംരക്ഷിക്കേണ്ടതിനാല്‍ ഈ കാലയളവില്‍ പൊതുസമ്മേളനമോ, ഘോഷയാത്രയോ, പ്രകടനമോ നടത്തുന്നതിന് മുന്‍കൂട്ടി അനുമതി വാങ്ങേണ്ടതാണ്.
നശീകരണ വസ്തുക്കളോ, സ്‌ഫോടക വസ്തുക്കളോ, വെടി മരുന്നുകളോ, കല്ലുകളോ, മറ്റു മിസൈലുകളോ, അക്രമത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന ഏതെങ്കിലും ആയുധങ്ങളോ മറ്റേതെങ്കിലും വസ്തുക്കളോ തയാറാക്കുന്നതോ ശേഖരിക്കുന്നതോ, കൊണ്ട് പോകുന്നതോ, പൊതു സമാധാനത്തെ ഗുരുതരമായി ബാധിക്കുന്നതോ രാഷ്ട്രത്തിന്റെ സുരക്ഷ അപായ പെടുത്തുന്നതോ ആയ ചിത്രങ്ങള്‍, ചിഹ്നങ്ങള്‍, പ്ലക്കാര്‍ഡുകള്‍, അച്ചടിച്ച കടലാസുകള്‍, ലഘുലേഖകള്‍, പുസ്തകങ്ങള്‍, ഓഡിയോ, വിഡിയോ റെക്കോഡിങ്ങുകള്‍, ഡിജിറ്റല്‍ റെക്കോഡുകള്‍, പോസ്റ്ററുകള്‍, ബാനറുകള്‍ എന്നിവ തയാറാക്കുന്നതോ പ്രദര്‍ശിപ്പിക്കുന്നതോ വിതരണം ചെയ്യുന്നതും നിയന്ത്രിക്കുന്നതിനും നിയന്ത്രണ വിധേയമാക്കാനും തീരുമാനിച്ചതായി അറിയിപ്പില്‍ പറഞ്ഞു. അതേസമയം റൂറല്‍ ജില്ലാ പരിധിയില്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട് നടന്ന അക്രമ സംഭവങ്ങളില്‍ 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ഇതേവരെ 34 പ്രതികളാണ് വിവിധ സ്റ്റേഷന്‍ പരിധിയില്‍ അറസ്റ്റിലായത്. 37 പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചപ്പോള്‍ 17 പ്രതികള്‍ റിമാന്‍ഡിലാണ്. തുടര്‍ ദിവസങ്ങളിലും കൂടുതല്‍ അറസ്റ്റ് നടക്കുമെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."