കുറ്റ്യാടി നാളികേര പാര്‍ക്ക്: യാഥാര്‍ഥ്യമാക്കാന്‍ നടപടികളില്ല
കുറ്റ്യാടി: നാളികേര കര്‍ഷകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന കുറ്റ്യാടി നാളികേര പാര്‍ക്ക് യാഥാര്‍ഥ്യമാക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികളൊന്നുമുണ്ടാവുന്നില്ല. വി.എസ് അച്യുതാന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാരാണ് വേളം മണിമലയില്‍ കുറ്റ്യാടി നാളികേര പാര്‍ക്കിന് തുടക്കമിട്ടത്. അന്നത്തെ വ്യവസായ മന്ത്രി എളമരം കരീം പങ്കെടുത്ത വ്യവസായ വികസന സെമിനാര്‍ കുറ്റ്യാടിയില്‍ നടക്കുകയും അതില്‍ നിന്ന് രൂപപ്പെട്ട് വന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റ്യാടി മലയോരത്തെ നാളികേരം സംഭരിച്ച് വൈവിധ്യപൂര്‍ണമായ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാനും വിപുലമായ വിപണി ലക്ഷ്യമിട്ടുമാണ് നാളികേര പാര്‍ക്കിന് രൂപരേഖ തയാറാക്കിയത്.
പാര്‍ക്കിനായി ഒരു മാര്‍ക്കറ്റിങ്ങ് കമ്പനി രൂപീകരിക്കുകയും ഇതിന്റെ ഓഫിസ് ഉദ്ഘാടനം ആഘോഷപൂര്‍വം നടത്തുകയും ചെയ്തിരുന്നു. ഇന്ന് ഈ ഓഫിസ് എവിടെയാണെന്നുപോലും ആര്‍ക്കുമറിയില്ല. കുറ്റ്യാടി മലയോരത്തെ ഗുണമേന്മയുള്ള നാളികേരത്തില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് പുറമെ കേരവൃക്ഷത്തിന്റെ എല്ലാഭാഗങ്ങളും ഉപയോഗിച്ച് വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന വ്യവസായശൃഖലയായിരുന്നു പാര്‍ക്ക് കൊണ്ട് ലക്ഷ്യമിട്ടത്.
പാര്‍ക്കിന്റെ നിര്‍മാണത്തിനായി ഒരു സ്വകാര്യ വ്യക്തിയില്‍ നിന്നും 116ഏക്കര്‍ ഭൂമി വേളം പഞ്ചായത്തിലെ മണിമലയില്‍ ഏറ്റെടുത്ത് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് തുടര്‍ നടപടികളൊന്നും ഉണ്ടായില്ല. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കുറ്റ്യാടി നാളികേര പാര്‍ക്കിനെ പൂര്‍ണമായും കയ്യൊഴിയുകയായിരുന്നു. തുടര്‍ന്ന് സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ മണിമല പാര്‍ക്ക് ഏറ്റെടുത്ത് ഉടന്‍ തന്നെ പണി തുടങ്ങുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഒന്നുമു@ായില്ല.
പാര്‍ക്കിന് വേണ്ടി കണ്ടെത്തിയ സ്ഥലം ഇന്ന് കാടുമൂടികിടക്കുകയാണ്. വന്യമൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും താവളമായി ഇവിടം മാറിയതോടെ കര്‍ഷകരും പരിസര വാസികളും ദുരിതത്തിലായിരിക്കുകയാണ്. 2016-17വര്‍ഷത്തെ ബജറ്റില്‍ കുറ്റ്യാടി നാളികേര പാര്‍ക്കിനെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ടെങ്കിലും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
കുറ്റ്യാടി, പേരാമ്പ്ര, വടകര എന്നിവിടങ്ങളില്‍ നിന്ന് മണിമലയിലേക്ക് റോഡ് സൗകര്യവും നിലവിലുണ്ട്. പാര്‍ക്ക് യാഥാര്‍ഥ്യമായാല്‍ പ്രതിദിനം പതിനായിരത്തിലേറെ നാളികേരം സംസ്‌കരിച്ച് ഉല്‍പ്പന്നങ്ങളാക്കാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വടകര താലൂക്കിലെ ആയിരക്കണക്കിന് നാളികേര കര്‍ഷകരുടെ പ്രതീക്ഷയായ പ്രസ്തുത പാര്‍ക്ക് പണിപൂര്‍ത്തീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാളികേര കര്‍ഷകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."