HOME
DETAILS
MAL
ഖാബൂസ്: മലയാളികളുടെ പ്രിയപ്പെട്ട സുല്‍ത്താന്‍
backup
January 12 2020 | 05:01 AM
ജിദ്ദ: അന്തരിച്ച ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് ആല്‍ സഈദ് ഇന്ത്യക്ക് എക്കാലത്തും പ്രിയപ്പെട്ട സുല്‍ത്താനായിരുന്നു. ഇന്ത്യയുമായി എന്നും സവിശേഷ ബന്ധം പുലര്‍ത്തിയിരുന്ന സുല്‍ത്താന്റെ വിദേശ വിദ്യാഭ്യാസത്തിന് ആദ്യം തിരഞ്ഞെടുത്തത് ഇന്ത്യയെ ആയിരുന്നു. പൂനെ നഗരവും ഇന്ത്യയും അവിടുത്തെ ജനങ്ങളും സുല്‍ത്താന് എന്നും പ്രിയപ്പെട്ടതായിരുന്നു.
സുല്‍ത്താന്റെ പിതാവ് സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂര്‍ അജ്മറിലെ മയോ കോളജിലെ പൂര്‍വ വിദ്യാര്‍ഥിയായിരുന്നു. പിന്നീട് മകനെയും അദ്ദേഹം പൂനെയില്‍ അയച്ച് പഠിപ്പിച്ചു. അവിടെ ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മയുടെ വിദ്യാര്‍ഥിയായിരുന്നു സുല്‍ത്താന്‍ ഖാബൂസ്.
മലയാളികള്‍ക്ക് ഒമാന്‍ സുല്‍ത്താനെക്കുറിച്ചുള്ള ഏറ്റവും അവസാനത്തെ ഓര്‍മ ഫാദര്‍ ടോം ഉഴുന്നാലിലിന്റെ മോചനവുമായി ബന്ധപ്പെട്ടാണ്. ഐ.എസ് ഭീകരരുടെ പിടിയിലകപ്പെട്ട ഫാദര്‍ ഉഴുന്നാലിലിന്റെ മോചനം സാധ്യമായത് ഒമാന്‍ സുല്‍ത്താന്‍ ഖാബൂസിന്റെ ഇടപെടലിനെ തുടര്‍ന്നാണ്.
18 മാസമാണ് ഫാദര്‍ ഉഴുന്നാലില്‍ ഭീകരരുടെ തടങ്കലില്‍ കഴിഞ്ഞത്. ഖാബൂസിന്റെ നിര്‍ദേശ പ്രകാരം ഒമാന്‍ വിദേശകാര്യ മന്ത്രാലയം ഇടപെട്ടതിനെ തുടര്‍ന്നാണ് 2017 സെപ്റ്റംബറില്‍ ഉഴുന്നാലില്‍ മോചിതനായത്. 2016 മാര്‍ച്ച് നാലിനാണ് ഉഴുന്നാലിനെ യമനില്‍ വച്ച് ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. 80 പേര്‍ താമസിക്കുന്ന കെട്ടിടത്തിന് നേരെ നാല് തോക്കുധാരികള്‍ ആക്രമണം നടത്തുകയായിരുന്നു. നാല് കന്യാസ്ത്രീകള്‍, ആറ് എത്യോപ്യക്കാര്‍, അഞ്ച് യമന്‍കാര്‍ എന്നിവരെ കൊലപ്പെടുത്തിയ ശേഷമാണ് ഫാ. ഉഴുന്നാലിലിനെ തട്ടിക്കൊണ്ടുപോയത്.
യമനില്‍ ഇന്ത്യന്‍ എംബസി ഇല്ലാത്തതിനാല്‍ ഉഴുന്നാലിലിന്റെ മോചനത്തില്‍ ഇന്ത്യയുടെ ഇടപെടലിന് പരിമിതിയുണ്ടായിരുന്നു. എന്നാല്‍ എങ്ങനെയും ഉഴുന്നാലിലിനെ മോചിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു കേന്ദ്രസര്‍ക്കാര്‍. കേരള സര്‍ക്കാരും മോചനത്തിനായി സമ്മര്‍ദം ചെലുത്തിയിരുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ വത്തിക്കാന്റെ ഇടപെടലും ആവശ്യപ്പെട്ടിരുന്നു. ഒമാന്‍ വിദേശകാര്യ മന്ത്രാലയം യമന്‍ അധികൃതരുമായി ബന്ധപ്പെട്ടാണ് ഫാ. ഉഴുന്നാലിലിനെ കണ്ടെത്തിയത്.
6,20,650 ഇന്ത്യക്കാരാണ് നിലവില്‍ ഒമാനില്‍ കഴിയുന്നത്. ഇന്ത്യയില്‍ നിന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഒമാനിലേക്ക് കുടിയേറിപ്പാര്‍ത്ത ഒരു സമൂഹവും ഇവിടെയുണ്ട്. രാജ്യത്തെ പൗരന്‍മാരാണ് അവര്‍. ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിച്ച് ഒമാന്റെ മക്കളായി വളരാന്‍ അവര്‍ക്ക് സുല്‍ത്താന്‍ ആശീര്‍വാദം നല്‍കി. രാജ്യത്തെ ഏറ്റവും വലിയ വ്യവസായ സമൂഹമായും ഇവര്‍ വളര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."