അണയാതെ കാട്ടുതീ; ആശങ്കയില്‍ അതിര്‍ത്തിഗ്രാമങ്ങള്‍
പുല്‍പ്പള്ളി: തുടര്‍ച്ചയായ മൂന്നാം ദിവസവും മൈസൂര്‍ വനമേഖലയില്‍ കാട്ടുതീ പടരുന്നു. കര്‍ണാടകയിലെ വനപാലകരോടൊപ്പം കേരളത്തില്‍നിന്നുള്ള ഫയര്‍ഫോഴ്‌സും തീയണക്കാന്‍ ശ്രമിച്ചെങ്കിലും കാട്ടുതീ കൂടുതല്‍ ഭാഗങ്ങളിലേക്കു പടരുകയാണ്.
ബന്ദിപ്പൂര്‍ കടുവാസങ്കേതത്തില്‍പ്പെട്ട വനമേഖലയിലാണു കാട്ടുതീ പടര്‍ന്നത്. കല്‍ക്കര, ഗുണ്ടറ, ബേഗൂര്‍ റെയ്ഞ്ചുകളിലാണു കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ കാട്ടുതീ പടര്‍ന്നുപിടിച്ചത്. കഴിഞ്ഞ ദിവസം കര്‍ണാടക അധികൃതരുടെ ആവശ്യപ്രകാരം സുല്‍ത്താന്‍ ബത്തേരിയില്‍നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘവും കര്‍ണാടക വനത്തിലെ തീ അണയ്ക്കാന്‍ എത്തിയിരുന്നു.
അതിനിടെ, ഇന്നലെയും കൂടുതല്‍ പ്രദേശങ്ങളിലേക്കു തീപടര്‍ന്നു പിടിച്ചു. എന്‍ബേഗൂര്‍ ഭാഗത്തേക്കാണ് ഇന്നലെ തീപടര്‍ന്നത്. ഈ മേഖലയിലെ അഞ്ഞൂറോളം ഏക്കര്‍ സ്ഥലത്തെ വനം പൂര്‍ണമായും കത്തിനശിച്ചു. പ്രദേശത്തുണ്ടായിരുന്ന വന്യമൃഗങ്ങള്‍ കൂട്ടത്തോടെ കബനി തീരത്തെത്തിയിരിക്കുകയാണ്. ഞായറാഴ്ച തീ അണക്കാനുള്ള ശ്രമത്തിനിടയില്‍ കര്‍ണാടക വനം വകുപ്പ് ജീവനക്കാരന്‍ മുനിയപ്പന്‍ പൊള്ളലേറ്റു മരിച്ചിരുന്നു. നിരവധി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.
എന്‍ബേഗൂരില്‍നിന്നു കാട്ടുതീ കേരളാതിര്‍ത്തിയായ വണ്ടിക്കടവിലേക്കെത്തുമെന്നാണു കരുതപ്പെടുന്നത്. കാട്ടുതീ വയനാടന്‍ കാടുകളിലേക്കു പടരാതിരിക്കുന്നതിനായി ഫയര്‍ഫോഴ്‌സിന്റെ രണ്ട് യൂനിറ്റുകള്‍ വണ്ടിക്കടവില്‍ ക്യാംപ് ചെയ്യുന്നുണ്ട്. കോഴിക്കോട്ടുനിന്ന് ഫയര്‍ഫോഴ്‌സിനെ എത്തിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. കര്‍ണാടക വനത്തില്‍ കാട്ടുതീ പടരുന്നതു അതിര്‍ത്തി ഗ്രാമങ്ങളില്‍ ആശങ്കയേറ്റിയിരിക്കുകയാണ്.
മൈസൂര്‍ വനത്തിലെ കാട്ടുതീ; ചാരത്തില്‍ മുങ്ങി പുല്‍പ്പള്ളി
പുല്‍പ്പള്ളി: കേരളാതിര്‍ത്തിയായ കൊളവള്ളി മുതലുള്ള മൈസൂര്‍ വനമേഖലയില്‍ കാട്ടുതീ പടരുന്നതിന്റെ ദുരിതംപേറി തൊട്ടടുത്ത മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകള്‍. കാട്ടുതീയില്‍ കത്തിനശിച്ചവയുടെ ചാരം കാറ്റില്‍പറന്ന് ഈ മേഖലയില്‍ നിറഞ്ഞിരിക്കുകയാണ്. കേരളാതിര്‍ത്തിയില്‍നിന്നു പത്ത് കിലോമീറ്റര്‍ അകലെ വരെ ചാരവും കരിയും പറന്നിറങ്ങുന്നുണ്ട്.
മൈസൂര്‍ വനത്തില്‍ കാട്ടുതീ പടര്‍ന്നതോടെ ഈ മേഖലയിലുണ്ടായിരുന്ന വന്യമൃഗങ്ങള്‍ കൂട്ടത്തോടെ കേരളത്തിലേക്കു കടക്കുകയാണ്. ഇന്നലെ രാവിലെ ഒരുകൂട്ടം മാനുകള്‍ പുല്‍പ്പള്ളി ടൗണിലെത്തിയിരുന്നു. കാട്ടുതീയില്‍നിന്നു രക്ഷപ്പെടാന്‍ ഓടുന്നതിനിടയില്‍ ദിക്കറിയാതെയാണു വന്യമൃഗങ്ങല്‍ ടൗണുകളില്‍ എത്തിയത്.
കബനിനദി വറ്റിയതിനാല്‍ മൃഗങ്ങള്‍ക്കു കുടിവെള്ളവും ലഭിക്കാതായിട്ടുണ്ട്. തിങ്കളാഴ്ചയും മൈസൂര്‍ വനത്തില്‍ കാട്ടുതീ പടരുന്നതു തൊട്ടടുത്ത വയനാടന്‍ വനമേഖലക്കും ഭീഷണിയായിട്ടുണ്ട്.
വന്യജീവി സങ്കേതത്തില്‍ കാനന സവാരി നിരോധിക്കും
സുല്‍ത്താന്‍ബത്തേരി: കാട്ടുതീ ഭീഷണിയെ തുടര്‍ന്ന് വയനാട് വന്യജീവി സങ്കേതത്തിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം ഉടന്‍ നിര്‍ത്തലാക്കും. ഇതു സംബന്ധിച്ച് വയനാട് വൈല്‍ഡ് വാര്‍ഡന്‍ പി. ധനേഷ്‌കുമാര്‍ സി.സി.എഫിനു കത്ത് നല്‍കി.
ഈ മാസം 22 മുതല്‍ പ്രവേശനം നിരോധിക്കണമെന്നാണു കത്തില്‍ സൂചിപ്പിച്ചത്. കാട്ടുതീ ഭീഷണിയെ തുടര്‍ന്നാണ് ഈ വര്‍ഷം രണ്ടുമാസം മുന്‍പുതന്നെ വന്യജീവി സങ്കേതത്തിലേക്കുള്ള പ്രവേശനം നിരോധിക്കാന്‍ വനംവകുപ്പ് തയാറെടുക്കുന്നത്. പി. ധനേഷ്‌കുമാര്‍ ഇതു സംബന്ധിച്ച് സി.സി.എഫിന് കത്തുനല്‍കി.
കടുത്ത കാട്ടുതീ ഭീഷണിയാണു സങ്കേതം നേരിടുന്നത്. ഇതിനുപുറമെ വന്യജീവിസങ്കേതവുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവാ സംരക്ഷണകേന്ദ്രത്തില്‍ പടര്‍ന്നുപിടിച്ച കാട്ടുതീ വയനാട് വന്യജീവി സങ്കേതത്തിനും ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്കും മൃഗങ്ങള്‍ക്കും ഒരുപോലെ ഭീഷണി സൃഷ്ടിക്കുകയാണ്. അതിനാല്‍ 22 മുതല്‍ പ്രവേശനം നിരോധിക്കണമെന്നു കാണിച്ചാണ് കത്തയച്ചിരിക്കുന്നത്. പൊതുവെ കടുത്ത വേനല്‍ ആരംഭിക്കുന്ന മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യവാരമോ ആണു കാനന സവാരി നിരോധിക്കാറ്. വയനാട് വന്യജീവി സങ്കേതത്തില്‍ മുത്തങ്ങ, തോല്‍പ്പെട്ടി എന്നിവിടങ്ങളിലാണു കാനന സവാരിയുള്ളത്. ഈ വര്‍ഷം കാലവര്‍ഷം ദുര്‍ലഭമാവുകയും വേനല്‍മഴ ലഭിക്കാതെ വരികയും ചെയ്തതോടെ വനം വരണ്ടുണങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണു സഞ്ചാരികളുടെ പ്രവേശനം നേരത്തെ നിരോധിക്കാന്‍ കാരണമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."