മികവുപുലര്‍ത്താത്ത 37 എന്‍ജി. കോളജുകളോട് വിശദീകരണം തേടും
തിരുവനന്തപുരം: ഇക്കഴിഞ്ഞ അക്കാദമിക് ഓഡിറ്റിങ്ങില്‍ മികവുപുലര്‍ത്താത്ത 37 എന്‍ജിനിയറിങ് കോളജുകളോട് വിശദീകരണം തേടാന്‍ സാങ്കേതിക സര്‍വകലാശാല തീരുമാനിച്ചു. തീരെ മികവുപുലര്‍ത്താത്ത 10 കോളജുകളുടെ ഭൗതിക സാഹചര്യങ്ങള്‍ വൈസ് ചാന്‍സലറുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ട് പരിശോധിക്കും. അപര്യാപ്തതകള്‍ പരിഹരിച്ചില്ലെങ്കില്‍ ഈ കോളജുകളുടെ അഫിലിയേഷന്‍ പുനഃപരിശോധിക്കണമെന്നും സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ സിന്‍ഡിക്കേറ്റിനോട് ആവശ്യപ്പെട്ടു.
ജനുവരി മൂന്നാംവാരം ചേരുന്ന സിന്‍ഡിക്കറ്റ് യോഗം അക്കാദമിക് കൗണ്‍സിലിന്റെ ഈ നിര്‍ദേശങ്ങള്‍ പരിഗണിക്കും. എന്‍ജിനിയറിങ് കോളജുകളില്‍ പുതിയ കോഴ്‌സുകള്‍ക്ക് അനുമതി നല്‍കുന്നത് കര്‍ശന ഉപാധികളുടെ അടിസ്ഥാനത്തില്‍ മതിയെന്നും ശുപാര്‍ശയുണ്ട്. ചുരുങ്ങിയത് ഒരു കോഴ്‌സിനെങ്കിലും എന്‍.ബി.എ അക്രഡിറ്റേഷനുള്ള കോളജുകളുടെ അപേക്ഷകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. എം.ടെക് കോഴ്‌സുകളുടെ അനുമതിക്ക് അനുബന്ധ ബി.ടെക് കോഴ്‌സിന് അക്രഡിറ്റേഷന്‍ ഉണ്ടാകണം.
പുതിയ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കുന്ന കോളജുകള്‍ കഴിഞ്ഞ മൂന്നുവര്‍ഷക്കാലയളവില്‍ ശരാശരി 50 ശതമാനം സീറ്റുകളിലെങ്കിലും വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കണം. ഇതേ കാലയളവില്‍ ചുരുങ്ങിയത് 50 ശതമാനം വിജയവും ഉണ്ടാവണം. എ.ഐ.സി.ടി.ഇ അനുമതിക്ക് പുറമെ സംസ്ഥാന സര്‍ക്കാരിന്റെ നിരാക്ഷേപപത്രവും സമര്‍പ്പിക്കണം.
വ്യാവസായിക പ്രാധാന്യവും ജോലിസാധ്യതയുമുള്ള കോഴ്‌സുകള്‍ക്ക് മാത്രമേ അനുമതി നല്‍കുകയുള്ളൂ.
അക്കാദമിക് ഓഡിറ്റിങ് എന്‍.ബി.എ അക്രഡിറ്റേഷന്‍ മാതൃകയില്‍ നവീകരിക്കാനും അക്കാദമിക് കൗണ്‍സില്‍ നിര്‍ദേശിച്ചു. മുഴുവന്‍ എന്‍ജിനിയറിങ് കോളജുകള്‍ക്കും അക്രഡിറ്റേഷന്‍ ലഭിക്കാന്‍ പര്യാപ്തമായ രീതിയില്‍ അക്കാദമിക് ഓഡിറ്റിങ്ങിന്റെ ഘടന പുനക്രമീകരിക്കും.
എല്ലാ കോഴ്‌സുകളിലും വ്യാവസായിക പ്രാധാന്യമുള്ള നവീന വിഷയങ്ങള്‍ ഉള്‍പ്പെടുത്തും. ഇതിനായി പ്രോവൈസ് ചാന്‍സലര്‍ കണ്‍വീനറായി നാലംഗ അക്കാദമിക് സബ് കമ്മിറ്റി രൂപീകരിച്ചു. സിലബസ് നവീകരണത്തിനുള്ള കരിക്കുലം കമ്മിറ്റികളില്‍ അധ്യാപര്‍ക്കൊപ്പം വ്യാവസായികരംഗത്തെ സാങ്കേതിക വിദഗ്ധരെയും ഉള്‍പ്പെടുത്തും.
പുനര്‍മൂല്യനിര്‍ണയത്തിന് ശേഷവും അര്‍ഹതപ്പെട്ട മാര്‍ക്ക് ലഭിച്ചില്ലെന്ന പരാതികളുമായി വിദ്യാര്‍ഥികള്‍ വീണ്ടും യൂനിവേഴ്‌സിറ്റിയിലെത്തുന്ന സാഹചര്യമുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ നീതിപൂര്‍വമായ മൂല്യനിര്‍ണയം ഉറപ്പുവരുത്താന്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി വിദ്യാര്‍ഥികള്‍ക്ക് ഒരവസരം കൂടി നല്‍കുന്ന റിവ്യൂ സംവിധാനം ഏര്‍പ്പെടുത്താനും അക്കാദമിക് കൗണ്‍സില്‍ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."