ഗുരുദേവ സ്മാരകം നിര്‍മാണത്തിലെ വ്യത്യസ്ഥതകൊണ്ട് ശ്രദ്ധേയമാകുന്നു
കോവളം: ശ്രീനാരായണ ഗുരുദേവന്‍ പ്രതിഷ്ഠ നടത്തി തെക്കന്‍ പളനിയെന്ന് നാമധേയം നല്‍കിയ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന വാഴമുട്ടത്തെ കുന്നുംപാറയുടെ നെറുകയില്‍ പണിതുയര്‍ത്തിയ ഗുരുദേവ സ്മാരകം നിര്‍മാണത്തിലെ വ്യത്യസ്ഥതകൊണ്ട് ശ്രദ്ധേയമാകുന്നു. ഒര്‌കോടിയോളം രൂപ മുടക്കി നിര്‍മിച്ചതും ശ്രീ നാരായണ ഗുരുദേവ മഹാസമാധി നവതി സ്മാരക മന്ദിരം എന്ന് പേരിട്ടിട്ടുള്ളതുമായ കെട്ടിടം വെട്ടുകല്ലില്‍ തീര്‍ത്തെടുത്ത ചുമരുകളാലും പ്രകൃതിയുടെ പച്ചപ്പ് നിറഞ്ഞ പശ്ചാത്തലവും കൊണ്ട് നൈസര്‍ഗ്ഗിക സൗന്ദര്യം വഴിഞ്ഞൊഴുകുന്ന മനോഹര കാഴ്ചയാണ് പ്രദാനം ചെയ്യുന്നത്.
ചെലവു കുറഞ്ഞ രതിയിലുള്ള 7500 ഓളം സ്‌ക്വയര്‍ഫീറ്റുള്ള മന്ദിരം ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ നിരവധി ക്ഷേത്രങ്ങളിലെ ശില്പിയും ഗുരുദേവ ഭക്തനുമായ അങ്കമാലി വേലായുധന്റെ മേല്‍നോട്ടത്തിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.
കാസര്‍കോട് ജില്ലയിലെ പീലിക്കോട് പുലിക്കോടന്‍ വീട്ടില്‍ മധു മോഹനന്റെ നേതൃത്വത്തിലുള്ള പന്ത്രണ്ടുപേരുള്ള സംഘം ഒന്നര വര്‍ഷം കൊണ്ടാണ് മന്ദിര നിര്‍മാണം പൂര്‍ത്തിയാക്കിയത്. അകത്തേക്ക് പ്രവേശിക്കുമ്പോള്‍ നമ്മെ സ്വാഗതം ചെയ്യുന്നവിശാലമായ ലിവിംഗ് ഏരിയയോടൊപ്പം താഴെയും ഒന്നാം നിലയിലും അത്യാവശ്യ സൌകര്യങ്ങള്‍ ഉള്ള നാലുമുറികള്‍ വീതവും സജ്ജീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം ഒന്നാം നിലയില്‍ നിന്ന് കിഴക്കന്‍ ചക്രവാളത്തില്‍ ഉദിച്ച് ഉയരുന്ന സൂര്യനെ കാണാനും വെള്ളായണിക്കായലിന്റെ സൗന്ദര്യം ആസ്വദിക്കാനും പടിഞ്ഞാറന്‍ അറബിക്കടലിലേക്ക് താണിറങ്ങുന്ന സൂര്യാസ്തമനം കാണാനും കഴിയുമെന്ന പ്രത്യേകതയുമുണ്ട്. രണ്ടാം നില പൂര്‍ണമായും യോഗവിദ്യയ്ക്കായാണ് തയാറാക്കിയിരിക്കുന്നത്. ഗുരുദേവന്‍ തന്റെ തൃക്കരങ്ങളാല്‍ കുന്നുംപാറയില്‍ നട്ടുപിടിപ്പിച്ച തേക്ക്, പ്ലാവ് എന്നീ വൃക്ഷങ്ങളുടെ തടി ഉപയോഗിച്ച് നിര്‍മിച്ച കട്ടിളകളും വാതിലുകളുമാണ് കെട്ടിടത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ലാറ്ററൈറ്റ് എന്ന് ഇംഗ്ലീഷില്‍ വിളിക്കുന്നകായാന്തരിതശിലകളില്‍ നിന്നും വെട്ടിയെടുക്കുന്ന ചുവന്ന നിറമുള്ള ചെങ്കല്ല് (വെട്ടുകല്ല് )ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുള്ള ഭിത്തിക്ക് ഗ്രാമപ്രദേശങ്ങളില്‍ സുലഭമായി കാണുന്ന കുളിര്‍മാവ് മരത്തിന്റെ തൊലി ഉപയോഗിച്ചൊരുക്കിയ പോളിഷുപയോഗിച്ചാണ് മിഴിവ് നല്കിയിരിക്കുന്നത്.
നല്ല കറയുള്ള കുളിര്‍മാവിന്റെ തൊലി ദിവസങ്ങളോളം വെള്ളത്തില്‍ ഇട്ടുവച്ചാല്‍ നല്ല കൊഴുപ്പുവരും. ആ കൊഴുപ്പാണ് ഭിത്തി പോളിഷ് ചെയ്യാനായി ഉപയോഗിച്ചിരിക്കുന്നത്. നല്ല വെളിച്ചവും കാറ്റും യഥേഷ്ടം ലഭ്യമാകുന്ന മന്ദിരത്തില്‍ കുളിര്‍മ ഉറപ്പു വരുത്തുന്ന നിര്‍മാണ രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. ടെറാക്കോട്ട ബ്രാന്റില്‍ പെടുന്ന ഫ്‌ളോറിംഗ് ടൈലാണ് മറ്റൊരു പ്രത്യേകത. പ്രകൃതിക്കിണങ്ങുന്നതും മനസിന് കുളിര്‍മ്മ പകരുന്നതുമാകണം കെട്ടിടം എന്ന കുന്നുംപാറ ആശ്രമം സെക്രട്ടറി സ്വാമി ബോധി തീര്‍ത്ഥയുടെ ആഗ്രഹത്തിനോട് നീതിപുലര്‍ത്തിയാണ് മന്ദിര നിര്‍മ്മാണം യാഥാര്‍ത്ഥ്യമാക്കിയത് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗുരുദേവ ഭക്തര്‍ സംഭാവനയായി നല്കിയ 60 ലക്ഷത്തോളം രൂപയും ശിവഗിരിമഠം നല്കിയ 40 ലക്ഷം രൂപയുമാണ് മന്ദിര നിര്‍മിതിക്കായി വിനിയോഗിച്ചത്.
കുന്നുംപാറയുടെ നെറുകയില്‍ വശ്യമനോഹരമായി തല ഉയര്‍ത്തി നില്ക്കുന്ന ഗുരുദേവ മഹാസമാധി നവതി സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് സ്ഥാപക ദിനമായ ഈമാസം ഒന്‍പതിന് രാവിലെ 10ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."