ഒറ്റ റജിസ്ട്രേഷനിൽ രാജ്യത്തെവിടെയും ബിസിനസ് ചെയ്യാം; വൻ പ്രഖ്യാപനവുമായി സഊദി അറേബ്യ
റിയാദ്:രാജ്യത്തെ വ്യാപാര മേഖലയെ അടിമുടി മാറ്റാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്ന വമ്പൻ പ്രഖ്യാപനവുമായി സഊദി വ്യവസായ വാണിജ്യ മന്ത്രാലയം. വ്യാപാരികൾക്കും വ്യവസായികൾക്കും സഊദി അറേബ്യയിൽ എവിടെയും ഏത് ബിസിനസ് നടത്താനും ഒരൊറ്റ കൊമേഴ്സ്യൽ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (സി.ആർ) മതിയെന്നാണ് സഊദിയുടെ പുതിയ പ്രഖ്യാപനം. നിലവിൽ ഓരോ പ്രവിശ്യയ്ക്കും ഓരോ ലൈസൻസ് വേണമെന്നായിരുന്നു നിയമം. വിവിധ പ്രവിശ്യകളെ കേന്ദ്രീകരിച്ച് എടുത്ത എല്ലാ ഉപ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും കാൻസൽ ചെയ്യാനോ അല്ലെങ്കിൽ ഉടമസ്‌ഥാവകാശം മാറ്റാനോ ഉടമകൾക്ക് അഞ്ച് വർഷത്തെ സാവകാശം മന്ത്രാലയം നൽക്കുന്നു.
സഊദിയിലെ വിവിധ പ്രവിശ്യകളിലും നഗരങ്ങളിലും സ്ഥാപനങ്ങൾ തുറക്കണമെങ്കിൽ വാണിജ്യമന്ത്രാലയത്തിൽ നിന്ന് പ്രത്യേക റജിസ്ട്രേഷൻ ആവശ്യമായിരുന്നു. ഇതുകാരണം ഒരേ പേരിലുള്ള സ്ഥാപനത്തിന് വിവിധ കൊമേഴ്സ്യൽ റജിസ്ട്രേഷനുകൾ എടുക്കേണ്ടതുണ്ടായിരുന്നു. ഇനി മുതൽ ലഭിക്കുന്ന റജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളിൽ സഊദി അറേബ്യ എന്ന് മാത്രമേ രേഖപ്പെടുത്തു. നഗരങ്ങളുടെയോ പ്രവിശ്യകളുടെയോ പേരുകൾ ഉണ്ടാവില്ല. നിലവിലെ മാർ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നിലനിർത്തി, മറ്റു ബ്രാഞ്ച് റജിസ്ട്രേഷനുകൾ കാൻസൽ ചെയ്യണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
പ്രത്യേക ബിസിനസിന് പ്രത്യേക റജിസ്ട്രേഷൻ എന്ന നിബന്ധനയും പിൻവലിച്ചിട്ടുണ്ട്. ഇതുവരെ അഞ്ച് വർഷം വരെ പണം നൽകി പുതുക്കാവുന്ന കൊമേഴ്സ്യൽ റജിസ്ട്രേഷനാണ് ഉണ്ടായിരുന്നത്. പുതിയ കൊമേഴ്സ്യൽ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന് പ്രത്യേക കാലാവധി ഇല്ലെന്നതാണ് മറ്റൊരു പ്രത്യേകത. പകരം എല്ലാ വർഷവും വിവരങ്ങൾ അപ്ഡേറ്റ് ചെയ്താൽ മാത്രം മതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."