കാട്ടുതീ; മരുഭൂമിയായി മൈസൂര്‍ വനം
പുല്‍പ്പള്ളി: കഴിഞ്ഞ നാലുദിവസങ്ങളായി തുടരുന്ന കാട്ടുതീയില്‍ മൈസൂര്‍ വനം ഏതാണ്ട് പൂര്‍ണമായി കത്തിയമര്‍ന്നു.
തീയണക്കുന്നതിന് കര്‍ണാടകയിലെ വനംവകുപ്പ്, ഫയര്‍ഫോഴ്‌സ് എന്നിവര്‍ക്കു പുറമെ വയനാട്ടില്‍നിന്നുള്ള രണ്ട് യൂനിറ്റ് ഫയര്‍ഫോഴ്‌സുകാരും വനപാലകരും കഠിനപ്രയത്‌നം നടത്തിയിട്ടും തീയണക്കുവാന്‍ കഴിഞ്ഞില്ല. ചൊവ്വാഴ്ചമാത്രം രണ്ടായിരം ഹെക്ടറോളം വനമാണ് ഇവിടെ കത്തിനശിച്ചത്.
മൈസൂര്‍ വനമേഖലയിലെ ബേഗൂര്‍റേഞ്ച് അടക്കമുള്ള പ്രദേശങ്ങളില്‍ ചൊവ്വാഴ്ച വീണ്ടും തുടങ്ങിയ കാട്ടുതീ ഈ അവസ്ഥയില്‍ തുടര്‍ന്നാല്‍ ഇന്നോ, നാളെയോ വയനാടന്‍ വനങ്ങളിലേക്ക് പടരും. കര്‍ണാടക അധികൃതര്‍ തീയണക്കാനാവാതെ നിസഹായാവസ്ഥയിലാണ്.
വയനാട്ടില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് ചെകിടള്ളി, എന്‍ബേഗൂര്‍, കമല സര്‍ക്കിള്‍, ടൈഗര്‍റോഡ് എന്നിവിടങ്ങളില്‍ തീയണക്കുവാന്‍ ഇന്നലെ ശ്രമിച്ചു. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും ജില്ലാ ഫയര്‍ ഓഫിസര്‍ വി.കെ ഋത്തിജ്, കല്‍പ്പറ്റ സ്റ്റേഷന്‍ ഓഫിസര്‍ പി.വി വിശ്വാസ് എന്നിവരുടെ നേതൃത്വത്തിലും മാനന്തവാടിയില്‍ നിന്നും രമേശന്റെ നേതൃത്വത്തിലുമെത്തിയ സംഘവും രണ്ടായി പിരിഞ്ഞ് കാട്ടുതീയണയ്ക്കുവാനുള്ള പ്രയത്‌നത്തിലാണ്.
കര്‍ണാടകയിലെ എന്‍ബേഗൂര്‍ റേഞ്ചര്‍ ശിവകുമാറിന്റെ നേതൃത്വത്തില്‍ വന്‍സംഘമാണ് കാട്ടുതീയണയ്ക്കുവാനായി രംഗത്തുള്ളത്. എന്നാല്‍ വനംമുഴുവന്‍ ഉണങ്ങി കരിഞ്ഞ് കിടക്കുന്നതിനാല്‍ വനത്തിന്റെ ഒരു ഭാഗത്ത് തീയണക്കുമ്പോഴേയ്ക്കും മറുഭാഗത്ത് തീ പടര്‍ന്നു പിടിക്കുകയാണ്.
വനത്തിലെ കുളങ്ങളും തോടുകളും വറ്റിവരണ്ട് കിടക്കുന്നതിനാല്‍ തീയണയ്ക്കുന്നതിനാവശ്യത്തിന് വെള്ളം കിട്ടാനും ബുദ്ധിമുട്ടായിരിക്കുകയാണ്. കാട്ടുതീ നാലുവശവും പടര്‍ന്ന് പിടിക്കുന്നതിനാല്‍ തീയണയ്ക്കുന്നത് തീര്‍ത്തും അസാദ്ധ്യമായ സാഹചര്യത്തില്‍ വയനാട്ടില്‍നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം ചൊവ്വാഴ്ച വൈകുന്നേരത്തോടെ വനത്തിന് പുറത്തേക്ക് കടന്നു. ഇന്ന് വീണ്ടും സാധ്യമാവുംവിധം തീയണയ്ക്കുവാന്‍ ശ്രമിക്കുമെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."