കലാകിരീടം പയ്യന്നൂരിന്
പൊവ്വല്‍: കണ്ണൂര്‍ സര്‍വകലാശാല യൂനിയന്‍ കലോത്സവത്തില്‍ പയ്യന്നൂര്‍ കോളജിനു കിരീടം. ഇന്നലെ പുലര്‍ച്ചെയാണ് എല്‍.ബി.എസ് എന്‍ജിനിയറിങ് കോളജില്‍ കലോത്സവത്തിനു തിരശീല വീണത്. അവസാന ഇനമായ മലയാളം നാടകത്തിന്റെ ഫലപ്രഖ്യാപനം വരെ നീണ്ട ആകാംക്ഷയ്‌ക്കൊടുവിലാണ് 232 പോയിന്റുമായി പയ്യന്നൂര്‍ തുടര്‍ച്ചയായ ആറാം കിരീടനേട്ടം സ്വന്തമാക്കിയത്.
പയ്യന്നൂരിനിത് പതിനഞ്ചാം കിരീടനേട്ടമാണ്. കിരീടത്തി നായി ഇഞ്ചോടിഞ്ച് പോരാടിയ കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിന് 216 പോയിന്റ് ലഭിച്ചു. 142 പോയിന്റ് നേടി തലശേരി ബ്രണ്ണന്‍ കോളജ് മൂന്നാം സ്ഥാനത്തെത്തി. സ്റ്റേജിതര മത്സരങ്ങളില്‍ 111 പോയിന്റ് നേടി പയ്യന്നൂര്‍ കോളജ് ചാംപ്യന്മാരായി. സ്റ്റേജിനങ്ങളില്‍ 154 പോയിന്റ് നേടി നെഹ്‌റു കോളജ് ചാംപ്യന്മാരായി.
സംഗീതോത്സവത്തില്‍ 84പോയിന്റ് നേടിയ നെഹ്‌റു കോളജിനാണു വിജയം. നൃത്തോത്സവത്തില്‍ 50 പോയിന്റ് നേടി തലശേരി ബ്രണ്ണന്‍ വിജയികളായി. ബ്രണ്ണന്‍ കോളജിലെ പി അനശ്വര 32 പോയന്റോടെ നൃത്ത പ്രതിഭയായി. നെഹ്‌റു കോളജിലെ വി പ്രണവ് 26 പോയിന്റ് നേടി സംഗീത പ്രതിഭയായി. ദൃശ്യ നാടകോത്സവത്തില്‍ പയ്യന്നൂര്‍ കോളജ് 40 പോയിന്റ് നേടി ജേതാക്കളായി. പയ്യന്നൂര്‍ കോളജിലെ പ്രദീപിനെ മികച്ച നടനായും നെഹ്‌റു കോളജിലെ ആതിര ലക്ഷ്മണന്‍ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. മുന്നാട് പിപ്പിള്‍സ് കോളജിലെ സി സതീഷ് 14 പോയിന്റ് നേടി ദൃശ്യനാടക പ്രതിഭയായി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സര്‍വകലാശാല പ്രതിഭയായി നെഹ്‌റു കോളജിലെ വി പ്രണവിനെ തെരഞ്ഞെടുത്തു. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ബ്രണ്ണന്‍ കോളേജിലെ പി അനശ്വരയും പാലയാട് കാംപസിലെ ജിനാന്‍ അഷ്‌റഫും പ്രതിഭാ പട്ടം പങ്കിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."