വേദി മാറ്റണമെന്ന് താലിബാന്
കാബൂള്‍: അഫ്ഗാനിസ്താനിലെ ആക്രമണങ്ങള്‍ക്ക് അറുതിവരുത്തുകയെന്ന ലക്ഷ്യത്തോടെ നടക്കാനിരിക്കുന്ന സമാധാന ചര്‍ച്ചയുടെ വേദി മാറ്റണമെന്ന ആവശ്യവുമായി താലിബാന് രംഗത്ത്. ഈ മാസം സഊദി അറേബ്യയില്വച്ച് അമേരിക്ക-താലിബാന് സമാധാന ചര്‍ച്ച നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ചര്‍ച്ചയുടെ വേദി സഊദിയില്‍നിന്ന് മാറ്റണമെന്നും അല്ലെങ്കില്‍ തങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കില്ലെന്നുമാണ് താലിബാന് വ്യക്തമാക്കിയിരിക്കുന്നത്.
സഊദിക്കു പകരം ഖത്തറില്‍വച്ച് ചര്‍ച്ച നടത്തണമെന്നാണ് താലിബാന്റെ ആവശ്യം. താലിബാനുമായി നടക്കുന്ന സമാധാന ചര്‍ച്ചകളുടെ നാലാമത്തെ സിറ്റിങ്ങാണ് സഊദിയില്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. ഈ വര്‍ഷത്തോടെ അഫ്ഗാനില്‍നിന്നു വിദേശ സൈന്യത്തെ പിന്‍വലിച്ച് രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചര്‍ച്ചകള്‍ നടക്കുന്നത്.
കഴിഞ്ഞമാസം അബൂദബിയിലും ഇതുസംബന്ധിച്ച് ഇരുവിഭാഗവും ചര്‍ച്ച നടത്തിയിരുന്നു. അമേരിക്കയുമായി ചര്‍ച്ച നടത്തുന്നതില്‍ വിരോധമില്ലെന്നും എന്നാല്‍ അഫ്ഗാനിലെ സര്‍ക്കാരുമായി സഊദിയും യു.എ.ഇയും ചര്‍ച്ചക്ക് നിര്‍ബന്ധിക്കുന്നത് അംഗീകരിക്കാനാകില്ലെന്നുമാണ് താലിബാന് വ്യക്തമാക്കുന്നത്. താലിബാന്റെ പ്രസ്താവനയോട് അമേരിക്ക പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."