ഹര്‍ത്താല്‍മുക്ത കേരളം എന്നു സാധ്യമാവും
അന്‍സിഫ് കാളികാവ്#
ഹര്‍ത്താലുകളുടെ തുടര്‍ക്കഥയാണു കേരളത്തില്‍ ഈയിടെ കാണുന്നത്. ജനജീവിതം ദുസ്സഹമാക്കുന്ന, പൊതുസമൂഹത്തിന്റെ സമ്പത്ത് നശിപ്പിക്കുന്ന ഹര്‍ത്താലിനു പിന്നിലെ തെമ്മാടിത്തരങ്ങള്‍ കണ്ട് ഹര്‍ത്താല്‍ മുക്തകേരളം എന്നെങ്കിലും വന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നവരാണു കേരളീയര്‍. അത്ര ഭീകരമായിരിക്കുന്നു ഈ സമരാഭാസം.
പ്രതിഷേധമായോ, ദുഃഖസൂചകമായോ വ്യാപാരസ്ഥാപനങ്ങളും തൊഴില്‍സ്ഥാപനങ്ങളും അടച്ചിടുന്നതിനെയാണ് സാങ്കേതികാര്‍ഥത്തില്‍ ഹര്‍ത്താലെന്നു വിളിക്കുന്നത്. എല്ലാം അടച്ചിടുകയെന്നോ എല്ലായ്‌പ്പോഴും അടച്ചിടുകയെന്നോ ആണ് ഹര്‍ത്താല്‍ എന്ന ഗുജറാത്തി പദത്തിന്റെ സാരം.
മിന്റോ മോര്‍ളി ഭരണപരിഷ്‌കാരത്തിന്റെ ബാക്കിപത്രമെന്നോണം ബംഗാള്‍ വിഭജനം നടത്തിയതിനെ തുടര്‍ന്ന് 1905 ഒക്ടോബര്‍ 16 നാണ് ഇന്ത്യയില്‍ ആദ്യ ഹര്‍ത്താല്‍ സംഘടിപ്പിച്ചത്. രാഷ്ട്രപിതാവ് ഗാന്ധിജി ഈ മാര്‍ഗമുപയോഗിച്ചു സമരം നടത്തിയിട്ടുണ്ട്. പില്‍ക്കാലത്ത് ഹര്‍ത്താല്‍ ജനകീയസമരമുറയായി രൂപാന്തരം പ്രാപിച്ചു. ഹര്‍ത്താലെന്ന സാങ്കേതികാശയത്തിനു തകരാറൊന്നുമില്ലെന്ന് ഇതില്‍നിന്നു വ്യക്തം.
ഇനി വര്‍ത്തമാന സാഹചര്യം പരിശോധിക്കാം, കഴിഞ്ഞവര്‍ഷം തൊണ്ണൂറ്റിയേഴ് ഹര്‍ത്താലുകളാണു കേരളത്തിലുണ്ടായത്. എന്തുകൊണ്ട് ഇങ്ങനെയെല്ലാം എന്ന ചോദ്യം പ്രസക്തം. രാഷ്ട്രീയപ്പാര്‍ട്ടികള്‍ ശക്തിപ്രദര്‍ശനത്തിനുള്ള മാര്‍ഗമായി ബന്ദ് കൊണ്ടാടിയപ്പോള്‍ ജനജീവിതം ദുസ്സഹമായി. ഈ പശ്ചാത്തലത്തില്‍ ഭരത്കുമാര്‍ എന്ന വ്യക്തി കേരള ഹൈക്കോടതിയില്‍ ബന്ദിനെതിരേ ഹര്‍ജി സമര്‍പ്പിച്ചു. ജസ്റ്റിസ്റ്റുമാരായ കെ.ജി ബാലകൃഷ്ണന്‍, പി.കെ ബാലസുബ്രഹ്മണ്യന്‍, ജെ.ബി കോശി എന്നിവരുള്‍പ്പെട്ട ഫുള്‍ ബെഞ്ച് 1997 ല്‍ ബന്ദ് നിരോധിച്ചു.
സര്‍ക്കാറിനും പൊതുജനങ്ങള്‍ക്കുമുണ്ടാകുന്ന നഷ്ടം നികത്താന്‍ ബന്ദ് നടത്തുന്നവരെ ബാധ്യസ്ഥരാക്കി. അപ്രകാരം തന്നെ ബന്ദിനെ ഭരണഘടനാ വിരുദ്ധവുമാക്കി. ശേഷം 2009 ല്‍ സുപ്രിംകോടതിയും ബന്ദ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറക്കി.
എന്നാല്‍ പഴയവീഞ്ഞ് പുതിയ തോല്‍ക്കുടത്തിലാക്കുന്നപോലെ രാഷ്ട്രീയക്കാര്‍ ഹര്‍ത്താലിനെ ബന്ദിന്റെ ബദലാക്കി ഉപയോഗിച്ചു തുടങ്ങി. ജനകീയസമരമെന്ന മുദ്രാവാക്യം ഉയര്‍ത്തുമ്പോഴും ജനജീവിതം സ്തംഭിപ്പിക്കുന്ന പേക്കൂത്തുകള്‍ക്കു കേരളം മൂകസാക്ഷിയായി. വന്‍കിട പാര്‍ട്ടികള്‍ മുതല്‍ അംഗസംഖ്യ തുലോം കുറവായ ചെറിയ പാര്‍ട്ടികള്‍ വരെ നടത്തുന്ന ഹര്‍ത്താലുകള്‍ പോലും കേരളത്തില്‍ 'വിജയിക്കു'കയാണ്.
ഹര്‍ത്താല്‍ ആഹ്വാനത്തോടു ജനം സ്വമേധയാ പങ്കുചേരുകയെന്നതാണ് അതു വിഭാവനം ചെയ്യുന്ന ജനാധിപത്യരീതി. ഇന്നങ്ങനെയല്ല, ഭയചകിതരായി ഹര്‍ത്താലില്‍ പങ്കെടുക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാവുന്ന കാഴ്ചയാണിവിടെ. ഇങ്ങനെ വരുമ്പോള്‍ ഹര്‍ത്താല്‍ ഭരണഘടനാപരമാണെന്ന സുപ്രിംകോടതി വിധിക്കു സാങ്കേതിക നിലനില്‍പ്പ് മാത്രമേയുള്ളൂവെന്നു കാണാം.
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 പൗരന്മാര്‍ക്കു രാജ്യത്തെവിടെയും സഞ്ചരിക്കുന്നതിനും സംഘടിക്കുന്നതിനും തൊഴിലിടങ്ങളില്‍ ജോലി ചെയ്യുന്നതിനുമുള്ള അവകാശം നല്‍കുന്നു. ഈ അവകാശങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റമായല്ലാതെ ഹര്‍ത്താലിനെ പുതിയ സാഹചര്യത്തില്‍ വായിക്കാനാവില്ല.
പ്രൈമറിതലം മുതല്‍ സര്‍വകലാശാല തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാതെ വരുമ്പോള്‍ വിദ്യാഭ്യാസത്തിനുള്ള പൗരന്റ മൗലികാവകാശമാണു ധ്വംസിക്കപ്പെടുന്നത്. രാജ്യത്തെ മഹാഭൂരിപക്ഷവും ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരാണ്. ഒരു ദിവസം ഹര്‍ത്താല്‍ വരുമ്പോള്‍ ദിവസ വേതനം ലഭിക്കാതെ പട്ടിണി കിടക്കേണ്ടിവരുന്നവരുടെ നിലവിളികള്‍ സര്‍ക്കാര്‍ കാണാതിരുന്നുകൂടാ. രാജ്യാന്തരതലത്തിലുള്ള പരീക്ഷകള്‍ പോലും മാറ്റിവയ്‌ക്കേണ്ടി വരുന്നു, ഇതുമൂലം മൂല്യനിര്‍ണയവും, ഫലപ്രഖ്യാപനവും വൈകുന്നതും പൗരന്മാരുടെ അവകാശങ്ങളെ പച്ചയായി ലംഘിക്കുകതന്നെയാണ്. ഇക്കാരണത്താല്‍ തൊഴില്‍നഷ്ടപ്പെട്ടവരുടെ എണ്ണവും കുറവല്ല.
ടൂറിസം മേഖലയെ ഹര്‍ത്താല്‍ കാര്യമായി ബാധിക്കുന്നുണ്ട്. ഇതുവഴി സര്‍ക്കാരിലേയ്ക്കുള്ള വരുമാനം കുറയുന്നതും ഗൗരവമായെടുക്കണം. ദീര്‍ഘയാത്രകള്‍ കഴിഞ്ഞു വരുന്നവര്‍ കേരളത്തിലെത്തുമ്പോള്‍ ഹര്‍ത്താലാണെന്ന് അറിയുന്ന രംഗം അത്ര രസകരമായിരിക്കില്ല. മറുവശത്ത് ഒരുപാടുപേരുടെ യാത്രകള്‍ മുടങ്ങുന്നു. ഹര്‍ത്താല്‍ കാരണം വിവാഹം പോലും മുടങ്ങിപ്പോയ സംഭവങ്ങള്‍ കേരളത്തിലുണ്ടായി. ആശുപത്രി യാത്രകളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഇനിയും അധികാരികളുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന മട്ടിലാണ്. കൊല്ലം ചവറയില്‍ ഹര്‍ത്താല്‍ ദിവസം കുഴഞ്ഞുവീണ കെട്ടിടനിര്‍മാണതൊഴിലാളി വാഹനം ലഭിക്കാത്തതിനാല്‍ ചികിത്സ കിട്ടാതെ മരിച്ചത് വലിയ വാര്‍ത്തയായിട്ടില്ലെങ്കിലും സംഭവത്തിന്റെ പ്രത്യാഘാതം വളരെ വലുതാണ്.
ഇത്തരം ദുരന്താനുഭവങ്ങള്‍ അരങ്ങേറിയിട്ടു പോലും പ്രകടമായ നിയമലംഘനം കണ്‍മുന്നില്‍ കാണുമ്പോഴും മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്ക് അതിനെതിരേ ഒന്നും ചെയ്യാന്‍ സാധിക്കാതെ വരുന്നത് അപമാനകരമാണ്. നിയമപാലകരുടെ എണ്ണം വര്‍ഷന്തോറും വര്‍ധിക്കുന്നുണ്ട്. പ്രക്ഷോഭകര്‍ക്കെതിരേ ലാത്തി വീശാനല്ലാതെ ഹര്‍ത്താലിനെ ജനാധിപത്യപരമാക്കാന്‍ ഈ എണ്ണക്കൂടുതല്‍ സഹായിക്കുന്നില്ല.
ഹര്‍ത്താലുകള്‍ മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടമാണ് മറ്റൊരു പ്രധാന വസ്തുത. 2,520 കോടി പ്രതിമാസ ശമ്പളചെലവ് സര്‍ക്കാരിനു വരുമ്പോള്‍, ഹര്‍ത്താലുകള്‍ മൂലം ഓഫിസുകള്‍ പ്രവര്‍ത്തിക്കാതെ, ജീവനക്കാര്‍ക്കു ശമ്പളം ശമ്പളം നല്‍കേണ്ട വകയില്‍ 84 കോടി ഒരു ദിവസംകൊണ്ടു സര്‍ക്കാരിനു നഷ്ടമുണ്ടാകുന്നു. ഈ വര്‍ഷം നികുതി വരുമാനം 46,795 കോടിയായിരുന്നു ലക്ഷ്യമെങ്കിലും ഒരു ദിവസം കൊണ്ട് 128 കോടി നഷ്ടം വന്നു. കെ.എസ്.ആര്‍.ടി.സിക്കും വരുമാനം വന്‍തോതില്‍ കുറഞ്ഞു. ഒരു ദിവസത്തെ ഹര്‍ത്താല്‍ മൂലം ഏകദേശം 2,000 കോടി രൂപയുടെ നഷ്ടമാണ് കേരള സര്‍ക്കാരിനുണ്ടായത്. സംസ്ഥാനത്തിന്റെ സാമ്പത്തികമേഖലയെ പ്രതിസന്ധിയിലാക്കുവാന്‍ ഇത്തരം ഹര്‍ത്താലുകള്‍ക്കു വലിയ പങ്കുണ്ട്.
ഭരണാധികാരികള്‍ കണ്ണടച്ച് ഇരുട്ടാക്കുന്നതും ജനങ്ങളുടെ നിലവിലുള്ള ഭീതിയും തന്നെയാണു രാഷ്ട്രീയപാര്‍ട്ടികള്‍ മുതലെടുക്കുന്നത്. നിസാരമായ കാര്യങ്ങള്‍ക്ക് പോലും ഹര്‍ത്താലിന് ആഹ്വാനം നല്‍കുന്നു. ജനജീവിതം സ്തംഭിച്ചാലേ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ജനങ്ങള്‍ അറിയൂ എന്ന മൗഢ്യധാരണ രാഷ്ട്രീയപാര്‍ട്ടികള്‍ ഇനിയെങ്കിലും മാറ്റിയെടുക്കണം. ഹര്‍ത്താല്‍ നടത്തുവാനുള്ള ഭരണഘടന നിര്‍ദേശങ്ങള്‍ തന്നെയുണ്ട്. ഹര്‍ത്താല്‍ നടത്തുന്നതിന് മൂന്നു ദിവസം മുന്‍പ് മാധ്യമങ്ങള്‍ വഴി അത് അറിയിച്ചിരിക്കണം അക്രമ സാധ്യതയുണ്ടെന്ന് ബോധ്യമായാല്‍ അത് തടയാന്‍ ഗവണ്‍മെന്റിന് അധികാരമുണ്ടായിരിക്കും.
ബലംപ്രയോഗിച്ച് സ്ഥാപനങ്ങള്‍ അടപ്പിക്കുന്നതും പൗരന്മാരെ ഭീഷണിപ്പെടുത്തുന്നതും കുറ്റകരമാണ്. ആറുമാസം വരെ തടവും 10,000 രൂപ വരെ പിഴയും അല്ലെങ്കില്‍ രണ്ടും കൂടിയോ ഇതിനു ശിക്ഷ ലഭിക്കാവുന്നതാണ്. ഹര്‍ത്താല്‍ സംഘടിപ്പിക്കുന്നവര്‍ ജീവനും സ്വത്തിനുമുള്ള നഷ്ടപരിഹാരം എന്നനിലയില്‍ ഒരു നിശ്ചിത തുക കെട്ടിവയ്ക്കണം, പൊതുസ്ഥാപനങ്ങള്‍, സര്‍വിസുകള്‍, ധര്‍മസ്ഥാപനങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ മുതലായവയുടെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തരുത്, കൂടാതെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടാകാതെ നോക്കാനുള്ള പൂര്‍ണ്ണമായ ഉത്തരവാദിത്വവും ഹര്‍ത്താല്‍ സംഘടിപ്പിക്കുന്നവര്‍ക്കായിരിക്കും. ഹര്‍ത്താല്‍ ദിനത്തില്‍ പൗരന്‍മാര്‍ക്ക് ഭരണഘടന പ്രധാനമായും നാലു പ്രധാനാവകാശങ്ങള്‍ വിഭാവനം ചെയ്യുന്നു,
1 സഞ്ചാരസ്വാതന്ത്ര്യം
2 തൊഴില്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം
3 യാത്രാമധ്യേ ഹര്‍ത്താലനുകൂലികള്‍ തടഞ്ഞാല്‍ പൊലിസില്‍ പരാതിപ്പെടാനുള്ള അവകാശം
4 നാശനഷ്ടങ്ങള്‍ക്കു പൊലിസില്‍ പരാതിപ്പെടാനുള്ള അവകാശം എന്നിവയാണവ
അപ്രകാരംതന്നെ ഹര്‍ത്താല്‍ സംഘടിപ്പിക്കുന്നവര്‍ക്കുള്ള നാലു നിര്‍ദ്ദേശങ്ങളും ഭരണഘടന മുന്നോട്ടുവെയ്ക്കുന്നു
1 ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തുന്നില്ലെന്ന് ഉറപ്പുവരുത്തണം
2 ജോലിസ്ഥലങ്ങളില്‍ പോകാനും തൊഴില്‍ ചെയ്യാനും തയാറാകുന്നവരെ തടസപ്പെടുത്തരുത്
3 ഭരണഘടന നല്‍കിയിരിക്കുന്ന പൗരന്മാരുടെ അവകാശങ്ങളില്‍ ഇടപെടരുത്
4 ഒരാളെപോലും നിര്‍ബന്ധിച്ചു ഹര്‍ത്താലില്‍ പങ്കെടുപ്പിക്കുകയോ, പങ്കെടുക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്യരുത്
ഈ നിയമങ്ങളും നിര്‍ദേശങ്ങളും അനുസരിച്ചുള്ള ഹര്‍ത്താല്‍ ഉണ്ടാവുമെന്നു പകല്‍കിനാവു പോലും കാണാന്‍ പറ്റാത്ത തരത്തില്‍ ഇന്ന് ഹര്‍ത്താലുകള്‍ പരിണമിച്ചിരിക്കുന്നു.
പൊതുവായ പ്രശ്‌നങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തുവാന്‍ ഹര്‍ത്താലുള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ക്ക് ഭരണഘടന തന്നെ സാധുത നല്‍കുന്നുണ്ട്, എന്നിരിക്കെ ആരെ കാണിക്കാനാണ് ഈ കാട്ടിക്കൂട്ടലുകള്‍. നിര്‍ബാധം തുടരുന്ന ഈ നിയമലംഘനത്തിനെതിരേ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണം. സെ നോ ടു ഹര്‍ത്താല്‍ പോലുള്ള സംഘടനകള്‍ ഹര്‍ത്താലുകള്‍ക്കെതിരേ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഹര്‍ത്താല്‍ പാടേ ഉപേക്ഷിക്കണമെന്നു ഭരണഘടനയ്ക്കു നിര്‍ബന്ധമില്ല. അതിനെ ജനാധിപത്യവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്കാണ് ഭരണഘടന പ്രധാനമായും പ്രാധാന്യം നല്‍കുന്നത്.
അധികാരഗര്‍വിന്റെ, രാഷ്ട്രീയ കോയ്മയുടെ ബലത്തില്‍ സമൂഹത്തിന്റെ അടിവേരു മാന്തുന്ന ഹര്‍ത്താലുകള്‍ നീക്കം ചെയ്യുവാന്‍ പൊതുജന പങ്കാളിത്ത പ്രവര്‍ത്തനങ്ങളേ ഫലം ചെയ്യൂ. ആ ദിശയില്‍ ഏറെ പ്രതീക്ഷാ നിര്‍ഭരമാണ് ഈ ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."