മുക്കം ഇരട്ടക്കൊല; പ്രതി ബിര്‍ജുവിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി
കൃത്യം നടത്തിയ വീട്ടില്‍ ഭാവവ്യത്യാസമില്ലാതെ പ്രതി
മാതാവിനെ കൊലപ്പെടുത്തിയത് കഴുത്തില്‍ തോര്‍ത്ത് മുറുക്കി
മുക്കം: സ്വത്തിനുവേണ്ടി മാതാവിനെയും മാതാവിനെ കൊല്ലാന്‍ സഹായിച്ച വാടകക്കൊലയാളിയേയും കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കൃത്യം നടത്തിയ വീട്ടിലെത്തിച്ച് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തി. പ്രതി മുക്കം വെസ്റ്റ് മണാശ്ശേരി സൗപര്‍ണികയില്‍ ബിര്‍ജു (53) വിനെയാണ് രണ്ട് കൊലപാതകങ്ങളും നടത്തിയ വെസ്റ്റ് മണാശ്ശേരിയിലെ വീട്ടിലെത്തിച്ച് തെളിവെടുത്തത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബിനോയിയുടേയും വിരലടയാള വിദഗ്ധരുടെയും നേതൃത്വത്തില്‍ ഇന്നലെ രാവിലെ 11.30 ന് ആരംഭിച്ച തെളിവെടുപ്പ് വൈകുന്നേരം വരെ നീണ്ടു. രണ്ട് കൊലപാതകങ്ങളും നടന്നത് ഈ വീട്ടിലായതിനാല്‍ വളരെ വിശദമായി തന്നെ ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തുകയായിരുന്നു.
യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് ബിര്‍ജു തെളിവെടുപ്പുമായി സഹകരിച്ചത്. അമ്മ ജയവല്ലിയേയും അമ്മയെ കൊല്ലാന്‍ സഹായിച്ച കൊലയാളി മലപ്പുറം വണ്ടൂര്‍ പുതിയോത്ത് ഇസ്മാഈലിനെയും കൊലപ്പെടുത്തിയ രീതി പ്രതി അന്വേഷണ സംഘത്തോട് വിശദീകരിച്ചു.
മാതാവിനെ ഇസ്മാഈലിന്റെ സഹായത്തോടെ തോര്‍ത്ത് മുണ്ട് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം സാരിയില്‍ കെട്ടി തൂക്കുകയായിരുന്നു. 2016 മാര്‍ച്ച് അഞ്ചിനാണ് സംഭവം നടന്നത്. ഇതിന്റെ ക്വട്ടേഷന്‍ തുക ചോദിച്ചതിനാണ് ഇസ്മാഈലിനെ കൊലപ്പെടുത്തിയതെന്ന് പ്രതി വിശദീകരിച്ചു. പണം നല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തി മദ്യം നല്‍കിയ ശേഷം കഴുത്തില്‍ കയറ് മുറുക്കിയാണ് ഇസ്മാഈലിനെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് മൃതദേഹം കഷണങ്ങളാക്കി കവറില്‍ പൊതിഞ്ഞ് വീട്ടില്‍ നിന്നും നാല് കിലോമീറ്റര്‍ അകലെയുള്ള അഗസ്ത്യന്‍മുഴി പാലത്തില്‍ നിന്നും ഇരുവഴിഞ്ഞിപുഴയിലും കാരശ്ശേരി പഞ്ചായത്തിലെ ഗേറ്റുംപടിയിലും തള്ളുകയായിരുന്നുവെന്നും പ്രതി പൊലിസിനോട് വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."