അറിയിപ്പോ, സൂചനാ ബോര്‍ഡോ ഇല്ല; സ്‌കൂള്‍ പരിസരത്തെ ഹമ്പില്‍ തടഞ്ഞ് വാഹനങ്ങള്‍
കുറ്റ്യാടി: അറിയിപ്പോ സൂചനാ ബോര്‍ഡോ ഇല്ലാത്തതിനാല്‍ സ്‌കൂള്‍ പരിസരത്തെ ഹമ്പ് അപകടഭീതി ഉയര്‍ത്തുന്നു. കുറ്റ്യാടി വയനാട് സംസ്ഥാന പാതയില്‍ ദേവര്‍കോവില്‍ യു.പി സ്‌കൂളിന് മുന്‍വശത്തെ ഹമ്പുകള്‍ക്കാണ് യാതൊരു അടയാളങ്ങളും ഇല്ലാത്തത്.
ഇതേ തുടര്‍ന്ന് ചീറിപ്പാഞ്ഞെത്തുന്ന വാഹനങ്ങള്‍ ഹമ്പ് ചാടിക്കടന്നതിനു ശേഷമാണ് അത് ഉണ്ടെന്നറിയുന്നത് തന്നെ. നേരത്തെ റിഫ്‌ളക്റ്റ് ലൈറ്റ് ഉണ്ടായിരുന്നെങ്കിലും കാലപ്പഴക്കത്തില്‍ ഇല്ലാതാവുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇപ്പോള്‍ ഇവിടം അപകടങ്ങളുടെ ഒരു പൂരപ്പറമ്പായി മാറിയിരിക്കുകയാണ്. റോഡുമായി അത്രപരിചയമില്ലാത്ത ബൈക്ക് യാത്രികരാണ് അപകടങ്ങളില്‍പെടുന്നവരില്‍ ഏറെയും.
ഏറ്റവുമൊടുവില്‍ കഴിഞ്ഞ ദിവസം അമ്മയും മകളും കൊച്ചുമകളും സഞ്ചരിച്ച ആക്ടീവ സ്‌കൂട്ടറാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ അമ്മയ്ക്കും കൊച്ചുമകള്‍ക്കും നിസാരമായി പരുക്കേറ്റു. അന്തര്‍സംസ്ഥാന പാതയായതിനാല്‍ ഇതുവഴി പോകുന്ന ചരക്ക് ലോറികളും ഹമ്പ് ചാടിക്കടന്ന് അപകടഭീതി ഉണ്ടാക്കുന്നുണ്ട്.
വലിയ വാഹനങ്ങള്‍ ചാടിക്കടന്നുണ്ടാകുന്ന ശബ്ദം ഒരു ഭീകരാന്തരീക്ഷം തന്നെ സൃഷ്ടിക്കുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. പരിസരത്ത് യു.പി സ്‌കൂളിന് പുറമെ മദ്‌റസയും സ്ഥിതി ചെയ്യുന്നുണ്ട്. ഇവര്‍ക്ക് മുറിച്ചുകടക്കാനുള്ള സീബ്രാലൈനും മാഞ്ഞുപോയനിലയിലാണ്. ഇതേ തുടര്‍ന്ന് രാവിലെയും വൈകിട്ടും കുട്ടികളെ റോഡു കടത്തല്‍ അധ്യാപകര്‍ക്ക് ഒരു സാഹസം തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."