തമ്പാനൂര്‍ യു.പി സ്‌കൂളിനു സമീപത്ത് മാലിന്യ നിക്ഷേപവും കത്തിക്കലും പതിവുകാഴ്ച
തിരുവനന്തപുരം: രാവിലെ എട്ടിനു മുന്‍പെത്തും ഇവിടെ ചിലര്‍, ചുറ്റുപാട് നിന്നും ശേഖരിച്ച മാലിന്യം നിക്ഷേപിക്കുകയും അവ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്യും. ഇതു കോര്‍പറേഷന്റെ മാലിന്യ നിക്ഷേപ സ്ഥലത്തെ കഥയല്ല. തമ്പാനൂര്‍ യു.പി സ്‌കൂളിനു മുന്‍പില്‍ എന്നും കാണുന്ന കാഴ്ചയാണ്. സ്‌കൂള്‍ മതിലിനോട് ചേര്‍ന്നയിടമാണ് ഇവിടെ പലരുടെയും മാലിന്യനിക്ഷേപത്തിന്റെ ഇടം. അതും ഗ്രീന്‍ പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കുന്ന ഒരു സ്‌കൂളിന് മുന്‍പില്‍. മാലിന്യമെന്നു പറഞ്ഞാല്‍ ഉഗ്രന്‍ പ്ലാസ്റ്റിക്കടങ്ങിയ മാലിന്യം തന്നെ. വീട്ടിലെ മാലിന്യം കവറില്‍ കെട്ടി ഇവിടെ നിക്ഷേപിക്കുന്നതാണ് ഇവിടെ ചിലരുടെ രീതി. ഇനി ആരെങ്കിലും അതു മറന്നാല്‍ കോര്‍പറേഷന്‍ ജീവനക്കാര്‍ തന്നെ നേരിട്ടെത്തി അവ ശേഖരിച്ച് സ്‌കൂളിന് മുന്‍പിലെത്തിക്കും. എന്നിട്ട് സ്‌കൂള്‍ കുട്ടികളെത്തും മുന്‍പ് കൂട്ടിയിട്ട് കത്തിക്കുകയും ചെയ്യും. പുക എവിടെയും നഷ്ടപ്പെടാതെ കുട്ടികള്‍ തന്നെ ശ്വസിക്കണം. പ്രദേശത്തെ കോളനിയില്‍ നിന്നും വരുന്ന കുട്ടികളായതിനാല്‍ ശ്വസിക്കട്ടെ എന്നാവും അധികൃതരുടെ നിലപാട്.
കടുത്ത ദുര്‍ഗന്ധം കാരണം മൂക്കുംപൊത്തി നടക്കേണ്ട സ്ഥിതിയാണ് ഇവിടെ. നിരവധി കോച്ചിങ്ങ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്ന എസ്.എസ് കോവില്‍ റോഡില്‍ നൂറുകണക്കിനാളുകളാണ് രാവിലെയും വൈകിട്ടുമായി ഇത് സഹിച്ച് നടക്കുന്നത്. സമീപത്തൂടെ പോകുന്ന ഇടവഴിയില്‍ മാലിന്യം നിറച്ചിട്ടത് കാരണം നടക്കാന്‍ പോലും ഇടമില്ല. ഇവിടെ നിന്നും ദുര്‍ഗന്ധം വമിക്കുന്നത് തൊട്ടടുത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ഥികളെയും ബാധിക്കുന്നുണ്ട്. ഇവിടെ വഴി തടഞ്ഞു കിടക്കുന്ന മാലിന്യം പ്രദേശവാസികള്‍ കത്തിക്കാറാണ് പതിവ്.
മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെയോ പൊലിസ് കണ്‍ട്രോള്‍ റൂമിലോ പരാതി അറിയിക്കാമെന്നാണ് നിയമം. എന്നാല്‍ മാലിന്യം നിക്ഷേപിക്കുന്നത് ഈ നാട്ടുകാര്‍ തന്നെയായാല്‍ പിന്നെ ആരു പരാതി നല്‍കും. സ്വന്തമായി കമ്പോസ്റ്റ് കുഴിയെടുക്കാന്‍ മടിക്കുന്നവരാണ് ഇത്തരത്തില്‍ പൊതു നിരത്തില്‍ മാലിന്യം വലിച്ചെറിയുന്നത്. പകല്‍ സമയങ്ങളില്‍ സ്ഥലം കണ്ടെത്തി വിദൂര സ്ഥലങ്ങളിലുള്ളവര്‍ പോലും രാത്രി കാലങ്ങളില്‍ ഇവിടെ വന്ന് മാലിന്യം നിക്ഷേപിക്കാറുണ്ടെന്ന് പ്രദേശത്തെ ഒരു സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരന്‍ പറയുന്നു. തടയാന്‍ നിന്നാല്‍ അക്രമിക്കുന്നതും പതിവാണ്.
ഒരു മാസം മുന്‍പ് മാലിന്യം നിക്ഷേപിക്കുന്ന കോര്‍പറേഷന്‍ ജീവനക്കാരെ കൈയോടെ പിടികൂടി അധികൃതരെ വിളിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ശേഷം സ്‌കൂളിന് മുന്‍പിലെ മാലിന്യം മുഴുവന്‍ നീക്കിയിരുന്നു. ഇപ്പോള്‍ വീണ്ടും കൂടിയിരിക്കുകയാണ്. വരാനിരിക്കുന്ന പൊങ്കാല മഹോത്സവത്തിന് മുന്‍പായി ഇവിടെ നിന്നും ഇനിയും മാലിന്യങ്ങള്‍ നീക്കുമെന്നാണറിയുന്നത്. അന്ന് എവിടെ നിക്ഷേപിക്കുമെന്ന കാര്യത്തില്‍ ഒരു നിശ്ചയവുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."