HOME
DETAILS

പ്രമീളാ ഗോഖലെയുടെ ആത്മവിശ്വാസത്തില്‍നിന്ന് അസീസിന്റെ പേടിയിലേക്കുള്ള ദൂരം

  
backup
January 19 2020 | 01:01 AM

todays-article-ap-kunjamu-19-01-2020

 

 


എന്‍.എസ് മാധവന്റെ 'തിരുത്ത് 'എന്ന കഥയെപ്പറ്റി മുന്‍പൊരിക്കല്‍ ഒരുലേഖനത്തില്‍ ഞാന്‍ പരാമര്‍ശിച്ചിരുന്നു എന്നാണോര്‍മ. ഇപ്പോഴും ഞാന്‍ ആ വലിയ എഴുത്തുകാരനെത്തന്നെയാണ് ഉദ്ധരിക്കുന്നത്. മാധവന്റെ 'മുംബൈ' എന്ന കഥയില്‍നിന്ന്. മുംബൈ വര്‍ഷങ്ങള്‍ക്കു മുന്‍പ് രചിക്കപ്പെട്ട കഥയാണ്. മലപ്പുറം ജില്ലയിലെ പാങ്ങ് എന്ന ഗ്രാമത്തില്‍ ബീരാന്‍കുഞ്ഞിന്റെയും ഫാത്തിമയുടെയും മകനായി ജനിച്ച്, ഐ.ഐ.ടിയില്‍ പഠിച്ച് മുംബൈയില്‍ എന്‍ജിനീയറായ അസീസിന്റെ കഥ.


കമ്പനിയാവശ്യത്തിന് വിദേശത്തു പോകാന്‍ അസീസിന് പാസ്‌പോര്‍ട്ട് വേണം. അതുമായി ബന്ധപ്പെട്ട് റേഷന്‍കാര്‍ഡിനു വേണ്ടി ആപ്പീസുകള്‍ കയറിയിറങ്ങിയപ്പോഴാണ് അസീസിനു മനസ്സിലായത് താന്‍ 1971ലെ ബംഗ്ലാദേശില്‍ നിന്നുള്ള അഭയാര്‍ഥി പ്രവാഹത്തിനു മുന്‍പ് ഇന്ത്യയിലുണ്ടായിരുന്നുവെന്ന് തെളിയിക്കേണ്ടിയിരിക്കുന്നു എന്ന്. അല്ലാഞ്ഞാല്‍ നുഴഞ്ഞുകയറ്റക്കാരുടെ പട്ടികയില്‍പ്പെടും. 1971ല്‍ അസീസ് ജനിച്ചിട്ടേയില്ല. പക്ഷേ പറഞ്ഞിട്ടെന്ത് സപ്ലൈ വകുപ്പിലെ ആപ്പീസര്‍ പ്രമീളാഗോഖലെയ്ക്ക് അതുവിഷയമേയല്ല. അവര്‍ പറയുന്നു- ആദ്യം നിങ്ങള്‍ ഇന്ത്യക്കാരനാണെന്ന് ബോധ്യമാകണമല്ലോ, പിന്നെയല്ലേ റേഷന്‍കാര്‍ഡ്.


അപ്പോള്‍ അസീസ് തിരിച്ച് ചോദിക്കുന്നു- ഇന്ത്യക്കാരിയാണെന്ന് തെളിയിക്കാന്‍ പറഞ്ഞാല്‍ സഹോദരി എന്തുചെയ്യും. ഉടന്‍ വന്നു പ്രമീളാഗോഖലെയുടെ മറുപടി. ''ഞാനെന്റെ പേരു പറയും. അത്രതന്നെ. എന്റെ ചരിത്രവും ഭൂമിശാസ്ത്രവും എന്റെ പേരു തന്നെയാണ് പ്രമീളാഗോഖലെ, മഹാരാഷ്ട്രക്കാരി, ഹിന്ദുചിത്പവന്‍ ബ്രാഹ്മണന്‍, മനസ്സിലായോ''


ഇത് പറയുമ്പോള്‍ പ്രമീള മെല്ലെയാണ് സംസാരിച്ചത്. അവരുടെ ഉയര്‍ത്താത്ത ശബ്ദം അസീസിനെ പേടിപ്പിച്ചു. അസീസിന് പിന്നീട് പേടിയുടെ കാലമായിരുന്നു. താനൊരു നുഴഞ്ഞുകയറ്റക്കാരനായി കണക്കാക്കപ്പെട്ടുവോ എന്ന പേടി. വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ താമസിക്കുന്ന കെട്ടിടത്തിനു മുന്നില്‍ പൊലിസുകാര്‍ കാവല്‍ നില്‍ക്കുന്നത് അയാള്‍ കാണുന്നു. ജനലിനപ്പുറം വിടര്‍ത്തിയ മയില്‍പ്പീലികള്‍ പോലെ സ്‌നേഹമില്ലാത്ത കണ്ണുകള്‍ നിറഞ്ഞ മനുഷ്യമുഖങ്ങള്‍ അട്ടിയട്ടിയായി അടുക്കിവച്ചിരിക്കും എന്നയാള്‍ക്ക് തോന്നി. പേടി സഹിക്കാതെ അസീസ് കട്ടിലിന്റെ അടിയില്‍ നുഴഞ്ഞുകയറി, നിലത്ത് മുഖം അമര്‍ത്തി ചാപിള്ളയെപ്പോലെ അനങ്ങാതെ കിടന്നുവെന്നാണ് കഥ അവസാനിക്കുന്നത്.


ഒരു സംശയവുമില്ല, അസീസിന്റെ പേടി പങ്കുവയ്ക്കുകയാണ് ഇന്ന് ഇന്ത്യയിലെ ഓരോ മുസ്‌ലിമും ഓരോ ജനാധിപത്യവാദിയും (എഴുത്തുകാര്‍ എത്രമാത്രം ക്രാന്തദര്‍ശികള്‍!) ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി അവര്‍ക്കിടയില്‍ സൃഷ്ടിച്ച ഭീതി വളരെ വലുതാണ്. ഏതു നിമിഷവും തങ്ങള്‍ പുറത്താക്കപ്പെടുമെന്നോ രണ്ടാംതരം പൗരരായി നിന്ദിക്കപ്പെടുമെന്നോ ഉള്ള പേടിയാണിത്.


അതുകൊണ്ടുതന്നെ നാടൊട്ടുക്കും പൗരത്വ നിയമ ഭേദഗതിക്കെതിരില്‍ പ്രതിഷേധജ്വാല ഉയരുമ്പോള്‍ അവര്‍ ആശ്വസിക്കുന്നു. എന്‍.പി.ആര്‍ നടപ്പാക്കുകയില്ലെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ പറയുമ്പോഴും അവര്‍ അതില്‍ ആശ്വാസം കണ്ടെത്തുകയാണ്. എന്നാല്‍, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് എത്രത്തോളം ഈ നിയമത്തെ പ്രതിരോധിക്കാന്‍ സാധിക്കും. വാസ്തവത്തില്‍ കേരള നിയമസഭ പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയത്തിന് പ്രതീകാത്മകമൂല്യം മാത്രമേയുള്ളൂ. ഭരണഘടനയുടെ 256ാം വകുപ്പ് പ്രകാരം പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങള്‍ നടപ്പില്‍വരുത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ബാധ്യസ്ഥമാണ്. നടപ്പാക്കുന്നില്ലെങ്കില്‍, അവ നടപ്പാക്കണമെന്ന് നിര്‍ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ട്.


എസ്.ആര്‍ ബൊമ്മെ കേസില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഈ അധികാരത്തെപ്പറ്റി അന്തിമമായി സുപ്രിംകോടതി ഉറപ്പിച്ചു പറഞ്ഞിട്ടുമുണ്ട്. എങ്കിലും സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്ര നിയമം നടപ്പിലാക്കാന്‍ വിസമ്മതിച്ചാലോ- 356, 365 വകുപ്പുകള്‍ പ്രയോഗിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരില്‍ നടപടിയെടുക്കാന്‍ കേന്ദ്രത്തിന് സാധിക്കും. നിയമത്തിന്റെ അവസ്ഥ ഇതാണ്. പൗരന്റെ തുല്യത എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച് സുപ്രിംകോടതി പുതിയ നിയമം റദ്ദാക്കുന്നില്ലെങ്കില്‍ നിയമപരമായി പൗരത്വ വിഷയത്തില്‍ ഏറെയൊന്നും ചെയ്യാനാകണമെന്നില്ല. ഈ ദുസ്സാധ്യതയിലാണ് നാട്ടിലുടനീളം ഉയര്‍ന്നുവരുന്ന പ്രതിഷേധത്തിന്റെ പ്രസക്തി. ഈ പ്രസക്തി ബി.ജെ.പിയും കേന്ദ്ര സര്‍ക്കാരും എത്രത്തോളം തിരിച്ചറിഞ്ഞു എന്നതിലാണ് പ്രശ്‌നത്തിന്റെ മര്‍മം കുടികൊള്ളുന്നത്.


കാലാവസ്ഥ അനുകൂലം


ബി.ജെ.പിയെ സംബന്ധിച്ചേടത്തോളം തങ്ങളുടെ സ്ഥാപിത താല്‍പര്യങ്ങള്‍ നടപ്പില്‍ വരുത്തുന്നതിന് വളരെ അനുകൂലമായ കാലാവസ്ഥയാണ് നിലവിലുള്ളത്. പാര്‍ലമെന്റില്‍ പ്രതിപക്ഷം എന്ന ഒന്ന് ഫലത്തിലില്ല. പ്രതിപക്ഷ നേതാവില്ല; പാര്‍ലമെന്ററി സമിതികളില്‍ പ്രതിപക്ഷത്തിന് പ്രാതിനിധ്യമില്ല. ലോക്പാല്‍ പോലെയുള്ള സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങളുടെ രൂപീകരണത്തില്‍ പ്രതിപക്ഷത്തിന് പങ്കില്ല. അതായത് സുഖകരമായ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ അധികാരം ഒരിടത്ത് കേന്ദ്രീകരിച്ചിരിക്കുകയാണ്.
ഈ ഒരിടം വാസ്തവത്തില്‍ ബി.ജെ.പി പോലുമല്ല, മോദിയും അമിത്ഷായും മാത്രമാണ്. അതായത് അധികാര കേന്ദ്രീകരണത്തിലൂടെ ഫാസിസത്തിന്റെ വഴി ഒരുങ്ങിക്കഴിഞ്ഞു. ഇതിന് മോദിക്കും അമിത്ഷായ്ക്കും സാധ്യത സൃഷ്ടിക്കുന്നത് ഇന്ത്യന്‍ ഭരണഘടന തന്നെയാണ്. ഇന്ത്യന്‍ ഭരണഘടന വലിയ അളവോളം കേന്ദ്രീകൃത സ്വഭാവം പുലര്‍ത്തുന്ന ഒന്നാണ്.
സംസ്ഥാനങ്ങള്‍ക്ക് വിപുലമായ അധികാരങ്ങള്‍ നല്‍കുന്ന തരത്തിലുള്ള ഫെഡറല്‍ സമ്പ്രദായമല്ല നമ്മുടേത്; വിഭജനത്തിന്റെയും ഇന്ത്യന്‍ ദേശീയതയുടെയും ബഹുസ്വരതയുടെയും പശ്ചാത്തലത്തില്‍ രാജ്യത്തെ ഏകോപിപ്പിച്ചു നിര്‍ത്താന്‍ വലിയൊരളവോളം അധികാര കേന്ദ്രീകരണം, സ്വാതന്ത്ര്യ പ്രാപ്തിയുടെ കാലത്ത് ആവശ്യമായിരിക്കാം. അതുമൂലമാണ് ശക്തമായ കേന്ദ്രം എന്ന ആശയത്തില്‍ ഊന്നിനില്‍ക്കുന്ന ഭരണഘടന നിര്‍മിക്കപ്പെട്ടത്.
വികസിത ജനാധിപത്യ സമൂഹങ്ങളില്‍ ദൃശ്യമായ ഫെഡറലിസം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നില്ല; അത്തരം ഫെഡറലിസ്റ്റ് സംവിധാനങ്ങളില്‍ ലഭ്യമായ സ്വയംഭരണം ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ക്ക് ഇല്ലതാനും. അതുകൊണ്ടുകൂടിയാണ് സംസ്ഥാനങ്ങള്‍ വ്യത്യസ്തമായി ചിന്തിക്കുമ്പോള്‍ അധികാരകേന്ദ്രീകരണത്തിന്റെ ബലത്തില്‍ കേന്ദ്ര സര്‍ക്കാരിന് സ്വേഛാനിയമങ്ങള്‍ നടപ്പില്‍വരുത്താന്‍ സാധിക്കുന്നത്. ഭരണഘടന ഉയര്‍ത്തിപ്പിടിക്കും എന്നു നാം പറയുമ്പോള്‍ ഈ ഭരണഘടനയുടെ പരിമിതികള്‍കൂടി ഉള്‍ക്കൊള്ളേണ്ടതുണ്ട് എന്നര്‍ഥം.
ദേശീയ പൗരത്വ രജിസ്റ്റര്‍ പുതിയൊരു വസ്തുതയല്ലെന്നും അതിന് പൗരത്വ സര്‍വേയുമായി ബന്ധമില്ലെന്നുമാണ് ബി.ജെ.പിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും വാദം. ഒരര്‍ഥത്തില്‍ അതു ശരിയാണ്. 1955ലെ പൗരത്വ നിയമമനുസരിച്ച് രജിസ്റ്ററിനെപ്പറ്റി പറയുന്നുണ്ട്. 2003ല്‍ വാജ്‌പേയി സര്‍ക്കാരും 2010-11 കാലത്ത് യു.പി.എ സര്‍ക്കാരും പൗരത്വ നിയമത്തില്‍ ഭേദഗതിവരുത്തിയിട്ടുമുണ്ട്. എന്നാല്‍ അന്നൊന്നുമില്ലാത്ത തരത്തിലുള്ള വിവരങ്ങളാണ് പുതിയ രജിസ്റ്റര്‍ ആവശ്യപ്പെടുന്നത്.
ഓരോ വ്യക്തിയുടെയും ജനനതിയതി, ജനനസ്ഥലം, മാതാപിതാക്കളുടെ ജനനതിയതി, അവസാനം താമസിച്ച സ്ഥലം, ആധാര്‍, പാന്‍, ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ ഐ.ഡി, മൊബൈല്‍ തുടങ്ങി വ്യക്തിയുടെ സ്വകാര്യജീവിതത്തിലേയ്ക്ക് വലിഞ്ഞുകയറി എത്തിനോക്കുന്ന തരത്തിലുള്ള എല്ലാ വിശദാംശങ്ങളും ഈ രജിസ്റ്റര്‍ ആവശ്യപ്പെടുന്നു.
വിവരശേഖരണത്തിനപ്പുറം രഹസ്യനിരീക്ഷണം എന്ന സ്വഭാവമാണ് രജിസ്റ്റര്‍ പുലര്‍ത്തുന്നത് എന്ന് ആളുകള്‍ ആശങ്കപ്പെടുന്നതില്‍ എങ്ങനെ അവരെകുറ്റപ്പെടുത്തും.


വിവരശേഖരണവും രഹസ്യനിരീക്ഷണവും


വിവരശേഖരണം ഭരണകൂടങ്ങളെ സംബന്ധിച്ചേടത്തോളം ആവശ്യമാണ്. സെന്‍സസ് അതിന്റെ ഉപാധിയുമാണ്. എന്നാല്‍ സെന്‍സസ്‌കൊണ്ട് ഉദ്ദേശിക്കുന്നത് സര്‍ക്കാര്‍ ലഭ്യമാക്കുന്ന വിവരങ്ങളെ വ്യക്തികേന്ദ്രീകൃതമാക്കുകയല്ല മറിച്ച് ഒരുസമൂഹത്തിന്റെ ജീവിതസാഹചര്യങ്ങള്‍ മനസ്സിലാക്കുകയാണ്. ഒരുനാട്ടില്‍ എത്രപേര്‍ നിരക്ഷരരാണ്, എത്രപേര്‍ നികുതി കൊടുക്കുന്നു, എത്രപേര്‍ പ്രവാസികളാണ് എന്നൊക്കെ അറിയാനാണ് കണക്കെടുപ്പ്. അല്ലാതെ നികുതി കൊടുക്കാത്തവരുടെ പേരില്‍ നിയമ നടപടി എടുക്കാനല്ല. ഒരുചെറിയ ഉദാഹരണം വഴി ഇതു വ്യക്തമാക്കാവുന്നതേയുള്ളൂ. 2011ലെ സെന്‍സസ് അനുസരിച്ച് 2007നും 2011നും ഇടയ്ക്ക് 18 വയസ് പൂര്‍ത്തിയാകുന്നതിനു മുന്‍പ് വിവാഹിതരായ 74 ലക്ഷം പേര്‍ ഇന്ത്യയിലുണ്ട്. ഈ 74 ലക്ഷം പേരും 2006ലെ ശൈശവവിവാഹ നിയമപ്രകാരം ശിക്ഷാര്‍ഹമായ കുറ്റം ചെയ്തവരാണ്. എന്നാല്‍ 'സെന്‍സസ് ഡാറ്റാ ഈ ആളുകളുടെമേല്‍ ശിക്ഷാ നടപടി എടുത്തുകൂടാ. ഇന്ത്യന്‍ തെളിവു നിയമത്തില്‍നിന്നു പോലും സെന്‍സസ് വിവരങ്ങള്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ എന്‍.പി.ആറിന്റെ സ്വഭാവം അതല്ല. അതു വ്യക്തിയെ സൂക്ഷ്മ നിരീക്ഷണം ചെയ്യുന്ന തരത്തിലാണ് സംവിധാനം ചെയ്തിട്ടുള്ളത്. വ്യക്തിയും ഭരണകൂടവും തമ്മിലുള്ള ഒരുവിഭജനരേഖ അവിടെയുണ്ട്. ഏതു രാജ്യത്തും ഭരണകൂടം അതിന്റെ പ്രജകളെയും പ്രജകള്‍ ഭരണകൂടത്തെയും വിശ്വസിക്കുക എന്നതാണ് ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രമാണം. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമവ്യവസ്ഥകള്‍ ഈ പരസ്പര വിശ്വാസത്തെ എടുത്തുകളയുന്നു എന്നതാണ് പ്രധാനം. ജനങ്ങള്‍ക്ക് സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെടുമ്പോള്‍ അത് ഒട്ടും ജനാധിപത്യപരമല്ലാത്ത വ്യവസ്ഥയായി മാറുകയാണ് ചെയ്യുന്നത്. അങ്ങനെയുള്ള വ്യവസ്ഥയില്‍, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പരിപോഷിപ്പിക്കുകയും സാംസ്‌കാരിക വ്യക്തിത്വം രൂപപ്പെടുത്തുകയും ചെയ്യുന്ന ലക്ഷക്കണക്കിന് ആളുകളെ ഭരണകൂടം തടങ്കല്‍പാളയങ്ങളില്‍ അടയ്ക്കുന്നു എന്ന ദുരന്തം സംഭവിച്ചാല്‍ ഒട്ടും അത്ഭുതപ്പെടേണ്ടതില്ല. ഹിറ്റ്‌ലറുടെ ഭരണവ്യവസ്ഥയില്‍ ജര്‍മനിയില്‍ സംഭവിച്ചത് അതാണ്. മുസ്‌ലിം ജനസമൂഹത്തിന്റെ ഭീതിയിലല്ല പൗരത്വ നിയമ ഭേദഗതിയുടെ അപകടങ്ങള്‍ അന്വേഷിക്കേണ്ടത് എന്ന് പറയുന്നത് അതുകൊണ്ടാണ്.


ഒരു കണക്കെടുപ്പില്‍ എന്തിരിക്കുന്നു, രജിസ്റ്ററില്‍ എന്തിരിക്കുന്നു എന്നു ചോദിക്കുന്ന നിഷ്‌കളങ്കരായ ആളുകളുണ്ട്. അവരുടെ മുന്നില്‍ ചില ചരിത്രപാഠങ്ങളുണ്ട്. 1935ലാണ് നാസി ജര്‍മനിയില്‍ ജനസംഖ്യാ സര്‍വേ നടന്നത്. ഏറെ വൈകുന്നതിനു മുന്‍പ് ഹോളോക്കാസ്റ്റ് സംഭവിച്ചു. 1982ല്‍ മ്യാന്‍മറില്‍ കണക്കെടുപ്പ് നടന്നു. റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ അതിലെ അപകടങ്ങള്‍ തിരിച്ചറിഞ്ഞിരുന്നില്ല. സര്‍വേ പ്രകാരം അവര്‍ രണ്ടാംതരം പൗരരായി വേര്‍തിരിക്കപ്പെട്ടു. അങ്ങനെയെങ്കിലും നാട്ടില്‍ കഴിഞ്ഞുകൂടാമെന്നായിരുന്നു അവര്‍ ആശ്വസിച്ചത്. വൈകാതെതന്നെ സംഭവിച്ചത് അവര്‍ ആട്ടിപ്പുറത്താക്കപ്പെടുക എന്ന ദുരന്തമാണ്. ഇത്തരം ചരിത്രപാഠങ്ങളില്‍നിന്ന് നാം എന്താണ് അനുമാനിക്കേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago