സഹപാഠിക്കായി എം.ജി കോളജ് വിദ്യാര്‍ഥികള്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ ഇന്ന് കൈമാറും
തൊടുപുഴ: സഹപാഠിക്കായി സ്‌നേഹവീടൊരുക്കുക എന്ന തൊടുപുഴ എം.ജി കോളജ് വിദ്യാര്‍ഥികളുടെ ലക്ഷ്യം പൂവണിഞ്ഞു. തട്ടക്കുഴയില്‍ നിര്‍മിച്ച 520 ചതുരശ്ര അടി വരുന്ന വീടിന്റെ താക്കോല്‍ വൈദ്യുതിമന്ത്രി എം.എം മണി ഇന്ന് മൂന്ന് മണിക്ക് കോളജ് ക്യാംപസില്‍ നടക്കുന്ന ചടങ്ങില്‍ വിദ്യാര്‍ഥിനി ആല്‍ബിന്‍ ആന്റണിക്ക് കൈമാറും. വീടിന് നാല് ലക്ഷം രൂപയോളം ചെലവായതായി പ്രിന്‍സിപ്പല്‍ കെ.യു നിസാര്‍, വൈസ് പ്രിന്‍സിപ്പല്‍ കെ.എസ് അനീഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സ്ഥലമോ വീടോ ഇല്ലായിരുന്ന ഇവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കാന്‍ സഹാപാഠികള്‍ തയ്യാറായപ്പോള്‍ കുട്ടിയുടെ അമ്മാവന്‍ സൗജന്യമായി നല്‍കിയ മൂന്നു സെന്റ് സ്ഥലത്താണ് വീട് പണിതത്. കുട്ടികള്‍ മിച്ചം പിടിച്ചതും ശേഖരിച്ചതുമായ തുക സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ മണക്കാട് ജങ്ഷന്‍ ബ്രാഞ്ചിലെ അക്കൗണ്ടിലാണ് സൂക്ഷിച്ചത്.
മൂന്നു കുട്ടികള്‍ക്ക് വീട് നിര്‍മിക്കാനാണ് വിദ്യാര്‍ഥികള്‍ ആഗ്രഹിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ ഇതിനായി അപേക്ഷ ക്ഷണിച്ചപ്പോള്‍ ഒമ്പത് വിദ്യാര്‍ഥികള്‍ അപേക്ഷ നല്‍കി. ഇവരില്‍ നിന്നും ഏറ്റവും അര്‍ഹരായ രണ്ടു പേരെ കണ്ടെത്തി. സ്ഥലം ലഭ്യമാക്കിയാല്‍ വീടു നിര്‍മിച്ചു നല്‍കാനാണ് തീരുമാനം.
ഇതിനായി 30 അംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. പഠനത്തോടൊപ്പം പാഠ്യേതര വിഷയത്തിലും മുന്നേറാനുള്ള അധ്യാപകരുടെ പ്രോത്സാഹനമാണ് വിദ്യാര്‍ഥികള്‍ ഇത്തരം ഒരു പദ്ധതി ഏറ്റെടുക്കാന്‍ കാരണം.
മണക്കാട് ജങ്ഷന് സമീപത്തെ കോളജ് കാംപസില്‍ നടക്കുന്ന ചടങ്ങില്‍ ജോയ്‌സ് ജോര്‍ജ് എം.പി അധ്യക്ഷത വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ അധ്യാപകരായ മിനി.ജി, ബിന്ദു സനല്‍, വിദ്യാര്‍ഥി പ്രതിനിധി വിഷ്ണു.പി.സജി, ഷഹാന്‍ ഇബ്രാഹിം എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."