ജയിലില്‍ നിന്ന് ഇനി അലങ്കാര മത്സ്യങ്ങളും
കണ്ണൂര്‍: അലങ്കാര മത്സ്യവിപണിയിലേക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലും. ജയിലില്‍ വളര്‍ത്തിയെടുത്ത അലങ്കാര മത്സ്യകുഞ്ഞുങ്ങളുടെ വിപണനത്തിനായി ചപ്പാത്തി കൗണ്ടറിനു സമീപം പുതിയ കൗണ്ടര്‍ തുറന്നു. ആദ്യ വില്‍പ്പന ജയില്‍ സൂപ്രണ്ട് എസ് അശോക് കുമാര്‍ ഉദ്ഘാടനം ചെയ്തു.
വില്‍പ്പന തുടങ്ങി രണ്ടു മണിക്കൂറിനകം അലങ്കാര മത്സ്യങ്ങളെല്ലാം വിറ്റുതീര്‍ന്നു. ഇന്നലെ 3000 രൂപയുടെ അലങ്കാര മത്സ്യ വില്‍പ്പന നടന്നുവെന്ന് ജയിലധികൃതര്‍ അറിയിച്ചു. കലക്ടര്‍ ചെയര്‍മാനായുള്ള മത്സ്യ കര്‍ഷക വികസന ഏജന്‍സിയും മത്സ്യ കൃഷി വികസനത്തിനായി സഹായമെത്തിക്കുന്ന 'ആത്മ'യും ചേര്‍ന്നാണ് ജയിലില്‍ അലങ്കാര മത്സ്യകുഞ്ഞുങ്ങളെ വളര്‍ത്തിയെടുക്കുന്നതിന് പദ്ധതി തയാറാക്കിയത്. ഇതിനായി ജയിലില്‍ പ്രത്യേകം കുളം തയാറാക്കിയിട്ടുണ്ട്. നിലവില്‍ നാലുതരം ഗപ്പി, മോളി മത്സ്യങ്ങളും എട്ടുതരം സോട്ടൈല്‍ മത്സ്യങ്ങളും സ്വര്‍ണ മത്സ്യം, വെള്ളി മത്സ്യം, സീലോഫീയ തുടങ്ങിയവയും ഇവിടെ വളര്‍ത്തുന്നുണ്ട്.
ജയിലിനു പുറത്ത് മത്സ്യങ്ങളെ വില്‍പ്പന നടത്താന്‍ ബുദ്ധിമുട്ടുണ്ട്. ഒരു ദിവസം മുമ്പെങ്കിലും ടാങ്കുകള്‍ പുറത്ത് സ്ഥാപിച്ച് സാഹചര്യമൊരുക്കി വേണം മത്സ്യകുഞ്ഞുങ്ങളെ വില്‍പ്പനക്ക് ഒരുക്കാന്‍. ഇത്തരം സംവിധാനം ജയിലിന് പുറത്ത് പ്രത്യേകമായി ഉണ്ടാക്കി അലങ്കാര മത്സ്യവില്‍പ്പന സജീവമാക്കാനാണ് ജയിലധികൃതരുടെ തീരുമാനം. നിലവില്‍ മത്സ്യങ്ങള്‍ വില്‍പ്പനക്ക് തയാറാക്കിയിട്ടുണ്ടെങ്കിലും അടുത്ത വില്‍പ്പന ദിവസം പിന്നീട് പ്രഖ്യാപിക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."