ജയിലുകള്‍ നിറച്ചാലും പോരാട്ടം നിലക്കില്ല, ഉത്തരേന്ത്യയിലെ മതന്യൂന പക്ഷങ്ങളുടെ സ്ഥിതി പുറമെ കാണുന്നതിനേക്കാള്‍ എത്രയോ ദുരിതപൂര്‍ണം : ഇ.ടി.മുഹമ്മദ് ബഷീര്‍
പട്ടിക്കാട്: അജണ്ടകള്‍ ഓരോന്നായി പുറത്തെടുത്ത സംഘ്പരിവാര്‍ പൗരത്വ നിയമം പെട്ടെന്ന് നടപ്പാക്കാനാവില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് രാജ്യതലസ്ഥാനത്ത് ദേശസുരക്ഷാ നിയമം (എന്‍.എസ്.എ) പ്രഖ്യാപിച്ചതെന്നും ജയിലുകള്‍ നിറഞ്ഞാലും ഈ പോരാട്ടം നിലക്കില്ലെന്നും മുസ്‌ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ജാമിഅ നൂരിയ്യ വാര്‍ഷിക സമ്മേളനത്തില്‍ നാഷണള്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമവും ഏകസിവില്‍കോഡുമായിരുന്നു സംഘപരിവാറി ന്റെ മുഖ്യ അജണ്ട. രാജ്യത്തെ മുസ്ലിം ന്യൂനപക്ഷത്തെ ഭയപ്പെടുത്തി അഭയാര്‍ഥികളാക്കണമെന്നായിരുന്നു ലക്ഷ്യം. രാജ്യത്തിന്റെ മതേതര മനസ് ഇവിടത്തെ മുസ്ലിം ന്യൂനപക്ഷത്തോടൊപ്പമാണെന്ന് തിരിച്ചറിഞ്ഞതോടെ ലക്ഷ്യം പാളിയതായും ഇ.ടി. പറഞ്ഞു.
ഇസ്ലാമിക വിശ്വാസികള്‍ക്ക് പല യാഥാര്‍ഥ്യങ്ങളും പുതിയ സാഹചര്യങ്ങളില്‍ ഉള്‍ക്കൊള്ളാനുണ്ട്. മുമ്പ് കഴിഞ്ഞ ഏകാധിപതികളുടെയും ജനതകളുടെയും ചരിത്രം വിശുദ്ധ ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്. ഇത്തരം ഭരണാധികാരികളുടെയും ജനതകളുടെയും പരിണിതി ദുരന്തപൂര്‍ണമായിരുന്നു. അടിയുറച്ച വിശ്വാസമാണ് ഈ ഘട്ടത്തിലും വേണ്ടത്. ഉത്തരേന്ത്യയിലെ മതന്യൂന പക്ഷങ്ങളുടെ സ്ഥിതി പുറമെ കാണുന്നതിനേക്കാള്‍ എത്രയോ ദുരിതപൂര്‍ണമാണ്. പൗരത്വം നിയമത്തിന്റെ പേരില്‍ വെടിയേറ്റു മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിക്കുകയുണ്ടായി. മാലിന്യവും ദുര്‍ഗന്ധവും നിറഞ്ഞ ചേരികളുടെ ഓരങ്ങളില്‍ പതിനായിരക്കണക്കിനു പേര്‍ ഉത്തരേന്ത്യയില്‍ ജീവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.നമ്മുടെ സ്ഥാപനങ്ങളില്‍ നി്ന്നും സന്നദ്ധ പ്രവര്‍ത്തകരെ ഇത്തരം പ്രദേശത്തേക്ക് അയക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."