താന്ന്യം സഹകരണ ബാങ്കിലെ സ്വര്‍ണം നഷ്ടപ്പെട്ട സംഭവം: കോണ്‍ഗ്രസ് സമരത്തിന്
അന്തിക്കാട്: താന്ന്യം സഹകരണ ബാങ്കില്‍ പണയം വച്ച വീട്ടമ്മയുടെ സ്വര്‍ണം നഷ്ടപ്പെട്ട സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാത്തതിനെതിരേ കോണ്‍ഗ്രസ് സമരത്തിനൊരുങ്ങുന്നു.
2010 ലാണ് കേസിനാസ്പദമായ സംഭവം. 192.8 ഗ്രാം സ്വര്‍ണം പണയം വച്ച വീട്ടമ്മ അതു തിരിച്ചെടുക്കാന്‍ ബാങ്കിലെത്തിയപ്പോള്‍ 25.7 ഗ്രാം മാത്രമാണ് ലഭിച്ചത്. ഇവരുടെ 167.1 ഗ്രാം സ്വര്‍ണം നഷ്ടപ്പെട്ടു. തുടര്‍ന്ന് വീട്ടമ്മയ്ക്ക് 3.5 ലക്ഷം രൂപ നല്‍കി ബാങ്ക് അധികൃതര്‍ തടിതപ്പി. എന്നാല്‍ ജീവനക്കാര്‍ക്കെതിരേ നടപടിയെടുക്കുവാനോ പൊലിസില്‍ പരാതി നല്‍കുവാനോ തയാറായില്ല. പിന്നീട് കോഴിക്കോടുള്ള സ്വകാര്യ ഏജന്‍സിയെ കൊണ്ട് അന്വേഷണം നടത്തി പ്രശ്‌നം അവസാനിപ്പിക്കുകയായിരുന്നു. ബാങ്കില്‍ പണയം വച്ച മറ്റൊരു യുവതിയുടെ 24 ഗ്രാം സ്വര്‍ണവും നഷ്ടപ്പെട്ട സംഭവവുമുണ്ടായി. ബാങ്കില്‍ പണയം വച്ച സ്വര്‍ണം നഷ്ടപ്പെട്ടത് സംബന്ധിച്ച് ബാങ്ക് മെംബര്‍ എം.കെ. ചന്ദ്രന്‍ മുഖ്യമന്ത്രി, മധ്യ മേഖല ഐജി, നിയമ സഭ കക്ഷി സമിതി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല. തുടര്‍ന്ന് തൃശൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും കേടതിയില്‍ നിന്നും അനുകൂല വിധിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
2018 ജൂലൈയില്‍ കേസന്വേഷണം ക്രൈം ബാഞ്ചിനെ ഏല്‍പ്പിക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍ ഭരണ സ്വാധീനം ഉപയോഗിച്ച് കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നു കോണ്‍ഗ്രസ് ആരോപിച്ചു.
ബാങ്കിലെ പണയ സ്വര്‍ണം മോഷണത്തിന് ഭരണസമിതി ഒത്താശ ചെയ്യുകയാണെന്നും ഇതു സംബന്ധിച്ചുണ്ടായ ഹൈക്കോടതി ഉത്തരവ് ഉടന്‍ നടപ്പിലാക്കണമെന്നും കോണ്‍ഗ്രസ് താന്ന്യം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
അല്ലാത്ത പക്ഷം സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് മണ്ഡലം പ്രസിഡന്റ് വി.കെ സുശീലന്‍, വൈസ് പ്രസിഡന്റ് മിനി ജോസ്, എം.കെ ചന്ദ്രന്‍, ആന്റോ തൊറയന്‍, സജി തച്ചപ്പുള്ളി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."