അര്‍ബുദ രോഗിയായ യുവാവ് സഹായം തേടുന്നു
അന്തിക്കാട്: പുള്ള് സ്വദേശിയായ ലാത്സന്‍ (32) എന്ന ചെറുപ്പക്കാരന് വിധിയെ അസാമാന്യ ചങ്കൂറ്റത്തോടെ നേരിടുകയാണ്. കാന്‍സര്‍ ബാധിതനായ ലാത്സന്റെ അന്നനാളം ചികിത്സക്കിടെ വെന്തു കരിഞ്ഞതിനാല്‍ ശരീരം തുളച്ചിട്ട ട്യൂബിലൂടെയാണ് ജീവന് നിലനിര്‍ത്താനായുളള ആഹാരം നല്കി വരുന്നത്. ചാഴൂര്‍ പഞ്ചായത്തിലെ പുള്ള് സ്വദേശിയാണ് ചിറമ്മല്‍ വീട്ടില്‍ ലാത്സന്‍. ബഹ്റൈനില്‍ ജോലിയുണ്ടായിരുന്ന ലാത്സന്‍ അവധിക്കു നാട്ടിലെത്തിയപ്പോഴാണ് താടിയില്‍ തടിപ്പ് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഡോക്ടറെ കാണുന്നത്.
പരിശോധനയില്‍ കാന്‍സര്‍ ആണെന്നു സ്ഥിരീകരിച്ചു. തുടര്‍ന്ന് തിരുവനന്തപുരം ആര്.സി.സി യില്‍ ചികിത്സ.30 റേഡിയേഷന് നടത്തി. ഐഡിന് തെറാപ്പിയും നടത്തി. എന്നാല്‍ റേഡിയേഷന് കാഠിന്യത്തില്‍ ഈ യുവാവിന്റെ അന്നനാളം വെന്തു കരിഞ്ഞതായി പറയുന്നു. ഒന്‍പത് മാസമായി ലാത്സന്‍ ഭക്ഷണം വായിലൂടെ കഴിച്ചിട്ട്. ഭക്ഷണം മിക്സിയില്‍ അടിച്ചെടുത്ത് സിറിഞ്ചില്‍ നിറച്ച് ട്യൂബ് വഴി രണ്ടുമണിക്കൂര്‍ ഇടവിട്ട് നല്‍കിയാണ് ഈ യുവാവിന്റെ ജീവന് നിലനിര്‍ത്തുന്നത്. ഉമിനീരിറക്കാനും ഇദ്ദേഹത്തിനാവില്ല. വായില്‍ എത്തുന്ന ഉമിനീര് സമീപത്തെ പാത്രത്തിലേക്ക് തുപ്പി കളയേണ്ട അവസ്ഥയാണുള്ളത്.
മരുന്നുകളും ട്യൂബ് വഴിയാണ് നല്‍കുന്നത്. ഒന്നര വര്‍ഷമായി ചികിത്സ തുടങ്ങിയിട്ട്. ഇതിനിടയില്‍ ആകെയുള്ള പുരയിടവും ചികിത്സക്കായി പണയപ്പെടുത്തി എട്ടു ലക്ഷം രൂപ ചെലവഴിച്ചു. ലാത്സന്റെ ചികിത്സക്കായി 15 ലക്ഷം രൂപ ചെലവായി . എറണാകുളത്തെ ആശുപത്രിയില്‍ തുടര്‍ ചികിത്സക്കിടെ പണവും തീര്‍ന്നതോടെ ലാല്സനും ഭാര്യയും പ്രതിസന്ധിയിലായി.
ഇനിയും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാന്‍ മാനസികമായി തയാറല്ലായിരുന്ന ലാത്സന്‍ വിധിയെ നേരിടാന്‍ തയ്യാറെടുത്ത് ആശുപത്രി വിട്ടു പോരുകയായിരുന്നു. തൊണ്ടയേയും ലങ്ങ്സിനെയും ബാധിച്ച കാന്‍സറിനെ അസാധാരണ ബലം കൊണ്ടാണീ യുവാവ് നേരിടുന്നത്. ഒരു ദിവസം മരുന്നിനു മാത്രം ഒന്‍പതിനായിരം രൂപ വേണം.
ലാല്സനും ഭാര്യ സ്റ്റെഫിക്കും കുഞ്ഞിനും ഇനി വേണ്ടത് കരുണയുടെ സഹായ ഹസ്തങ്ങളാണ്. സഹായങ്ങള്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ആലപ്പാട് ശാഖയിലെ 0096053000006949 എന്ന അക്കൗണ്ട് നമ്പറില്‍ അയക്കേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."