ദുരിതപ്രവാസം മതിയാക്കി അഫ്‌സല്‍ നാട്ടിലേയ്ക്ക് മടങ്ങി
ദമാം: ഹൗസ് ഡ്രൈവര്‍ വിസയിലെത്തി ദുരിതത്തിലായ മലയാളി ഹൗസ് ഡ്രൈവര്‍ സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.
മലപ്പുറം പൊന്നാനി സ്വദേശിയായ മുഹമ്മദ് അഫ്‌സലാണ് ദമാമില്‍നിന്നു മടങ്ങിയത്. നാട്ടിലെ പാവപ്പെട്ട കുടുംബത്തിന്റെ അത്താണിയായ അഫ്‌സല്‍ ഏറെ പ്രതീക്ഷകളോടെയാണ് ഒന്നരവര്‍ഷം മുന്‍പ് ദമ്മാമിലെ ഒരു സഊദി പൗരന്റെ വീട്ടില്‍ ഹൌസ് ഡ്രൈവറായി ജോലിയ്‌ക്കെത്തിയത്. എന്നാല്‍ അപ്രതീക്ഷിതമായി ദുരിത ജീവിതമായിരുന്നു നേരിടേണ്ടി വന്നത്.
സഹികെട്ട അഫ്‌സല്‍, തനിയ്ക്ക് എക്‌സിറ്റ് തരണമെന്ന് സ്‌പോണ്‍സറോട് പറഞ്ഞു. എന്നാല്‍ പതിനായിരം റിയാല്‍ നഷ്ടപരിഹാരം തന്നാല്‍ മാത്രമേ എക്‌സിറ്റ് തരൂ എന്ന നിലപാടില്‍ ആയിരുന്നു സ്‌പോണ്‍സര്‍. ചില സുഹൃത്തുക്കളുടെ ഉപദേശം അനുസരിച്ച് ദമ്മാമിലെ ലേബര്‍ കോടതിയില്‍ എത്തിയ അഫ്‌സല്‍ അവിടെവച്ച് സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ ലേബര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.
കോടതിയുടെ ആദ്യസിറ്റിങ്ങില്‍ തന്നെ ഹാജരായ സ്‌പോണ്‍സറുമായി സാമൂഹിക പ്രവര്‍ത്തകന്‍ ഷാജി മതിലകം ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തി. ആദ്യമൊക്കെ പിടിവാശി കാട്ടിയെങ്കിലും, നഷ്ടപരിഹാരം വാങ്ങാതെ ഫൈനല്‍ എക്‌സിറ്റും വിമാനടിക്കറ്റും നല്‍കാമെന്ന് സ്‌പോണ്‍സര്‍ ഒടുവില്‍ സമ്മതിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."