പ്രതിയിലേക്ക് എത്തിയത് അഭിഭാഷകനെ നിരീക്ഷിച്ച്
കൊച്ചി : യുവനടിയെ അക്രമിച്ച കേസിലെ പ്രധാനപ്രതിയുടെ നീക്കങ്ങള്‍ പൊലിസ് മനസിലാക്കിയത് കൊച്ചിയിലെ ഒരു അഭിഭാഷകന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച്. പള്‍സര്‍ സുനിക്ക് വേണ്ടി മുന്‍കൂര്‍ ജാമ്യത്തിന് അങ്കമാലിയിലെ ഇ.സി പൗലോസ് എന്ന അഭിഭാഷകനെ ഏല്‍പിച്ചതും വ്യാഴാഴ്ച കീഴടങ്ങല്‍ ഹരജി നല്‍കാന്‍ അഡ്വ. കൃഷ്ണകുമാറിനെ വക്കാലത്ത് ഏല്‍പിച്ചതും ഈ അഭിഭാഷകനാണെന്ന് പൊലിസിന് വിവരം ലഭിച്ചിരുന്നു.
സുനി ചൊവ്വാഴ്ച കോയമ്പത്തൂരില്‍ ഉണ്ടായിരുന്നതായി പൊലിസ് സ്ഥിരീകരിച്ചിരുന്നു. ഇവിടെ വച്ച് പിടികൂടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ബുധനാഴ്ച തിരുവനന്തപുരത്ത് കീഴടങ്ങാന്‍ നീക്കം നടത്തിയിരുന്നു. ഇതിനായി അഭിഭാഷകന്‍ തിരുവനന്തപരത്ത് എത്തുകയും ചെയ്തു. എന്നാല്‍ സുനിക്ക് കൃത്യസമയത്ത് അവിടെ എത്താന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് കൊച്ചിയില്‍ കീഴടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.
അഭിഭാഷകന്റെ നീക്കങ്ങള്‍ പിന്തുടര്‍ന്ന പൊലിസിന് പകല്‍ പന്ത്രണ്ടോടെ തന്നെ സുനിയുടെയും കൂട്ടാളിയുടെയും നീക്കങ്ങളെ കുറിച്ച് അപ്പപ്പോള്‍ വിവരം ലഭിച്ചിരുന്നു. അഭിഭാഷകന്റെ വാഹനത്തില്‍ എത്തിയ പ്രതികളെ എറണാകുളം ജോസ് ജംഗ്ഷന്‍ മുതല്‍ പൊലിസ് പിന്തുടരുകയും ചെയ്തു.
പള്‍സര്‍ ബൈക്കില്‍ നാടകീയമായി കോടതിക്ക് സമീപത്തേക്ക് എത്താന്‍ അഭിഭാഷകര്‍ സൗകര്യം ഒരുക്കിയതായി പൊലിസ് സംശയിക്കുന്നു. പ്രതിക്ക് നിയമസഹായം ലഭ്യമാക്കുന്നതിലുപരി പ്രതിയെ സംരക്ഷിക്കുന്ന സമീപനമാണ് ഈ അഭിഭാഷകന്‍ സ്വീകരിച്ചതെന്നാണ് പൊലിസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."