സംസ്ഥാനത്ത് കാണാതാവുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ധന; അഞ്ചുവര്‍ഷത്തിനിടെ കാണാതായവര്‍ 6026
കോഴിക്കോട്: കേരളത്തില്‍ കാണാതാകുന്ന കുട്ടികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധന. കാണാതാവുന്നതില്‍ കൂടുതലും പെണ്‍കുട്ടികളാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കേരളത്തില്‍ നിന്നു കാണാതായ കുട്ടികളുടെ എണ്ണം 6026 ആണ്. ഇതില്‍ 3,311 പേരും പെണ്‍കുട്ടികളാണ്. പ്രതിമാസം ശരാശരി 50 പെണ്‍കുട്ടികളെ കാണാതാകുന്നുണ്ടെന്നാണ് കണക്ക്. തിരുവനന്തപുരം റൂറല്‍ പരിധിയില്‍ നിന്ന് മാത്രം 534 പെണ്‍കുട്ടികളെ അഞ്ച് വര്‍ഷത്തിനിടെ കാണാതായി. 331 കുട്ടികളാണ് മലപ്പുറം ജില്ലയില്‍ നിന്ന് അപ്രത്യക്ഷരായത്. വീടിനുള്ളിലെ പീഡനങ്ങള്‍ ഭയന്നും, പ്രണയക്കെണിയിലും പെണ്‍വാണിഭ സംഘത്തില്‍പെട്ടും നാടുവിട്ടു പോകുന്ന സംഭവങ്ങളാണ് കൂടുതലും റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നു.
സ്വമേധയാ വീടുവിട്ടിറങ്ങിപ്പോകുന്ന പെണ്‍കുട്ടികളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. 2008ല്‍ 166 പെണ്‍കുട്ടികളേയും 2009ല്‍ 173 പെണ്‍കുട്ടികളേയും, 2010ല്‍ 184 പെണ്‍കുട്ടികളേയും 2011ല്‍ 221 പെണ്‍കുട്ടികളേയും കാണാതായി. 2012ല്‍ 214 പേരെയും, 2013ല്‍ 185 പേരെയും 2014ല്‍ 189 പേരെയും 2015ല്‍ 226 പേരെയും ഇത്തരത്തില്‍ കാണാതായിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും 20 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളാണ്.
ഏറ്റവും കൂടുതല്‍ ആണ്‍കുട്ടികളെ കാണാതായതും മലപ്പുറത്തു നിന്നാണ്. 303 കുട്ടികളാണ് അഞ്ചു വര്‍ഷത്തിനിടെ മലപ്പുറത്തു നിന്നും അപ്രത്യക്ഷരായത്്. അഞ്ച് വര്‍ഷത്തിനിടെ കേരളത്തില്‍ നിന്നും 2715 ആണ്‍കുട്ടികളെ കാണാതായി. തിരുവനന്തപുരത്തു നിന്നുമാത്രം 1151 ആണ്‍കുട്ടികളെ കാണാതായിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗം കുട്ടികളെക്കുറിച്ചും യാതൊരു വിവരവുമില്ല. ഏറ്റവും കുറവ് കുട്ടികളെ കാണാതായ ജില്ല കാസര്‍കോട് ആണ്. കുട്ടികള്‍ക്കെതിരായ ആക്രമങ്ങളുടെ എണ്ണത്തിലും അവസാനം നില്‍ക്കുന്നത് കാസര്‍കോടാണ്. പൊലിസില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകള്‍. രജിസ്റ്റര്‍ ചെയ്യാത്ത അനേകം കേസുകള്‍ വേറെയുമുണ്ട്. വീടുകളില്‍ നിന്ന് പിണങ്ങി ഇറങ്ങുന്ന കുട്ടികളില്‍ ഭൂരിഭാഗവും ഭിക്ഷാടന മാഫിയയുടേയും മറ്റും കൈകളില്‍ അകപ്പെടുന്നുണ്ടെന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."