എറണാകുളം ജയിലിലും പെട്രോള്‍ പമ്പ്
കാക്കനാട്: തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിനു പിന്നാലെ പെട്രോള്‍ പമ്പുമായി എറണാകുളം ജില്ലാ ജയിലും. മതിയായ സുരക്ഷാ ക്രമീകരണങ്ങളോടെ സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡില്‍ കാക്കനാട്ടെ ജില്ലാ ജയിലിനോടു ചേര്‍ന്ന സ്ഥലത്താണ് പമ്പ് സ്ഥാപിക്കുന്നത്.
വനിതാ തടവുകാരെ ഉള്‍പ്പെടെ ഇവിടെ ജോലിക്കു നിയോഗിക്കാനാണ് തീരുമാനം. ഐ.ഒ.സി അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കി അടുത്ത മാസം പെട്രോള്‍ പമ്പ് ഉദ്ഘാടനം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. ജയില്‍ വകുപ്പു നടത്തുന്ന സംസ്ഥാനത്തെ രണ്ടാമത്തെ പെട്രോള്‍ പമ്പാകും ഇത്.തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിനോടു ചേര്‍ന്ന് നേരത്തെ പെട്രോള്‍ പമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. കോഴിക്കോട് ജില്ലാ ജയിലിനോടും കണ്ണൂര്‍, തൃശൂര്‍ സെന്‍ട്രല്‍ ജയിലുകളോടും ചേര്‍ന്നും പെട്രോള്‍ പമ്പ് നിലവില്‍ വരും.
ജയില്‍ കവാടത്തിലെ ഭക്ഷണ കൗണ്ടറിലെ കച്ചവടത്തിനു പുറമെ ഓണ്‍ലൈന്‍ ഭക്ഷണ വ്യാപാരവും ജില്ലാ ജയിലില്‍ നടത്തുന്നുണ്ട്. വാണിജ്യാടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കുന്ന ജയിലുകളിലൊന്നാണ് എറണാകുളം ജില്ലാ ജയില്‍.
രണ്ടു മാസം മുമ്പാണ് സമീപത്തെ വനിതാ ജയില്‍ ജില്ലാ ജയിലിനോടു ചേര്‍ത്തത്. ഇതോടെ അടുക്കള സജീവമായി. വിവിധയിനം പലഹാരങ്ങള്‍ ജയിലില്‍ നിന്നു വിപണിയിലെത്തുന്നുണ്ട്. രാജ്യത്തു തന്നെ ആദ്യമായി വിപണനാടിസ്ഥാനത്തില്‍ നായ വളര്‍ത്തല്‍ തുടങ്ങിയതും ഇവിടെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."