പെയ്‌സ് വേണ്ട; സാകേത് മൈനേനി മതിയെന്ന് ബൊപ്പണ്ണ അസോസിയേഷന്റെ നിലപാട് നിര്‍ണായകം
ന്യൂഡല്‍ഹി: 2012ലെ ലണ്ടന്‍ ഒളിംപിക്‌സിനു തൊട്ടുമുന്‍പ് ഇന്ത്യന്‍ ടെന്നീസില്‍ പൊട്ടിപ്പുറപ്പെട്ട വിവാദങ്ങള്‍ക്ക് സമാനമായി ഡബിള്‍സിലെ പങ്കാളിയെ സംബന്ധിച്ച് വീണ്ടും തര്‍ക്കം. റാങ്കിങ് അടിസ്ഥാനത്തില്‍ നേരിട്ടു യോഗ്യത നേടിയ രോഹന്‍ ബൊപ്പണ്ണ റിയോ ഒളിംപിക്‌സില്‍ ഡബിള്‍സ് പോരാട്ടങ്ങള്‍ക്കുള്ള തന്റെ പങ്കാളിയെ തെരഞ്ഞെടുത്ത് അസോസിയേഷനെ അറിയിച്ചതോടെയാണ് സമാന അവസ്ഥ വീണ്ടും സൃഷ്ടിക്കപ്പെട്ടത്. ഇന്ത്യയുടെ വെറ്ററന്‍ ടെന്നീസ് ഇതിഹാസമായ ലിയാന്‍ഡര്‍ പെയ്‌സിനെ തഴഞ്ഞ ബൊപ്പണ്ണ സാകേത് മൈനേനിയെയാണ് പകരം പരിഗണിച്ചിരിക്കുന്നത്. അഖിലേന്ത്യാ ടെന്നീസ് അസോസിയേഷ(എ.ഐ.ടി.എ)ന് നല്‍കിയ കത്തിലാണ് ബൊപ്പണ്ണ ഇക്കാര്യം വ്യക്തമാക്കിയത്. മൈനേനിയെയാണ് ബൊപ്പണ്ണ നിര്‍ദേശിച്ചിരിക്കുന്നതെന്നു ടെന്നീസ് അധികൃതരോടടുത്ത വൃത്തങ്ങള്‍ തന്നെ വെളിപ്പെടുത്തി.
എന്നാല്‍ പങ്കാളിയെ സംബന്ധിച്ച് വിശദീകരണത്തിനായി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഏതു താരത്തെയാണ് തെരഞ്ഞെടുത്തതെന്ന് വ്യക്താക്കാന്‍ ബൊപ്പണ്ണ തയ്യാറായില്ല. ലോക റാങ്കിങില്‍ ആദ്യ പത്തില്‍ ഇടം പിടിച്ചതിനാല്‍ ബൊപ്പണ്ണയ്ക്ക് ഒളിംപിക്‌സിന് നേരിട്ട് യോഗ്യത നേടാന്‍ സാധിച്ചിരുന്നു. തന്റെ പങ്കാളിയെ തീരുമാനിക്കാനും ബൊപ്പണ്ണയ്ക്ക് സ്വാതന്ത്ര്യമുണ്ട്. ഇതാരാണെന്ന് അറിയിച്ച് അസോസിയേഷന് കത്തു നല്‍കി. തന്റെ ആവശ്യം അംഗീകരിക്കുമെന്നാണ് കരുതുന്നതെന്നു ബൊപ്പണ്ണ പറഞ്ഞു. എന്നാല്‍ അഖിലേന്ത്യ അസോസിയേഷന്‍ താരത്തിന്റെ നിര്‍ദേശം തള്ളാനാണ് സാധ്യത.
ബൊപ്പണ്ണയുടെ നിര്‍ദേശം യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നാണ് അസോസിയേഷന്‍ അംഗങ്ങളുടെ നിലപാട്. താരത്തിന്റെ നീക്കം ബുദ്ധിപരമല്ല. ഇത്തരമൊരു നീക്കം അനുവദിച്ചു കൊടുത്താല്‍ എല്ലാവരും അസോസിയേഷനെയും ബൊപ്പണ്ണയെയും രൂക്ഷമായി വിമര്‍ശിക്കും. കാരണം പെയ്‌സ് ഇന്ത്യക്ക് നല്‍കിയ സംഭാവനയെന്തെന്ന് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ട് ടെന്നീസ് താരങ്ങളെ ഒറ്റയ്ക്കു തീരുമാനമെടുക്കാന്‍ അനുവദിക്കില്ലെന്നും അസോസിയേഷന്‍ വക്താവ് പറഞ്ഞു.
അതേസമയം റാങ്കില്‍ 125ാം സ്ഥാനത്തുള്ള സാകേതിനെ തെരഞ്ഞെടുത്തതിന്റെ കാരണം വ്യക്തമാക്കാന്‍ ബൊപ്പണ്ണയ്ക്ക് സാധിച്ചിട്ടില്ല. 46ാം റാങ്കിലുള്ള പെയ്‌സിന് മത്സരം പരിചയത്തോടൊപ്പം സമ്മര്‍ദഘട്ടങ്ങളില്‍ ടീമിനെ മുന്നോട്ടു നയിക്കാനും സാധിക്കുമെന്നാണ് അസോസിയേഷന്റെ നിലപാട്. ഇന്നു നടക്കുന്ന അസോസിയേഷന്റെ യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും.
ബൊപ്പണ്ണ തന്നെ പരിഗണിക്കുമെന്ന പ്രതീക്ഷ നേരത്തെ പെയ്‌സ് പങ്കു വച്ചിരുന്നു. 2012ലേതിനു സമാനമായ വിവാദങ്ങളുണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നു വ്യക്തമാക്കിയ അദ്ദേഹം താനും ബൊപ്പണ്ണയുമടങ്ങിയ സഖ്യം മികച്ച കൂട്ടുകെട്ടാണെന്നും പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."