യൂറോ കപ്പ്: യുവ ശക്തിയുമായി ഇംഗ്ലണ്ട് ഇന്നിറങ്ങും
പാരിസ്: യൂറോ കപ്പില്‍ ഇന്നു മൂന്നു മല്‍സരങ്ങളാള്‍. എ ഗ്രൂപ്പില്‍ നിന്നുള്ള അല്‍ബേനിയയും സ്വിറ്റ്‌സര്‍ലന്‍ഡും തമ്മിലാണ് ആദ്യത്തെ മത്സരം. രണ്ടാമത്തെ പോരില്‍ ബി ഗ്രൂപ്പില്‍ നിന്നുള്ള വെയ്ല്‍സ് സ്ലോവാക്യ ഏറ്റുമുട്ടും. ഇംഗ്ലണ്ടും റഷ്യയും തമ്മിലാണ് ഇന്നത്തെ മൂന്നാം പോരാട്ടം.
ഷാഖിരിയുടെ
കരുത്തില്‍
സ്വിറ്റ്‌സര്‍ലന്‍ഡ്
ഫിഫ റാങ്കിങ്ങില്‍ 15ാം സ്ഥാനത്ത് നില്‍കുന്ന സ്വിറ്റ്‌സര്‍ലന്‍ഡ് മികച്ച ടീമാണ്. ലോകോത്തര താരം ഷെഹ്ര്‍ദന്‍ ഷാഖിരിയാണ് ടീമിന്റെ കരുത്ത്. സ്വിറ്റ്‌സര്‍ലന്‍ഡ് നാലു തവണ ലോകകപ്പിനും നാലു തവണ യൂറോ കപ്പിനും യോഗ്യത നേടിയിട്ടുണ്ട്. എല്ലായ്‌പ്പോഴും ആദ്യ റൗണ്ടില്‍ പുറത്തായ അവര്‍ ഇത്തവണ മികച്ച ഫലങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇന്നത്തെ പോരാട്ടത്തില്‍ മാനസിക മുന്‍തൂക്കം സ്വിറ്റസര്‍ലന്‍ഡിനാണെങ്കിലും അല്‍ബേനിയ പൊരുതിക്കളിക്കും.
റാങ്കിങ്ങില്‍ 42-ാം സ്ഥാനത്തുള്ള അല്‍ബേനിയക്ക് ലോക ഫുട്‌ബോള്‍ ഭൂപടത്തില്‍ കാര്യമായ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ല. ഒരു കാലത്ത് 124ാം സ്ഥാനത്തു നിന്നിരുന്ന ടീമിനു 22ാം സ്ഥാനത്ത് വരെയെത്താന്‍ കഴിഞ്ഞിട്ടുണ്ട്.
അല്‍ബേനിയയുടെ ആദ്യ അന്താരാഷ്ട്ര ചാംപ്യന്‍ഷിപ്പാണ് ഇത്തവണത്തേത്.
ജിയാനി ഡി ബിയാസിയുടെ കീഴില്‍ പരിശീലിക്കുന്ന ടീമിനു വമ്പന്‍മാര്‍ക്കിടയില്‍ നിന്നു കൂടുതലൊന്നും സ്വപ്നം കാണാന്‍ കഴിയില്ലെങ്കിലും ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു വിജയമെങ്കിലും കൊതിച്ചായിരിക്കും ടീം ഇന്നു കളത്തിലിറങ്ങുക.
വെയ്ല്‍സിന് കന്നി പോരാട്ടം
ഗെരത് ബെയ്‌ലിന്റെ കരുത്തില്‍ ആദ്യ യൂറോയ്ക്കിറങ്ങുന്ന വയ്ല്‍സ് സ്ലോവാക്യയുമായി കന്നി യറോ പോരിനിറങ്ങുന്നു. 1958ല്‍ ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ടെങ്കിലും യൂറോ കപ്പില്‍ ആദ്യമായിട്ടാണ് വെയ്ല്‍സെത്തുന്നത്. അതിവേഗത്തില്‍ പന്തുമായി കുതിക്കുന്ന റയല്‍മാഡ്രിഡ് താരം കൂടിയായ ബെയിലിലാണ് ടീമിന്റെ പ്രതീക്ഷ മുഴുവന്‍. പ്രതിസന്ധഘട്ടത്തില്‍ ഏത് പ്രധിരോധവും മറികടക്കാനുള്ള താരത്തിന്റെ മികവ് എതിര്‍ നിരയ്ക്ക് അലോസരമുണ്ടാക്കും. മുന്നേറ്റ നിര താരങ്ങളായ സാം വോക്‌സ്, സൈമണ്‍ ക്രഞ്ച് എന്നിവര്‍ ബെയ്‌ലിനൊപ്പം ചേരുന്നതോടെ ആദ്യ മല്‍സരത്തില്‍ തന്നെ വിജയക്കൊടി പാറിക്കാനാകുമെന്ന ധാരണയിലാണ് സംഘം ആദ്യ മത്സരത്തിനിറങ്ങുന്നത്.
ശക്തമായ മുന്നേറ്റനിരയുള്ള വെയ്ല്‍സിനോട് പിടിച്ചു നില്‍ക്കണമെങ്കില്‍ സ്ലോവാക്യ വിയര്‍പ്പൊഴുക്കേണ്ടി വരുമെന്നതില്‍ സംശയമില്ല. ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച ടീമാണ് സ്ലോവാക്യ. യൂറോ യോഗ്യതയിലെ പത്തു മത്സരങ്ങളില്‍ ഏഴിലും വിജയിച്ചാണ് ഇത്തവണ സ്ലോവാക്യന്‍ സംഘം ഫ്രാന്‍സിലേക്ക് വണ്ടി കയറിയിട്ടുള്ളത്.
ഇംഗ്ലണ്ടിനു റഷ്യന്‍ വെല്ലുവിളി
ലോക ഫുട്‌ബോളിലെ മികച്ച ടീമായി എക്കാലവും പരിഗണിക്കപ്പെട്ടിട്ടുള്ള ഇംഗ്ലണ്ട് ഇത്തവണ രണ്ടും കല്‍പ്പിച്ചാണ് വരുന്നത്. യൂറോയില്‍ ഇതുവരെ കപ്പടിക്കാന്‍ സാധിക്കാത്ത ഇംഗ്ലീഷ് നിര ആ കോട്ടം നികത്താനുള്ള ഒരുക്കത്തില്‍ ഇന്നു ആദ്യ പോരിനിറങ്ങും. 1996 സെമിയില്‍ പ്രവേശിച്ചതാണ് യൂറോയിലെ ഏക നേട്ടം. റഷ്യയാണ് അവരുടെ എതിരാളി. ആദ്യ മത്സരത്തില്‍ തന്നെ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെയാണ് റോയ് ഹോഡ്‌സന്‍ പരിശീലിപ്പിക്കുന്ന ഇംഗ്ലണ്ട് സംഘമിറങ്ങുന്നത്.
റഷ്യ, വെയ്ല്‍സ്, സ്ലോവാക്യ ടീമുകളുള്ള ഗ്രൂപ്പില്‍ നിന്നു അനായാസം രണ്ടാം റൗണ്ടില്‍ പ്രവേശിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ടീം. വെയ്ന്‍ റൂണി മുന്നില്‍ നിന്നു നയിക്കുന്ന ടീമില്‍ പ്രതിഭാധനരായ യുവാക്കളുടെ സാന്നിധ്യമാണ് ശ്രദ്ധേയം. ഗോളടി വിസ്മയം റാഷ്‌ഫോര്‍ഡ്, ജാമി വാര്‍ഡി, ഹാരി കെയ്ന്‍, സ്റ്റുറിഡ്ജ് തുടങ്ങി യുവ ശക്തിയാണ് ഇംഗ്ലീഷ് ടീമിന്റെ വൈവിധ്യം. യോഗ്യതക്കായി കളിച്ച പത്തു മത്സരത്തില്‍ പത്തും വിജയിച്ചാണ് ഇംഗ്ലണ്ടിന്റെ വരവ്.
1960ലെ യൂറോ ചാംപ്യന്‍മാരായ റഷ്യക്ക് ഒന്നാം റൗണ്ട് കടക്കണമെങ്കില്‍ പൊരുതേണ്ടി വരും. ഇംഗ്ലണ്ടും വെയ്ല്‍സും ഭീഷണിയുയര്‍ത്തുന്നുണ്ടെങ്കിലും മികച്ച ടീമുമായിട്ടാണ് റഷ്യയെത്തുന്നത്.
യുവ താരങ്ങളും ടീമിന്റെ കുന്തമുനകളുമായ ആര്‍ട്ടെം സ്യൂബ, ഫെഡോര്‍ സ്‌മോളോവ്, കൊകോറിന്‍ എന്നിവരാണ് ടീമിന്റെ കരുത്ത്.
വെറ്ററന്‍ താരം റോമന്‍ ഷിറോക്കോവാണ് ടീമിനെ നയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."