ആദിവാസി ഭൂ വിതരണം: വനം വകുപ്പിനെ പഴിച്ച് റവന്യൂ, പട്ടികവര്‍ഗ മന്ത്രിമാര്‍
സ്വന്തം ലേഖകന്‍
കല്‍പ്പറ്റ: ആദിവാസി ഭൂമി വിതരണത്തിലെ കാലതാമസത്തിനു വനം വകുപ്പിനെ കുറ്റപ്പെടുത്തി റവന്യൂ, പട്ടികവര്‍ഗ മന്ത്രിമാര്‍. വയനാട്ടില്‍ നടന്ന പട്ടയമേളക്കിടെയാണ് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും പട്ടികവര്‍ഗ ക്ഷേമ മന്ത്രി എ.കെ ബാലനും വനംവകുപ്പിനെതിരേ പരസ്യ വിമര്‍ശനം നടത്തിയത്.
സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ആദിവാസികള്‍ക്കു നല്‍കുന്നതിനു വനം വകുപ്പു ചൂണ്ടിക്കാണിക്കുന്നതില്‍ 70 ശതമാനം ഭൂമിയും വാസയോഗ്യമല്ലെന്നു മേളയില്‍ അധ്യക്ഷപ്രസംഗം നടത്തവെ മന്ത്രി എ.കെ ബാലന്‍ തുറന്നടിച്ചു. വനം വകുപ്പ് റവന്യൂ വകുപ്പിനു ഭൂമി വിട്ടുകൊടുക്കുന്നതിലെ കാലതാമസമാണ് ആദിവാസി ഭൂപ്രശ്‌നം പരിഹരിക്കുന്നതിനു പ്രധാന തടസമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. താമസത്തിനും കൃഷിക്കും യോജിച്ച സ്ഥലം അനുവദിക്കാന്‍ വനം വകുപ്പ് സൗമനസ്യം കാണിക്കാന്‍ തയാറാകണമെന്നും മന്ത്രി ബാലന്‍ ആവശ്യപ്പെട്ടു. ആദിവാസി ഭൂമിപ്രശ്‌നം വേണ്ടവിധം പരിഹരിക്കുന്നതിനു വലിയ ഇടപെടല്‍ ഉണ്ടായത് കഴിഞ്ഞ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്താണ്. എന്നാല്‍ പിന്നീടു വന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തു ആദിവാസികള്‍ക്കു അവകാശപ്പെട്ട വനഭൂമിയുടെ വിതരണത്തില്‍ വേഗതയുണ്ടായില്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ് നടപടികള്‍ ത്വരിതപ്പെടുത്തിയതെന്ന അവകാശവാദവും മന്ത്രി ബാലന്‍ ഉന്നയിച്ചു.
മേള ഉദ്ഘാടനം ചെയ്ത റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ വിമര്‍ശനം ഒരുപടികൂടി കടന്നായിരുന്നു. വനംവകുപ്പ് റവന്യൂ വകുപ്പിനു വിട്ടുകൊടുക്കാമെന്നു പറയുന്നതില്‍ അധികവും മൃഗങ്ങള്‍ക്കുപോലും താമസിക്കാന്‍ കഴിയാത്ത ചെങ്കുത്തായതും പാറക്കെട്ടുകള്‍ നിറഞ്ഞുതുമായ സ്ഥലമാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ വകുപ്പുകളുടെ ആത്മാര്‍ഥ ഇടപെടല്‍ ഉണ്ടായാലേ ആദിവാസി ഭൂപ്രശ്‌നം പരിഹരിക്കാനാകൂ. ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കിയ സംസ്ഥാനത്തു പാവപ്പെട്ടവന്റെ ഭൂപ്രശ്‌നം പരിഹരിക്കാന്‍ കഴിയുന്നില്ല എന്നതു ദൗര്‍ഭാഗ്യകരമാണ്.
ജില്ലാ കലക്ടറും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍മാരും ഒത്തുപിടിച്ചാല്‍ ജില്ലയില്‍ ആദിവാസി ഭൂപ്രശ്‌നം വേഗത്തില്‍ പരിഹാരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭൂമി പട്ടികവര്‍ഗ കുടുംബങ്ങളുടെ അവകാശമാണ്. ലൈഫ് മിഷന്റെ ഭാഗമായി വീടുവയ്ക്കുന്നതിനു പട്ടയമേളയില്‍ 10 സെന്റ് വീതം ഭൂമി അനുവദിച്ച 500 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കു പിന്നീട് 90 സെന്റ് വീതം സ്ഥലം കൂടി നല്‍കുന്നതിനു സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."