ദക്ഷിണ കന്നഡയുടെ പണ്ഡിത തേജസിന് വിട നല്‍കി
#ഹമീദ് കുണിയ
മംഗളൂരു: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റും ദക്ഷിണ കന്നഡ യുടെ പണ്ഡിത തേജസുമായിരുന്ന മിത്തബയല്‍ കെ.പി അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ക്ക് തിങ്ങിനിറഞ്ഞ ജനസാഗര സാക്ഷ്യത്തില്‍ വിട നല്‍കി.
ദക്ഷിണ കന്നഡ ജില്ലയില്‍ ജാതിമത ഭേദമന്യേ ജനങ്ങളുടെ ആശ്രയവും വഴികാട്ടിയുമായി കഴിഞ്ഞ അന്‍പത് വര്‍ഷം ജീവിതം നയിച്ച ജബ്ബാര്‍ മുസ്‌ലിയാര്‍ മതം വിഭാവനം ചെയ്ത വഴിയില്‍ കൂടി സ്വന്തം ജീവിതം സംസ്‌കരിച്ചെടുക്കുമ്പോള്‍ തന്നെ ഒരു നാടിന്റെ ജീവിതവും സംസ്‌കരിച്ചെടുക്കുകയും ചെയ്തിരുന്നു.
അദ്ദേഹത്തിന്റെ മരണ വാര്‍ത്ത വന്നത് മുതല്‍ ഇന്നലെ ഉച്ചക്ക് മിത്തബയല്‍ ജുമാ മസ്ജിദ് പരിസരത്ത് വിട നല്‍കുന്നത് വരെ ഒഴുകിയെത്തിയ പതിനായിരങ്ങളില്‍ ഇതര മതസ്ഥരായ ഒട്ടനവധി പേര്‍ ഉണ്ടായിരുന്നത് അതിനു തെളിവായിരുന്നു.
നീണ്ട അന്‍പത് വര്‍ഷക്കാലം ഒരേ പ്രദേശത്ത് ദര്‍സ് നടത്തുകയും ഒട്ടനവധി പണ്ഡിതരെ വാര്‍ത്തെടുക്കുകയും ചെയ്ത ജബ്ബാര്‍ മുസ്‌ലിയാര്‍ സ്വന്തം ജന്മനാടായ ലക്ഷദ്വീപിലെ കില്‍ത്താനിലും തൊട്ടടുത്ത ദ്വീപുകളിലും കര്‍ണാടകയിലെ വിവിധ ജില്ലകളിലും അവരെ ദീനി രംഗത്തേക്ക് പറഞ്ഞയക്കുകയും ചെയ്തു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് കര്‍ണാടകയില്‍ പകരം വെക്കാനില്ലാത്ത നേതാവിനെയാണ് ജബ്ബാര്‍ മുസ്‌ലിയാരുടെ വിയോഗത്തോടെ നഷ്ടമായത്. 1971 മുതലാണ് ജബ്ബാര്‍ മുസ്‌ലിയാര്‍ മിത്തബയല്‍ ജുമാ മസ്ജിദില്‍ ദര്‍സ് തുടങ്ങിയത്.
തന്റെ ജീവിതാവസാനം വരെ അദ്ദേഹം അത് നിലനിര്‍ത്തിയതോടെ അദ്ദേഹത്തിന്റെ ശിഷ്യന്മാരായി സമൂഹത്തിനിടയില്‍ ഇറങ്ങിയത് ഒട്ടനവധി മതപണ്ഡിതന്മാരാണ്. സ്വന്തം ജീവിതം ഇസ്‌ലാമിക രീതിയില്‍ വളരെ ചെറുപ്പത്തില്‍ തന്നെ സംസ്‌കരിച്ചെടുത്ത അദ്ദേഹം തന്റെ പത്ത് ആണ്‍മക്കളില്‍ ഒന്‍പത് പേരെയും മതപ്രബോധന രംഗത്ത് അടിയുറപ്പിച്ചു നിര്‍ത്തുന്നതിലും പൂര്‍ണ വിജയം കൈവരിച്ചിരുന്നു.
ദക്ഷിണ കന്നഡ ജില്ലകള്‍,ഉഡുപ്പി ഉള്‍പ്പെടെയുള്ള കര്‍ണാടകയിലെ മറ്റു ജില്ലകളിലെയും മുസ്‌ലിം സമൂഹത്തെ ദീര്‍ഘകാലം ആത്മീയദശയില്‍ കൂടി നയിച്ച നേതാവാണ് ജബ്ബാര്‍ മുസ്‌ലിയാരെന്ന പ്രത്യേക വിശേഷണം തന്നെ വാര്‍ത്താ മാധ്യമങ്ങള്‍ നല്‍കിയിരുന്നു.
പാണ്ഡിത്യവും ലാളിത്യവും വിനയവും എന്നും കൈമുതലായി സൂക്ഷിച്ച അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ വിടവാങ്ങിയ വാര്‍ത്ത പലരും ഉള്‍ക്കൊള്ളാന്‍പോലും തയാറായിരുന്നില്ല. ഒട്ടനവധി തവണ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് പണ്ഡിതന്മാരും,സയ്യിദുമാരും നേതൃത്വം നല്‍കി.
കര്‍ണാടക മന്ത്രി യു.ടി.ഖാദര്‍ മൊയ്തീന്‍, മുന്‍ എം.എല്‍.എമാരായ ബാവ, രാമനാഥ് റൈ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് മുത്തുക്കോയ തങ്ങള്‍,ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍,സമസ്ത ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍, എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍, ത്വാഖ അഹമ്മദ് അല്‍ അസ്ഹരി,യു.എം അബ്ദുറഹിമാന്‍ മൗലവി, എം.എ ഖാസിം മുസ്‌ലിയാര്‍,കുമ്പോല്‍ കെ.എസ് ആറ്റക്കോയ തങ്ങള്‍,കെ.എസ് കുഞ്ഞിക്കോയ തങ്ങള്‍,കെ.എസ് അലി തങ്ങള്‍, നജ്മുദ്ദീന്‍ പൂക്കോയ തങ്ങള്‍ തുടങ്ങി മത സാമൂഹ്യ രാഷ്ട്രീയ രംഗത്തെ ഒട്ടനവധി നേതാക്കളും പ്രവര്‍ത്തകരും ജബ്ബാര്‍ മുസ്‌ലിയാര്‍ക്ക് വിട നല്‍കാന്‍ അദ്ദേഹത്തിന്റെ വസതിയിലും പൊതു ദര്‍ശനത്തിനു വച്ച ഹാളിലും എത്തിയിരുന്നു.
ഇന്നലെ ഉച്ചയോടെ മിത്തബയല്‍ ജുമാ മസ്ജിദ് പരിസരത്ത് ജനസാഗരം അദ്ദേഹത്തിന് വിട നല്‍കിയതോടെ പണ്ഡിത തേജസ് ജനഹൃദയങ്ങളില്‍ നൊമ്പരമായി മാറി. കര്‍ണാടക സര്‍ക്കാരിന് വേണ്ടി ബണ്ട്വാള്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ഡി നാഗരാജ് ഔദ്യോഗിക സല്യൂട്ട് നല്‍കി.
ജബ്ബാര്‍ മുസ്‌ലിയാരുടെ വിയോഗത്തില്‍
അനുശോചന പ്രവാഹം
മംഗളൂരു: സമസ്ത വൈസ് പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാരുടെ വിയോഗത്തില്‍ നാടെങ്ങും അനുശോചന പ്രവാഹം. മംഗളൂരുവിനു പുറമെ കര്‍ണ്ണാടകയിലെ വിവിധ ജില്ലകളില്‍ നിന്നും ജാതിമത ഭേദമന്യേ ആയിരങ്ങള്‍ അദ്ദേഹത്തിന്റെ വസതിയിലെത്തിയും അല്ലാതെയും അനുശോചനം രേഖപ്പെടുത്തി.
സമസ്ത കാസര്‍കോട് ജില്ലാ പ്രസിഡന്റും,കീഴൂര്‍ മംഗളൂരു സംയുക്ത ജമാഅത്ത് ഖാസിയുമായ ത്വാഖ അഹമ്മദ് അല്‍ അസ്ഹരി,ജനറല്‍ സെക്രട്ടറി യു.എം.അബ്ദുല്‍ റഹിമാന്‍ മൗലവി,ട്രഷറര്‍ കെ.ടി.അബ്ദുല്ല ഫൈസി, വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം .എ.ഖാസിം മുസ്‌ലിയാര്‍, നീലേശ്വരം ഖാസി ഇ.കെ.മഹ്മൂദ് മുസ്‌ലിയാര്‍,സയ്യിദ് കെ.എസ്.അലി തങ്ങള്‍ കുമ്പോല്‍,എം.എസ്.തങ്ങള്‍ മദനി,ടി.കെ.പൂക്കോയ തങ്ങള്‍ അനുശോചിച്ചു.
വിദ്യാഭ്യാസ ബോര്‍ഡും
എസ്.കെ.ജെ.എമ്മും അനുശോചിച്ചു
ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റും മംഗലാപുരം നാഇബ് ഖാസിയുമായിരുന്ന കെ.പി അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാരുടെ നിര്യാണത്തില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ സ്റ്റാഫ് യോഗം അനുശോചനം രേഖപ്പെടുത്തി.
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ അധ്യക്ഷനായി.
സമസ്ത കേരള മദ്‌റസ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മാനേജര്‍ എം.എ ചേളാരി ഉദ്ഘാടനം ചെയ്തു.
കെ.സി അഹമദ് കുട്ടി മൗലവി, സി. അബൂബക്കര്‍, കെ. ഹംസക്കോയ, കെ. മൊയ്തീന്‍ ഫൈസി, അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി, കെ. ഹനീഫ, വി.ടി പൂക്കോയ തങ്ങള്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."