നേപ്പാള്‍ ദുരന്തം: അവര്‍ മൂന്നുപേര്‍ ഒന്നിച്ചുറങ്ങും
തിരുവനന്തപുരം: നേപ്പാളില്‍ വിഷവാതകം ശ്വസിച്ച് മരണപ്പെട്ട തിരുവനന്തപുരം ചെങ്കോട്ടുകോണത്തെ അഞ്ചംഗ കുടുംബത്തിന്റെ സംസ്‌കാരം ഇന്നു നടക്കും.
ചേങ്കോട്ടുകോണം സ്വാമിയാര്‍മഠം അയ്യന്‍കോയിക്കല്‍ ലൈനിലെ രോഹിണിഭവനില്‍ പ്രവീണ്‍കുമാര്‍ കെ.നായര്‍ (39), ഭാര്യ ശരണ്യ ശശി(34), മക്കളായ ശ്രീഭദ്ര(9), ആര്‍ച്ച(7), അഭിനവ്(4) എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്ത് എത്തിച്ചു. ഇന്നു രാവിലെ വീട്ടുവളപ്പിലാണ് സംസ്‌കാരച്ചടങ്ങുകള്‍. മൂന്നു പിഞ്ചോമനകള്‍ക്കും കൂടി ഒരു വലിയ കുഴിമാടമാണ് വീട്ടുമുറ്റത്തുള്ളത്. അതിനു ഇരുവശത്തായുള്ള ചിതയിലായിരിക്കും അച്ഛനും അമ്മയും.
പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ബുധനാഴ്ച ഉച്ചയ്ക്ക് കാഠ്മണ്ഡുവിലെ ത്രിഭുവന്‍ സര്‍വകലാശാല ആശുപത്രിയില്‍ പൂര്‍ത്തിയായിരുന്നു.
എംബാം ചെയ്ത് സൂക്ഷിക്കുന്ന മൃതദേഹങ്ങള്‍ ഇന്നലെ ഉച്ചയോടെ വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിച്ച് രാത്രി ഏഴുമണിക്ക് കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് കൊണ്ടുവന്നത്.
രാത്രി പതിനൊന്ന് മണിയോടെ തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹങ്ങള്‍ കലക്ടര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. ഇന്നു രാവിലെ ഒന്‍പതു മണിക്ക് പ്രവീണിന്റെ കുടുംബവീടായ രോഹിണി ഭവനിലാണ് സംസ്‌കാരച്ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്.
പ്രവീണിന്റെ ഭാര്യ ശരണ്യയുടെ അച്ഛനും സഹോദരിയും മറ്റു ബന്ധുക്കളും ചൊവ്വാഴ്ച തന്നെ ഈ വീട്ടിലെത്തി. പ്രവീണിന്റെ അച്ഛന്‍ കൃഷ്ണന്‍കുട്ടി നായര്‍ ചൊവ്വാഴ്ച തന്നെ വിവരമറിഞ്ഞിരുന്നു. അമ്മ പ്രസന്നകുമാരിയെ ബുധനാഴ്ച പരിശോധിക്കാനെത്തിയ ഡോക്ടറാണു ദുരന്തവാര്‍ത്ത അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."