പന്തീരാങ്കാവ് യു.എ.പി.എ അറസ്റ്റ് സി.പി.എമ്മില്‍ ഭിന്നത രൂക്ഷം
കോഴിക്കോട്: സി.പി.എം പ്രവര്‍ത്തകരായ രണ്ട് യുവാക്കളെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ട ഭിന്നത രൂക്ഷമാകുന്നു. യു.എ.പി.എ അറസ്റ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ പരസ്യമായി തള്ളി ഇന്നലെ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ രംഗത്തുവന്നതോടെയാണ് ഭിന്നത മറനീക്കി പുറത്തുവന്നത്. മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ സി.പി.എം സഹയാത്രികരായ യുവാക്കളുടെ കുടുംബങ്ങളിലുണ്ടാക്കിയ അമര്‍ഷം തണുപ്പിക്കുകയെന്ന ലക്ഷ്യവും പി. മോഹനന്റെ പ്രസ്താവനയ്ക്ക് പിന്നിലുണ്ട്. യുവാക്കളോട് വിശദീകരണം തേടുമെന്നും അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുമെന്നുമുള്ള ആശയം മുന്നോട്ടുവച്ചതും ഇതിന്റെ ഭാഗമാണ്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യുവാക്കളുടെ വീടുകള്‍ സന്ദര്‍ശിച്ച് പിന്തുണ പ്രഖ്യാപിച്ചതോടെ വിഷയത്തില്‍ യു.ഡി.എഫ് രാഷ്ട്രീയ നേട്ടം കൊയ്യുന്നുവെന്ന വിലയിരുത്തലും സി.പി.എം ജില്ലാ ഘടകത്തിനുണ്ട്.
തിരുവണ്ണൂര്‍ പാലാട്ട് നഗര്‍ മണിപ്പൂരി വീട്ടില്‍ ഷുഹൈബിന്റെ മകന്‍ അലന്‍ ഷുഹൈബ്, പന്തീരാങ്കാവ് മൂര്‍ക്കനാട് കോട്ടുമ്മല്‍ അബൂബക്കറിന്റെ മകന്‍ ത്വാഹ ഫസല്‍ എന്നിവരെ കഴിഞ്ഞ നവംബര്‍ ഒന്നിന് രാത്രിയാണ് പന്തീരാങ്കാവില്‍ വച്ച് പൊലിസ് അറസ്റ്റ് ചെയ്തത്. കേസില്‍ യു.എ.പി.എ ചുമത്തിയതോടെ കാര്യങ്ങള്‍ സങ്കീര്‍ണമായി. ലോക്കല്‍ പൊലിസില്‍ നിന്ന് അന്വേഷണം പിന്നീട് എന്‍.ഐ.എ ഏറ്റെടുത്തു. പിടിയിലായ യുവാക്കള്‍ ഇപ്പോള്‍ എന്‍.ഐ.എ കസ്റ്റഡിയിലാണുള്ളത്.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ നടപടികള്‍ തുടങ്ങുന്ന സാഹചര്യത്തില്‍ യുവാക്കള്‍ക്കെതിരായ നടപടി ദോഷം ചെയ്യുമെന്ന് സി.പി.എം കണക്കുകൂട്ടുന്നു. എക്കാലവും പാര്‍ട്ടിക്കൊപ്പം നിന്നിരുന്ന വലിയൊരു വിഭാഗം ഇതോടെ അകലാന്‍ തുടങ്ങി. അതില്‍ സാധാരണപ്രവര്‍ത്തകരും എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരുമുണ്ട്.
പൊലിസ് നല്‍കിയ വിവരത്തിന്റെ പേരില്‍ മാത്രം യു.എ.പി.എ ചുമത്തിയത് തികച്ചും ബാലിശമായെന്നാണ് പാര്‍ട്ടിക്കകത്തെ പ്രബല വിഭാഗത്തിന്റെ വിലയിരുത്തല്‍. അത് വലിയ ആഭ്യന്തരസംഘര്‍ഷത്തിന് ഇടവെച്ചിരിക്കുകയാണെന്ന യാഥാര്‍ത്ഥ്യം പാര്‍ട്ടി തിരിച്ചറിഞ്ഞുവെന്ന് ബോധ്യപ്പെടുത്തുന്നതാണ് പി. മോഹനന്റെ തുറന്നുപറച്ചില്‍.
അറസ്റ്റിന്റെ ആദ്യഘട്ടത്തില്‍ സി.പി.എം ഒന്നടങ്കം യുവാക്കള്‍ക്കൊപ്പമായിരുന്നു. ജില്ലാ സെക്രട്ടറി പി. മോഹനന്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിനെതിരേ കടുത്ത ഭാഷയില്‍ അന്ന് പ്രതികരിച്ചിരുന്നു. പൊലിസ് നടപടിക്കെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നപ്പോള്‍ പാര്‍ട്ടിയും അതിനൊപ്പം നിന്നു. കേന്ദ്രകമ്മിറ്റി അംഗമായ മന്ത്രി ഡോ. ടി.എം തോമസ് ഐസക്കും ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസും യുവാക്കളുടെ വീടുകള്‍ സന്ദര്‍ശിച്ച് പിന്തുണ പ്രഖ്യാപിച്ചിരുന്നു. സി.പി.എം സൗത്ത് ഏരിയാ കമ്മിറ്റിയും യുവാക്കള്‍ക്കായി രംഗത്തുവന്നു. എന്നാല്‍ മുഖ്യമന്ത്രി കടുത്ത നിലപാട് സ്വീകരിച്ചതോടെ പാര്‍ട്ടിയില്‍ രണ്ടഭിപ്രായം ഉടലെടുത്തു.
യുവാക്കളെ പാര്‍ട്ടിയും സര്‍ക്കാരും കൈവിടുന്ന രീതിയിലാണ് പിന്നീട് സംഭവങ്ങള്‍ അരങ്ങേറിയത്. യുവാക്കളെ വെറുതെ അറസ്റ്റ് ചെയ്തതല്ലെന്നും ഇവര്‍ക്ക് ആദര്‍ശ വ്യതിയാനം സംഭവിച്ചെന്നും നേതാക്കളില്‍ ഒരുവിഭാഗം സമര്‍ഥിക്കാന്‍ തുടങ്ങി. പന്നിയങ്കരയില്‍ പാര്‍ട്ടി സൗത്ത് ഏരിയാ കമ്മിറ്റി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ജില്ലാ കമ്മിറ്റി അംഗം പി.കെ പ്രേംനാഥ് യുവാക്കളുടെ മാവോയിസ്റ്റ് ബന്ധത്തെ വിമര്‍ശിച്ചു പ്രസംഗിക്കുകയും പിണറായി വിജയന്റെ നിലപാടുകള്‍ ശരിയാണെന്ന് സമര്‍ത്ഥിക്കുകയും ചെയ്തു. ഇതോടെ പി. മോഹനനും നിലപാടില്‍ അയവുവരുത്തി.
മുഖ്യമന്ത്രി പിണറായി വിജയന്‍ അലനെയും ത്വാഹയെയും വിമര്‍ശിച്ചു സംസാരിക്കാന്‍ തുടങ്ങിയതോടെ നേതാക്കളെല്ലാം ഈ വഴിക്കായി. എന്നാല്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. അലന്റെയും ത്വാഹയുടെയും കുടുംബവും സി.പി.എം സഹയാത്രികരായ സാംസ്‌കാരിക പ്രവര്‍ത്തകരും സര്‍ക്കാരിനെതിരേ രംഗത്തുവന്നു. തങ്ങളുടെ കുട്ടികള്‍ ഡി.വൈ.എഫ്.ഐ യോഗത്തിനല്ലാതെ മറ്റൊരു കാര്യത്തിനും പുറത്തുപോയിട്ടില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ ശരിയല്ലെന്നും അവര്‍ വിശദീകരിച്ചു. പാര്‍ട്ടി നേതൃത്വം എന്തെല്ലാം പറഞ്ഞാലും അലന്റെയും ത്വാഹയുടെയും പേരില്‍ യു.എ.പി.എ ചുമത്തിയത് ഒരുതരത്തിലും അംഗീകരിക്കാന്‍ പറ്റില്ലെന്ന നിലപാടില്‍ തന്നെയാണ് സി.പി.എം പ്രാദേശിക ഘടകങ്ങള്‍.
പ്രതിഷേധങ്ങള്‍ സര്‍ക്കാരിനെതിരായ വികാരം ആളിക്കത്തിക്കുമെന്ന തിരിച്ചറിവില്‍ യുവാക്കള്‍ നിരപരാധികളല്ലെന്നും ഇവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും വ്യക്തമാക്കി മുഖ്യമന്ത്രി രംഗത്തുവന്നു. യുവാക്കള്‍ കുഞ്ഞാടുകളല്ലെന്നും ചായ കുടിക്കാന്‍ പോയപ്പോഴല്ല ഇവരെ അറസ്റ്റ് ചെയ്തതെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. സി.പി.ഐ നേരത്തെയുള്ള കടുത്ത നിലപാടില്‍ നിന്ന് പിന്നാക്കംപോയതും മുഖ്യമന്ത്രിക്ക് തുണയായി. യുവാക്കള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് തുറന്നടിച്ച് സംസ്ഥാന സമിതി അംഗം പി. ജയരാജനും രംഗത്തുവന്നിരുന്നു. ഇതിനെതിരേ ജില്ലാ കമ്മിറ്റിയിലും സി.പി.എം സൗത്ത് ഏരിയാ കമ്മിറ്റിയിലും കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."