30 മലയാളി നഴ്‌സുമാര്‍ നിരീക്ഷണത്തില്‍
ജിദ്ദ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സഊദിയില്‍ 30 മലയാളി നഴ്‌സുമാര്‍ നിരീക്ഷണത്തില്‍. സഊദിയിലെ അബഹയില്‍ കൊറോണ വൈറസ് ബാധിച്ച ഫിലിപ്പെന്‍ യുവതിയെ പരിചരിച്ച നഴ്‌സുമാരെയാണ് മുന്‍കരുതലെന്ന നിലയില്‍ ആശുപത്രി അധികൃതര്‍ പ്രത്യേക മുറിയിലേക്ക് മാറ്റിയത്.
എന്നാല്‍, മതിയായ പരിചരണമോ ഭക്ഷണമോ നല്‍കുന്നില്ലെന്ന് നഴ്‌സുമാര്‍ റിയാദിലെ ഇന്ത്യന്‍ എംബസിക്ക് പരാതി നല്‍കി. ഫിലിപ്പെന്‍ യുവതിയെ ശുശ്രൂഷിച്ച ഏറ്റുമാനൂര്‍ സ്വദേശിനിയായ നഴ്‌സിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് നഴ്‌സുമാരെ പ്രത്യേക മുറിയിലേക്ക് മാറ്റിയത്.
അബഹ അല്‍ ഹയാത്ത് ആശുപത്രിയിലെ 30 മലയാളി നഴ്‌സുമാരാണ് ദുരിതത്തില്‍ കഴിയുന്നത്. പ്രത്യേക മുറിയിലേക്ക് മാറ്റിയെങ്കിലും ഇവര്‍ക്ക് മതിയായ പരിചണം ലഭിക്കുന്നില്ല. കൃത്യമായി ഭക്ഷണം പോലും കിട്ടുന്നില്ലെന്നാണ് നഴ്‌സുമാരുടെ പരാതി.
ഫിലിപ്പെന്‍ യുവതിയെ കഴിഞ്ഞയാഴ്ചയാണ് അല്‍ ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയും ശരീര വേദനയും അനുഭവപ്പെട്ട ഫിലിപ്പിനോയ്ക്ക് നാല് ദിവസം കഴിഞ്ഞാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്നാണ് അവരെ ശുശ്രൂഷിച്ച നഴ്‌സുമാരെ നിരീക്ഷിക്കുന്നത്. നേരത്തെ വൈറസ് ബാധ കണ്ടെത്തിയ ഫിലിപ്പിനോയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈറസ് പടരുമെന്ന് ഭയന്ന് അല്‍ ഹയാത്തിലെ ജീവനക്കാര്‍ പലരും ജോലിക്ക് വരുന്നില്ലെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."