ആദിത്യ റാവുവിനെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു
മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ ബോംബുവച്ച കേസില്‍ കഴിഞ്ഞ ദിവസം കീഴടങ്ങിയ പ്രതി ആദിത്യ റാവുവിനെ മംഗളൂരു കോടതി പൊലിസ് കസ്റ്റഡിയില്‍ വിട്ടു. 10 ദിവസത്തേക്കാണ് ഇയാളെ പൊലിസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. മെക്കാനിക്കല്‍ എന്‍ജിനിയറിങ്, എം.ബി.എ ബിരുദധാരിയായ ഇയാള്‍ യൂട്യൂബ് വഴി ബോംബുണ്ടാക്കാനുള്ള വിദ്യ പഠിച്ചതായും ബോംബുണ്ടാക്കാനുള്ള സാധനങ്ങള്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റ് വഴി ശേഖരിച്ചതായും മാഴി നല്‍കിയതായി മംഗളൂരു പൊലിസ് കമ്മിഷണര്‍ ഡോ. ഹര്‍ഷ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആദിത്യ റാവു പഠനത്തിന് ശേഷം വിവിധ മേഖലകളില്‍ അന്‍പതോളം സ്ഥാപനങ്ങളില്‍ ജോലി ചെയ്തു. ഉഡുപ്പി മണിപ്പാല്‍ സ്വദേശിയായ ഇയാള്‍ ഐ.സി.ഐ.സി.ഐ,എച്ച്.ബി.സി,എച്ച്.ഡി.എഫ്.സി ലൈഫ് തുടങ്ങിയ ബാങ്കിങ് സ്ഥാപനങ്ങളിലും വിവിധ ബാര്‍ ഹോട്ടലുകളിലും ഔട്ടോ മൊബൈല്‍ മേഖലകളിലും ഉള്‍പ്പെടെ ജോലി ചെയ്തിരുന്നു. അതിനിടയില്‍ മള്‍ട്ടിനാഷനല്‍ കമ്പനിയായ ടൊയോട്ടയില്‍ ഇയാള്‍ ജോലിക്ക് അപേക്ഷിക്കുകയും ചെയ്തിരുന്നു. അതിനിടയിലാണ് 2018ല്‍ ബംഗളൂരു വിമാനത്താവളത്തില്‍ സെക്യൂരിറ്റി വിഭാഗത്തിലേക്ക് ആദിത്യ റാവു ജോലിക്കു വേണ്ടി അപേക്ഷ നല്‍കിയത്.
ജോലി ലഭിക്കുന്നതിന് ആവശ്യമായ ചില രേഖകള്‍ ഇയാളോട് സമര്‍പ്പിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും ഇവ എത്തിക്കാന്‍ വൈകിയതോടെ മറ്റൊരാള്‍ക്ക് വിമാനത്താവളത്തില്‍ ജോലി ലഭിച്ചു. ഇതിനു ശേഷമാണ് 2018ല്‍ ബംഗളൂരു വിമാനത്താവളത്തില്‍ എയര്‍ ഏഷ്യ വിമാനത്തില്‍ ബോംബുവച്ചതായി വിമാനക്കമ്പനി കൗണ്ടറിലും വിമാനത്താവള മാനേജര്‍ക്കും ആദിത്യ റാവു വ്യാജ ബോംബ് ഭീഷണി നല്‍കിയത്. പിന്നീട് ബംഗളൂരു സിറ്റി റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വച്ചതായും ഇയാള്‍ വ്യാജ സന്ദേശം നല്‍കിയിരുന്നു. സംഭവത്തില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയും ജയിലില്‍ കിടക്കുകയും ചെയ്തിരുന്നു.
മംഗളൂരു വിമാനത്താവളത്തില്‍ കൊണ്ടുവച്ച സ്‌ഫോടകവസ്തു ഇയാള്‍ തയാറാക്കിയത് മംഗളൂരുവിലെയും കാര്‍ക്കളയിലെയും ഹോട്ടലുകളില്‍ വച്ചാണെന്ന് പൊലിസ് പറഞ്ഞു.
മംഗളൂരു നഗരത്തിലെ ബല്‍മട്ടയിലെ ഒരു ഹോട്ടലില്‍ ബോംബ് നിര്‍മാണത്തിന് തുടക്കംകുറിച്ച ആദിത്യ റാവു ഇതിന്റെ നിര്‍മാണജോലികള്‍ പൂര്‍ത്തിയാക്കിയത് കര്‍ക്കളയിലെ ഹോട്ടലില്‍ വച്ചാണ്. തുടര്‍ന്ന് ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ കാര്‍ക്കളയില്‍നിന്നു മംഗളൂരു ബജ്‌പേയില്‍ സ്വകാര്യ ബസില്‍ വന്നിറങ്ങിയ ആദിത്യ റാവു ബജ്‌പെയില്‍നിന്നു വിമാനത്താവളത്തിലേക്ക് ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചതായി പൊലിസ് വ്യക്തമാക്കി.
വിമാനത്താവളത്തില്‍ സ്‌ഫോടകവസ്തു കൊണ്ടുവച്ചതിനും സംഭവ ദിവസം ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നു ഭീഷണിപ്പെടുത്തിയതിനും രണ്ടു കേസുകള്‍ ഇയാള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."