രണ്ടാം ദിനത്തിലും ജനത്തിന് ദുരിതം കൂട്ട്
കോഴിക്കോട്: ദ്വിദിന ദേശീയ പണിമുടക്ക് ഇന്നലെയും ജനങ്ങളെ വലച്ചു. പൊതുയാത്രാ വാഹനങ്ങള്‍ നിരത്തിലിറങ്ങാത്തത് സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കി. കെ.എസ്.ആര്‍.ടി.സി ബസുകളും സ്വകാര്യ ബസുകളും നിരത്തിലിറങ്ങിയില്ല. എന്നാല്‍ ആദ്യദിവസം പണിമുടക്കില്‍ പങ്കെടുത്ത ഓട്ടോ-ടാക്‌സികള്‍ ഇന്നലെ ഭാഗികമായി നിരത്തിലിറങ്ങി. റെയില്‍വേ സ്റ്റേഷനില്‍ ഓട്ടോകള്‍ പൂര്‍ണമായും കെ.എസ്.ആര്‍.ടി.സി, മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ ഭാഗികമായും സര്‍വിസ് നടത്തി. മിഠായിത്തെരുവില്‍ കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് കൂടുതല്‍ കടകള്‍ ഇന്നലെ തുറന്നു. എങ്കിലും കച്ചവടം കുറവായിരുന്നുവെന്ന് കച്ചവടക്കാര്‍ പറഞ്ഞു.
വലിയങ്ങാടിയില്‍ ഇന്നലെ ഉച്ചയ്ക്കു ശേഷം കാറിനു നേരെ അജ്ഞാതരുടെ ആക്രമണമുണ്ടായി. കാറിന്റെ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു. വൈകിട്ട് മൂന്നിനു കെ.എല്‍ 37 3337 വാഗണ്‍ ആര്‍ കാറിനു നേരെയാണ് ആക്രമണമുണ്ടായത്. സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ ഇന്നലെയും നഗരത്തില്‍ പ്രകടനം നടന്നു. രാവിലെ മുതലക്കുളത്തു നിന്നാരംഭിച്ച പ്രകടനം നഗരപ്രദക്ഷിണം നടത്തി.
രാത്രി എട്ടു മുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വിസ് തുടങ്ങി. രാവിലെ നാമമാത്രമായ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മാത്രമാണ് ഡ്യൂട്ടിക്കെത്തിയത്. കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസിന്റെയും കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചില്ല. തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനും കോഴിക്കോട്ടേക്ക് സര്‍വിസ് നടത്തിയില്ല. കേന്ദ്ര, സംസ്ഥാന ഓഫിസുകളിലെയും കലക്ടറേറ്റിലെയും ഹാജര്‍നില കുറവായിരുന്നു. ഗ്രാമപ്രദേശങ്ങളില്‍ കടകള്‍ പൂര്‍ണമായും തുറന്നു. ബസുകള്‍ ഇല്ലാത്തത് യാത്രാക്ലേശം രൂക്ഷമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."