ലഹരിക്കെതിരേ മാര്‍ത്തോമ്മ സഭയുടെ ബോധവല്‍ക്കരണ സന്ദേശയാത്ര 27 മുതല്‍
കോട്ടയം: സമൂഹം നേരിടുന്ന ഏറ്റവും വലിയ വിപത്തുകളിലൊന്നായ മദ്യത്തിനും മയക്കുമരുന്നിനുമെതിരേ മാര്‍ത്തോമ്മ സഭയുടെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ പരിപാടി വ്യാപകമാക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പൊലീത്തയുടെ പൗരോഹിത്യ വജ്രജൂബിലിയോടനുബന്ധിച്ച് മാര്‍ത്തോമ്മ ലഹരി മോചനസമിതി കാസര്‍കോട് ജില്ലയില്‍നിന്നു തിരുവനന്തപുരം ജില്ലയിലേക്ക് ലഹരി മോചന സന്ദേശ യാത്ര നടത്തും. ഈ മാസം 27 മുതല്‍ മാര്‍ച്ച് എട്ടുവരെയാണ് യാത്ര.
ലഹരി വിമുക്ത വ്യക്തിത്വം, ലഹരി വിമുക്ത സമൂഹം, ലഹരി വിമുക്ത കുടുംബം എന്നതാണ് യാത്രയുടെ മുഖ്യസന്ദേശം. തെരുവുനാടകം, ഫിലിം ഷോ, ലഘുലേഖാ വിതരണം, സെമിനാറുകള്‍ എക്‌സിബിഷന്‍ എന്നീ സംവിധാനങ്ങളോടുകൂടി സ്‌കൂളുകള്‍, കോളേജുകള്‍, ഗ്രാമങ്ങള്‍, പട്ടണങ്ങള്‍, ജോലിസ്ഥലങ്ങള്‍ എന്നീമേഖലകളില്‍ ബോധവല്‍ക്കരണം നടത്തും. യാത്രാവാഹനത്തില്‍ ക്രമീകരിച്ചിട്ടുള്ള ഡീ- അഡിക്ഷന്‍ ക്ലിനിക്കിലൂടെ ലഹരി ആസക്തി രോഗനിര്‍ണയവും ഇതോടൊപ്പം ഉണ്ടാകും.
27ന് തോമസ് മാര്‍ തീത്തോസ് മെത്രാപോലീത്ത യാത്ര ഫഌഗ് ഓഫ് ചെയ്യും. മാര്‍ച്ച് എട്ടിന് തിരുവല്ല ടൗണില്‍ നടക്കുന്ന സമാപന യോഗത്തില്‍ ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപൊലീത്ത മുഖ്യ സന്ദേശം നല്‍കും.
കണ്‍വീനര്‍ അലക്‌സി പി.ജോര്‍ജ്, സഭയുടെ ഡീ- അഡിക്ഷന്‍ സെന്റര്‍ ഡയരക്ടര്‍ റവ.ഷിജി സാം വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."