നജാശി രാജാവിന്റെ നാട്ടില്‍
ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ ഏറ്റവും പടിഞ്ഞാറേ അറ്റത്തുള്ള സെനഗല്‍ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ ഡാക്കാറില്‍ അഞ്ചുവര്‍ഷം മുന്‍പ് (2011 ജൂണ്‍) സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിത സമ്മേളനത്തില്‍ ലേഖകനും പങ്കെടുത്തിരുന്നു. തിരിച്ചെത്തിയ ശേഷം ആ വിവരം ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ യാത്ര ഒരു വിവാദമായി: കോഴിക്കോട്ടെ കാരന്തൂരില്‍ ചിലര്‍ യോഗം ചേര്‍ന്ന്, ഞാന്‍ സെനഗലില്‍ പോയിട്ടില്ലെന്ന് തീരുമാനമെടുത്തുകളയുകയും അതവരുടെ സ്വന്തം പത്രത്തിലൂടെ പുറത്തുവിടുകയുമുണ്ടായി. വ്യാജകേശ വിവാദം കത്തുന്ന സമയമായതിനാല്‍ അവരുടെ അനുയായികള്‍ അതേറ്റുപിടിച്ചു. അങ്ങനെയാണത് വിവാദയാത്രയാകുന്നത്.
പറഞ്ഞുവരുന്നത് മറ്റൊരു കാര്യമാണ്. ആ യാത്രയില്‍ എത്യോപ്യന്‍ തലസ്ഥാനമായ അഡീസ് അബാബയില്‍ ഏകദേശം ഉച്ച സമയത്ത് വിമാനം ലാന്‍ഡ് ചെയ്തിരുന്നു. ഏത്യോപ്യന്‍ (ഹബശ) ഭൂമിയും അനന്തമായ മലമടക്കുകളും ഹരിതാഭമായ കാലാവസ്ഥയും പച്ചപ്പുകളിലൊന്നാകെ മേഞ്ഞുനടക്കുന്ന ആടുമാട് ഒട്ടകങ്ങളെയുമൊക്കെ വിഹഗ വീക്ഷണം നടത്താന്‍ അതവസരമൊരുക്കി. ചരിത്രത്തിലെ നജാശി അസ്വ്ഹമ രാജാവ് ഭരണം നടത്തിയിരുന്നതും സ്വഹാബികളിലെ ആദ്യസംഘങ്ങള്‍ മക്കയില്‍ നിന്ന് ഹിജ്‌റ വന്നു മാന്യമായ താമസവും സുരക്ഷിതത്വവും നേടിയതും ഒട്ടേറെ പ്രവാചകാനുചരരും പുണ്യവാളന്മാരും അന്ത്യവിശ്രമം കൊള്ളുന്നതുമായ ആ നാട്ടില്‍ സന്ദര്‍ശനം നടത്താന്‍ അന്നേ ആഗ്രഹം ജനിച്ചതാണ്.
ഇത്തരമൊരഭിനിവേശം നാമ്പെടുക്കാന്‍ നിമിത്തമായ ആ എത്യോപ്യന്‍ ലാന്‍ഡിങ്ങിനുമുണ്ട് ഒരു കഥ പറയാന്‍. തികച്ചും യാദൃച്ഛികമായാണ് അതിനവസരമുണ്ടായത്. സെനഗലിലേക്കുള്ള ടിക്കറ്റ് ബുക്കിങ്ങിന് മലപ്പുറം ജില്ലയിലെ ചേളാരിയിലെ ഒരു ട്രാവല്‍ ഏജന്‍സിയെയാണ് ഏല്‍പിച്ചിരുന്നത്. എമിറേറ്റ്‌സ് എയര്‍ലൈന്‍സിന് കോഴിക്കോട്-ദുബൈ-ഡാക്കാര്‍ ടിക്കറ്റാണ് വേണ്ടത്. എന്നാല്‍ യാത്രയുടെ തൊട്ടുതലേന്ന് അവര്‍ വിളിച്ചുപറഞ്ഞു: നാളെ ദുബൈയില്‍ നിന്ന് ഡാക്കാറിലേക്കുള്ള ഫ്‌ളൈറ്റ് കാന്‍സല്‍ ചെയ്തിരിക്കുന്നു. ഇനി യാത്രക്ക് ഒരു നിര്‍വാഹവും ഇല്ല! ദുബൈയിലെ എമിറേറ്റ്‌സ് ഓഫിസില്‍ അന്വേഷിച്ചപ്പോള്‍ ഇതു ശുദ്ധ നുണയാണെന്നു ബോധ്യമായി. തുടര്‍ന്നു വളരെ പെട്ടെന്നുണ്ടാക്കിയ ബദല്‍ സംവിധാനം വഴി ബോംബെയില്‍ നിന്ന് സെനഗലിലേക്കുള്ള എത്യോപ്യന്‍ എയര്‍ലൈന്‍സില്‍ ടിക്കറ്റ് ശരിയാക്കി. അങ്ങനെയാണ് അഡീസ് ലാന്‍ഡിങ് വീണുകിട്ടുന്നത്.
ഏതായാലും ഇക്കഴിഞ്ഞ മെയ് ഏഴിന് സര്‍വശക്തന്റെ മഹത്തായ അനുഗ്രഹത്തോടെ ഏത്യോപ്യന്‍ എയര്‍ലൈന്‍സിന് ഞാന്‍ അഡീസ് അബാബയിലിറങ്ങി. ശരീഫ് അഹ്മദ് അബ്ദുല്ലയും സഹപ്രവര്‍ത്തകന്‍ ബശീര്‍ അഹ്മദും വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയിരുന്നു. തലസ്ഥാന നഗരിക്ക് അന്‍പതിലേറെ സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയുണ്ടെങ്കിലും ഇടക്കിടെ മലകളും കുന്നുകളും നിമ്‌നോന്നതികളുമാണ് അഡീസ് അബാബയുടെ ഭൂപ്രകൃതി. ഓരോ വൃത്തവും ഒരു ചെറുപട്ടണമായേ പ്രഥമ ദൃഷ്ട്യാ തോന്നൂ. ശരീഫും ബശീറും എന്നെയും കൊണ്ട് ബോലെ മിഖായേല്‍ എന്ന ഭാഗത്തേക്കു പോയി. അവിടെയുള്ള ഹോട്ടല്‍ മുബാറകിലായിരുന്നു എനിക്ക് താമസമൊരുക്കിയിരുന്നത്.
ബോലെ അഡീസ് അബാബ, ബോലെ ഗബ്രിയേല്‍, ബോലെ ആഫ്രിക്കന്‍ യൂനിയന്‍ എന്നിങ്ങനെ വിവിധ സര്‍ക്കിളുകളായി വിഭജിക്കപ്പെട്ടിരിക്കുകയാണു നഗരം. ആഫ്രിക്കന്‍ യൂനിയന്റെ പടുകൂറ്റന്‍ കെട്ടിടങ്ങളും ഓഫിസുകളും നിലകൊള്ളുന്ന വിസ്തൃത മേഖലയാണ് ബോലെ എ.യു(ആഫ്രിക്കന്‍ യൂനിയന്‍). ഗബ്രിയേല്‍ ഒരു ചര്‍ച്ചിന്റെ പേരാണ്. ലോകത്തെ മറ്റു ക്രിസ്ത്യാനികളില്‍ നിന്നു വ്യത്യസ്തരായി എത്യോപ്യക്കാര്‍ മാലാഖമാരെ ആരാധിക്കുകകയും ആരാധ്യരുടെ പേരുകളില്‍ ചര്‍ച്ചുകള്‍ പണിയുകയും ചെയ്യുന്നു എന്നാണ് തുര്‍ക്കിക്കാരനായ ഹാക്കാന്‍ ഉലൂസ് റജബ് പരിചയപ്പെടുത്തി തന്നത്.
അതിപുരാതനമായ ചരിത്രപാരമ്പര്യമുള്ള നാടാണ് എത്യോപ്യ. രണ്ടര സഹസ്രാബ്ദമായി സ്വതന്ത്ര രാജ്യം തന്നെയാണ്. ഇന്നത്തെ എത്യോപ്യയുടെ വടക്കേ അറ്റത്തുള്ള അക്‌സൂം ആയിരുന്നു രാജാക്കന്മാരുടെ ആസ്ഥാനം. അവരിലെ ഒരു രാജപരമ്പരയാണ് നജാശി അഥവാ നേഗസ്. 11 ലക്ഷത്തിലേറെ സ്‌ക്വയര്‍ കി.മീ. വിസ്തൃതിയുള്ള രാഷ്ട്രമാണ് ഇന്ന് എത്യോപ്യ. വടക്കേ അറ്റത്തുള്ള എരിത്രിയ ഇതിന്റെ ഭാഗം തന്നെയായിരുന്നു. 1991ല്‍ അവര്‍ സ്വാതന്ത്ര്യം നേടി സ്വന്തം രാജ്യമായി. എട്ടു കോടിയാണ് എത്യോപ്യന്‍ ജനസംഖ്യ. ഇതില്‍ പകുതിയും മുസ്‌ലിംകള്‍. പുറമെ, വിവിധ ക്രിസ്തീയ വിഭാഗങ്ങളും പ്രാദേശിക മതങ്ങളുമുണ്ട്. ഇംഗ്ലീഷ്, അഹ്മാരി, റ്റിഗ്രിനിയ, സൊമാലിയന്‍, ഒറോമിഗ്‌ന, അറബി എന്നിവയാണു പ്രധാന ഭാഷകള്‍. ഗോത്ര ഭാഷകള്‍ വേറെയുമുണ്ട്. പ്രസിഡന്റാണു രാജ്യത്തിന്റെ സാരഥി; സര്‍ക്കാരിന്റെ തലവന്‍ പ്രധാനമന്ത്രിയും. ഇപ്പോള്‍ ഈ പദവികളിലുള്ളവര്‍ യഥാക്രമം മൊലാട്ടു തെശോം, ഹെയ്‌ലി മാരിയം ദിസലേന്‍ എന്നിവരാണ്.
എണ്‍പത്തിയഞ്ചിലധികം ഗോത്രങ്ങള്‍ കഴിഞ്ഞുകൂടുന്ന നാടാണ് എത്യോപ്യ. ജനസംഖ്യയില്‍ 70 ശതമാനത്തിലധികവും അഹ്മാരി, ഒറോമോ, ടിഗ്രായ് എന്നീ മൂന്ന് പ്രമുഖ ഗോത്രക്കാരാണ്. ഈ പേരുകള്‍ തന്നെയാണ് ഇവരുടെ ഭാഷകള്‍ക്കു നല്‍കപ്പെട്ടിരിക്കുന്നത്. ഇതില്‍ ആദ്യത്തേതിന് ഔദ്യോഗിക പദവി കൂടിയുണ്ട്.
മലകളും കുന്നുകളും കാടുകളും ധാരാളമുള്ള നാടാണിത്. കാടുകള്‍ ഗണ്യമായി നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. തലസ്ഥാന നഗരിയില്‍ ഞാന്‍ താമസിച്ച ഹോട്ടലില്‍ എ.സിയോ ഫാനോ തീരെയില്ല. പരമാവധി ചൂട് 26 ഡിഗ്രിയേ വരൂ. പലപ്പോഴും തണുപ്പായിരിക്കും. അയല്‍ രാജ്യങ്ങളില്‍ നിന്ന് പെട്ടെന്ന് പൊക്കിയെടുക്കപ്പെട്ടതു പോലെ 3,000 മീറ്റര്‍ വരെ ഉയരത്തിലുള്ള പീഠഭൂമിയായാണു നാടിന്റെ കിടപ്പ്.
അരനൂറ്റാണ്ട് മുന്‍പുവരെയും സുഭിക്ഷവും സമാധാനപൂര്‍ണവുമായ രാജ്യമായിരുന്നു എത്യോപ്യ. എഴുപതുകളുടെ ആരംഭം മുതല്‍ വിവിധ കാരണങ്ങളാല്‍ യുദ്ധവും സംഘര്‍ഷങ്ങളും സാമ്പത്തിക പ്രതിസന്ധിയും പട്ടിണിയും പരിവട്ടവുമൊക്കെയായി. രണ്ടുമൂന്നു പതിറ്റാണ്ടുകളിലായി 20 ലക്ഷത്തിലധികം പേര്‍ പട്ടിണിമൂലം മരണം വരിച്ചു. വിദ്യാഭ്യാസപരമായി വളരെ പിന്നിലാണു രാജ്യം. 43 ശതമാനമാണു സാക്ഷരത. ഇസ്‌ലാമിക വിദ്യാഭ്യാസത്തിന്റെ കാര്യവും വ്യത്യസ്തമല്ല. ചില സാവിയകളിലും മദ്‌റസകളിലും നടക്കുന്ന പ്രൈമറി-സെക്കന്‍ഡറിതല സംവിധാനങ്ങളും ഏതാനും അറബി കോളജുകളുമാണ് അവിടെയുള്ളത്. ഉപരിപഠനത്തിന് അത്യപൂര്‍വമായി ചിലര്‍ വിദേശ രാഷ്ട്രങ്ങളില്‍ പോകുന്നു.
തിരുനബി(സ)യുടെ പ്രവാചകത്വത്തിന്റെ ആദ്യനാളുകളില്‍ ഇസ്‌ലാമിന്റെ നിലനില്‍പിലും വളര്‍ച്ചയിലും വ്യാപനത്തിലും അനിഷേധ്യ പങ്കുവഹിച്ച നിസ്തുല വ്യക്തിത്വത്തിന്റെ ഉടമയായ നജാശി രാജാവിന്റെയും അദ്ദേഹത്തിന്റെ സമീപത്തായി അന്ത്യവിശ്രമം കൊള്ളുന്ന സ്വഹാബാക്കളുടെയും ഖബ്‌റുകള്‍ സന്ദര്‍ശിക്കലായിരുന്നു യാത്രയുടെ ഒരു പ്രധാന ലക്ഷ്യം. അന്ന് നജാശിയുടെ തണലും പരിഗണനയും ഇല്ലായിരുന്നുവെങ്കില്‍ ഇസ്‌ലാമിന്റെ ചരിത്രം മറ്റൊന്നാകുമായിരുന്നു.
ആദ്യത്തെ മൂന്നു വര്‍ഷം രഹസ്യമായിട്ടാണല്ലോ നബിയും തുച്ഛംവരുന്ന അനുയായികളും കഴിഞ്ഞുകൂടിയത്. ഉമറി(റ)ന്റെ ഇസ്‌ലാമാശ്ലേഷത്തോടെ അവര്‍ പുറത്തിറങ്ങി. പിടിച്ചുനില്‍ക്കാനും പ്രതിരോധിക്കാനും ഒരു മാര്‍ഗവുമില്ലാതെ വന്നപ്പോള്‍ ബഹുദൈവ വിശ്വാസികള്‍ ആക്രമണത്തിന്റെ മാര്‍ഗത്തിലേക്കു തിരിയാന്‍ തുടങ്ങി. ക്രമേണ അതു രൂക്ഷമായി വന്ന്, മൃഗീയവും നിഷ്ഠൂരവുമായി. ആ സാഹചര്യത്തിലാണു ചെങ്കടലിനു പടിഞ്ഞാറു വശത്തുള്ള ക്രിസ്ത്യന്‍ രാജ്യമായ എത്യോപ്യയിലേക്കു പോകാന്‍ പീഡിതരായ അനുയായികളോട് നബി(സ) നിര്‍ദേശിക്കുന്നത്. അങ്ങനെ ഹിജ്‌റ അഞ്ചാം വര്‍ഷം റജബില്‍(എ.ഡി 615) 15 പേരുള്ള ആദ്യസംഘം എത്യോപ്യയിലേക്കു തിരിച്ചു. രണ്ടാം പലായന സംഘത്തില്‍ നൂറിലേറെ പേരുണ്ടായിരുന്നു. ഖുറൈശ് യോഗം ചേര്‍ന്ന്, എത്യോപ്യയില്‍ പോയി ഇവരെ തിരിച്ചുകൊണ്ടുവരാന്‍ രണ്ടുപേരെ തിരഞ്ഞെടുത്തയച്ചെങ്കിലും ദൗത്യം പൂര്‍ണ പരാജയമായി അവര്‍ മടങ്ങി. നജാശി മുസ്‌ലിംകള്‍ക്കു സുരക്ഷിതത്വം മാത്രമല്ല സര്‍വ സ്വാതന്ത്ര്യങ്ങളും നല്‍കി ആദരിച്ചു. സര്‍വോപരി അദ്ദേഹം ഇസ്‌ലാംമതം സ്വീകരിക്കുകയുമുണ്ടായി. ഹിജ്‌റ ഒന്‍പതാം വര്‍ഷം നജാശി ഇഹലോകവാസം വെടിഞ്ഞപ്പോള്‍ സ്വഹാബികളോട് നബി അക്കാര്യമറിയിക്കുകയും അദ്ദേഹത്തിന്റെ പേരില്‍ മയ്യിത്ത് നിസ്‌കാരം നിര്‍വഹിക്കുകയും ചെയ്ത സംഭവം പ്രസിദ്ധമാണ്.
തലസ്ഥാന നഗരമായ അഡീസ് അബാബയില്‍ നിന്ന് 820 കിലോമീറ്റര്‍ വടക്കുള്ള ഒരു ഗ്രാമത്തിലാണ് നജാശിയുടെ മഖ്ബറ. മലമ്പ്രദേശങ്ങളായതിനാല്‍ റോഡ് മാര്‍ഗമെത്തിച്ചേരാന്‍ ഒന്നര ദിവസത്തോളമെടുക്കും. 770 കി.മി അകലെയുള്ള മകല്ലെയിലേക്ക് വിമാന മാര്‍ഗമാണ് ഞങ്ങള്‍ പോയത്. ശരീഫ് അഹ്മദും ബശീര്‍ അഹ്മദും സഹയാത്രികരായി.
കൊച്ചിയിലെ വെല്ലിങ്ടണ്‍, ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദ്ദീന്‍, ഇറാഖിലെ സല്‍മാന്‍ പാക്, കൈറോവിലെ ഇമാം ശാഫിഈ, അമേരിക്കയിലെ വാഷിങ്ടണ്‍ എന്നിങ്ങനെ വ്യക്തിനാമങ്ങള്‍ നാടുകള്‍ക്കു ലഭിച്ചതുപോലെ, രാജാവ് അന്ത്യവിശ്രമം കൊള്ളുന്ന ഗ്രാമനാമം തന്നെ നജാശി എന്നാണ്. ഗ്രാമപ്രദേശമാണെങ്കിലും അന്താരാഷ്ട്ര പ്രശസ്തി കൈവരിച്ചിരിക്കുന്നു ഈ തീര്‍ഥാടന കേന്ദ്രം.
മകല്ലെയില്‍ നിന്ന് എരിത്രിയന്‍ തലസ്ഥാനമായ അസ്മറിയിലേക്കുള്ള ഹൈവേയില്‍ നിന്ന് 40 കി.മി പടിഞ്ഞാറോട്ടു മാറിയുള്ള അക്‌സൂമിലായിരുന്നു രാജാവിന്റെ ഭരണകേന്ദ്രവും കൊട്ടാരവും. ഹൈവേയില്‍ ഇടതുവശത്തായി ഒരു മലമുകളിലാണ് നജാശിയുടെയും പതിനഞ്ചോളം സ്വഹാബിമാരുടെയും മഖ്ബറ സമുച്ചയം. ജുമുഅത്ത് പള്ളിയും പ്രാദേശിക ശ്മശാന ഭൂമിയും ഇതിനടുത്തു തന്നെയുണ്ട്. വിവിധ നൂറ്റാണ്ടുകളിലായി മരിച്ച മുസ്‌ലിംകള്‍ ഇവിടെ മറവുചെയ്യപ്പെട്ടതായാണു മനസിലാകുന്നത്. മഖ്ബറയും മസ്ജിദും തുര്‍ക്കി സര്‍ക്കാര്‍ വകയായി ഇപ്പോള്‍ പുനര്‍നിര്‍മിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. മസ്ജിദിനു തൊട്ടടുത്തു തന്നെ സാമാന്യം നല്ല ഒരു കെട്ടിടത്തില്‍ നിസ്‌കരിക്കാനും ജുമുഅക്കും താല്‍കാലിക സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. സഊദിയിലെ ജിസാനില്‍ നേരത്തെ ജോലി ചെയ്തിരുന്ന തദ്ദേശീയനായ ആദം ഇബ്‌റാഹീം മുഹമ്മദ് ആണ് ഇവിടത്തെ ഖഥീബും ഇമാമും. എഴുപതുകാരനായ ഇദ്ദേഹം അബ്‌സീനിയന്‍ മുഹാജിറുകളുടെയും നജാശി രാജാവിന്റെയുമൊക്കെ ചരിത്രങ്ങള്‍ വിശദീകരിച്ചു തരികയുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."