വൈറോളജി ലാബ്; ചുമതല മണിപ്പാല്‍ യൂനിവേഴ്സിറ്റിക്ക്
സുല്‍ത്താന്‍ ബത്തേരി: ജില്ലയില്‍ സര്‍ക്കാര്‍ അനുമതി നല്കിയ വൈറോളജി ലാബിന്റെ പൂര്‍ണ ചുമതല മണിപ്പാല്‍ യൂനിവേഴ്സിറ്റിക്ക്. ലാബിലേക്കാവശ്യമായ ഉപകരണങ്ങള്‍ സജ്ജീകരിക്കുന്നതും ജീവനക്കാരുടെ നിയമനവും യൂനിവേഴ്സിറ്റിയാകും നിയന്ത്രിക്കുക. വൈറല്‍ രോഗങ്ങള്‍ സ്ഥിരീകരിക്കുന്നതിന് ബത്തേരിയില്‍ മണിപ്പാല്‍ യൂനിവേഴ്സിറ്റിയുടെ സഹകരണത്തോടെ താല്കാലിക വൈറോളജി ലാബ് സ്ഥാപിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്.
കുരങ്ങുപനി പടര്‍ന്ന് പിടിക്കുകയും 11 പേര് മരിക്കുകയും ചെയ്ത സഹാചര്യത്തിലാണ് കഴിഞ്ഞ സര്‍ക്കാര്‍ ജില്ലയില്‍ വൈറോളജി ലാബ് പ്രഖ്യാപിച്ചത്. ബത്തേരിയിലെ പബ്ലിക് ഹെല്‍ത്ത് ലാബിലാണ് വൈറോളജി ലാബ് സ്ഥാപിക്കാന്‍ പദ്ധതിയിട്ടിരുന്നതെങ്കിലും പബ്ലിക് ഹെല്‍ത്ത് ലാബ് പ്രഖ്യാപനത്തിലൊതുങ്ങുകയായിരുന്നു. നിലവില്‍ കുരങ്ങു പനി സ്ഥിരീകരിക്കുന്നത് മണിപ്പാല്‍ യൂനിവേഴ്സിറ്റിയിലെ ലാബില്‍ നിന്നാണ്. വന്‍ തുക ചെലവഴിക്കേണ്ടി വരുന്ന ലാബ് ഉടന്‍ ആരംഭിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് മണിപ്പാല്‍ യൂനിവേഴ്സിറ്റിയുടെ സഹകരണത്തോടെ താല്കാലിക സംവിധാനം ഒരുക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ബത്തേരി താലൂക്ക് ആശുപത്രിയില്‍ ലാബിനാവശ്യമായ സ്ഥലം കണ്ടെത്തുകയും അനുമതിക്കായി സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അനുമതി ലഭിച്ചിരുന്നില്ല. ജില്ലയിലെ കുരങ്ങുപനി സാധ്യത കണക്കിലെടുത്താണ് പുതിയ നീക്കം. നിലവില്‍ ലാബിന് സ്ഥലം ഒരുക്കി നല്‍കുക മാത്രമാണ് ബത്തേരി താലൂക്ക് ആശുപത്രി ചെയ്യുന്നത്. ഈ മാസം 20ഓടെ മണിപ്പാല്‍ യൂണിവേഴ്സിറ്റി വൈറസ് റിസേര്‍ച്ച് വിഭാഗം മേധാവി ജി. അരുണ്‍ കുമാര്‍ സ്ഥലം സന്ദര്‍ശിക്കും. താല്കാലിക സംവിധാനമാണെങ്കിലും വൈറോളജി ലാബ് സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ജില്ലക്ക് ആശ്വാസത്തിന് വക നല്‍കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."