മടക്കിമല ഭൂമിയിലെ പദ്ധതി ഉപേക്ഷിച്ചു; ഇനിയും വൈകുമോ മെഡിക്കല്‍ കോളജ്
കല്‍പ്പറ്റ: വയനാട്ടുകാരുടെ ചിരകാല സ്വപ്നമായ വയനാട് മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാകാന്‍ ഇനിയും കാത്തിരിക്കണം. നിലവില്‍ മെഡിക്കല്‍ കോളജിനായി ഏറ്റെടുത്ത കല്‍പ്പറ്റ-മടക്കിമലയിലെ ഭൂമിയില്‍ പ്രകൃതിദുരന്ത സാധ്യതയുണ്ടെന്ന ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടാണു പദ്ധതിക്കു തിരിച്ചടിയാകുന്നത്. അതിനിടെ, മെഡിക്കല്‍ കോളജ് നിര്‍മാണത്തിനായി മറ്റൊരു സ്ഥലം കണ്ടെത്താന്‍ അധികൃതര്‍ നീക്കം തുടങ്ങി. കഴിഞ്ഞ ദിവസമാണ് ജിയോളജിക്കല്‍ സര്‍വേ അധികൃതര്‍ റിപ്പോര്‍ട്ട് കലക്ടര്‍ക്ക് കൈമാറിയത്. നിര്‍ദിഷ്ട ഭൂമിയില്‍ വിദഗ്ധ പഠനത്തിനായി സമിതിയെ നിയോഗിക്കണമെന്നും മറ്റൊരു സ്ഥലം ആലോചിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിച്ചു. ഇതോടെ മെഡിക്കല്‍ കോളജ് നിര്‍മാണം വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്്. ചന്ദ്രപ്രഭാ ചാരിറ്റബിള്‍ ട്രസ്റ്റ് മടക്കിമലയില്‍ നല്‍കിയ 50 ഏക്കര്‍ ഭൂമിയിലായിരുന്നു മെഡിക്കല്‍ കോളജിന്റെ പ്രാരംഭപ്രവൃത്തികള്‍ നടത്തിയത്. മടക്കിമലയിലെ ഭൂമിയില്‍ മെഡിക്കല്‍ കോളജ് നിര്‍മിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്ന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. ഈ ഭൂമി ആരോഗ്യ വകുപ്പിന്റെ മറ്റു പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനാണ് ആലോചന.
വിദഗ്ധ പഠനം നടത്തണമെങ്കില്‍ ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലുമെടുക്കും. മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കുക എന്നതും പ്രായോഗികമല്ല. അതുകൊണ്ടാണ് മെഡിക്കല്‍ കോളജ് നിര്‍മാണത്തിനായി ജില്ലയില്‍ മറ്റൊരു ഭൂമി കണ്ടെത്താന്‍ തീരുമാനിച്ചത്. ഇതിന്റെ അന്വേഷണം ആരംഭിച്ചു. രണ്ടു മാസത്തിനകം ഉചിതമായ സ്ഥലം കണ്ടെത്താനാണു നീക്കം.
2012ലെ സംസ്ഥാന ബജറ്റിലാണ് വയനാട് മെഡിക്കല്‍ കോളജ് പ്രഖ്യാപിച്ചത്. സ്ഥലം ഏറ്റെടുക്കലില്‍ സാങ്കേതിക പ്രശ്‌നങ്ങളുണ്ടായെങ്കിലും ഇതെല്ലാം പരിഹരിച്ച് 2015ല്‍ മെഡിക്കല്‍ വിഭ്യാഭ്യാസ വകുപ്പിനു കൈമാറി. മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ ആദ്യം സ്വകാര്യ ഏജന്‍സിയെയും പിന്നീട് സര്‍ക്കാര്‍ ഏജന്‍സിയായ ഇന്‍കെലിനെയും ചുമതലപ്പെടുത്തി. ഇന്‍കെല്‍ രൂപരേഖ തയാറാക്കുന്നതിനിടെയാണു പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നത്.
ചികിത്സാസൗകര്യങ്ങളുടെ കാര്യത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജില്ലയാണ് വയനാട്. അടിയന്തര ഇടപെടല്‍ നടത്തിയില്ലെങ്കില്‍ മെഡിക്കല്‍ കോളജ് ഇനിയും വൈകാനാണു സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."