'മന്‍ കീ ബാത്തിനല്ല, നിങ്ങളെ കേള്‍ക്കാനാണ് വന്നത് '
ദുബൈ: 'മന്‍ കീ ബാത്ത് ' പറയാനല്ല, നിങ്ങളെ കേള്‍ക്കാനാണ് താന്‍ വന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദുബൈയിലെ ജബല്‍ അലി ലേബര്‍ ക്യാംപില്‍ തടിച്ചുകൂടിയ ആയിരക്കണക്കിനു തൊഴിലാളികളെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍. കഴിയാവുന്ന വിധം നിങ്ങളെ സഹായിക്കാന്‍ ഞാനും എന്റെ പ്രസ്ഥാനവുമുണ്ടാകും. ഭയപ്പാടിന്റെ ആവശ്യമില്ല. രാജ്യത്ത് പോര്‍മുഖം തുറന്നുകഴിഞ്ഞിരിക്കുകയാണ്. നിങ്ങളുടെ പിന്തുണ വേണം. നാം വിജയിക്കാന്‍ പോകുകയാണ്-രാഹുല്‍ പറഞ്ഞു.
നിങ്ങളാണ് ഈ നാട് നിര്‍മിച്ചത്. ദുബൈ നഗരവും ഇവിടത്തെ വന്‍കെട്ടിടങ്ങളും വിമാനത്താവളവും മെട്രോയുമെല്ലാം നിര്‍മിക്കാന്‍ വിയര്‍പ്പൊഴുക്കിയത് നിങ്ങളാണ്. നിങ്ങളുടെ രക്തവും സമയവുമാണ് ഇതിനായി ചെലവിട്ടത്. ഈ മഹാരാജ്യം കെട്ടിപ്പടുക്കുന്നതില്‍ വലിയ പങ്കുവഹിച്ച നിങ്ങളെ ഓരോരുത്തരെയും ഇന്ത്യന്‍ ജനതയുടെ പേരില്‍ അഭിവാദനം ചെയ്യുന്നു-പ്രസംഗത്തില്‍ എ.ഐ.സി.സി അധ്യക്ഷന്‍ പറഞ്ഞു.
ദ്വിദിന യു.എ.ഇ സന്ദര്‍ശനത്തിനായി വ്യാഴാഴ്ച രാത്രി ഏഴോടെയാണ് രാഹുല്‍ ഗാന്ധി ദുബൈയിലെത്തിയത്. വിമാനത്താവളത്തില്‍ രാഹുലിനെ കാത്ത് നൂറുകണക്കിനു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയിരുന്നു. ഇന്നലെ രാവിലെ ഇന്ത്യന്‍ പ്രവാസി വ്യവസായി പ്രമുഖരുമായുള്ള കൂടിക്കാഴ്ചയോടെയും പ്രഭാത ഭക്ഷണത്തോടെയുമാണ് സന്ദര്‍ശനത്തിനു തുടക്കമിട്ടത്. ഇന്ത്യന്‍ സ്ഥാനപതി ഡോ. നവ്ദീപ് സിങ് സുരി, ലുലു ഗ്രൂപ്പ് മേധാവി എം.എ യൂസഫലി, മറ്റ് ഇന്ത്യന്‍ വ്യവസായികളായ ഡോ. ബി.ആര്‍ ഷെട്ടി, സണ്ണി വര്‍ക്കി, ഡോ. ശംസീര്‍ വയലില്‍, ഡോ. ആസാദ് മൂപ്പന്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. തുടര്‍ന്ന് 11.30ഓടെയാണ് ജബല്‍ അലിയിലെ ലേബര്‍ ക്യാംപിലെത്തിയത്. ഓവര്‍സീസ് ഇന്ത്യന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ഡോ. സാം പിത്രോഡ, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരും ഇവിടെ സംസാരിച്ചു. വൈകിട്ട് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമുമായി കൂടിക്കാഴ്ച നടത്തി.
തുടര്‍ന്ന് ദുബൈ ഇന്റര്‍നാഷനല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന പൊതുപരിപാടിയില്‍ അരലക്ഷത്തോളം പേരാണു പങ്കെടുത്തത്. രാഹുലിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഉമ്മന്‍ ചാണ്ടിക്കു പുറമെ കെ. സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ് അടക്കം കേരളത്തില്‍നിന്നുള്ള ഉന്നതരായ കോണ്‍ഗ്രസ് പട തന്നെ ദുബൈയിലെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."