ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കരുത്: കേരള പത്രപ്രവര്‍ത്തക യൂനിയന്‍
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കരുതെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ബഷീര്‍ കൊല്ലപ്പെടാന്‍ കാരണക്കാരന്‍ ശ്രീറാം വെങ്കിട്ടരാമന്‍ അമിതമായി മദ്യപിച്ച് വാഹനമോടിച്ചതാണെന്ന കാര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും യാതൊരു സംശയവുമില്ല.
ഈ കേസില്‍ പൊലിസ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ ഈ കേസുമായി സസ്‌പെന്‍ഷനില്‍ കഴിയുന്നയാളെ തിരിച്ചെടുക്കുന്നത് കേസ് അന്വേഷണത്തെ വരെ സ്വാധീനിക്കാന്‍ ഇടയാവുമോ എന്ന ആശങ്കയുണ്ട്.
ബഷീറിന്റെ ഭാര്യക്ക് ജോലി നല്‍കുക വഴി സര്‍ക്കാര്‍ ആ കുടുംബത്തിന് നല്‍കിയ പിന്തുണ ഏവര്‍ക്കും അറിയാവുന്നതാണ്. ഈ കേസില്‍ കുറ്റവാളിയായ ശ്രീറാം വെങ്കിട്ടരാമന് അര്‍ഹമായ ശിക്ഷ ലഭിക്കണം.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ശക്തമായ ഇടപെടല്‍ ഉണ്ടാകുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ശ്രീറാംവെങ്കിട്ട രാമന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ അനുവദിക്കരുതെന്നും കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി റജിയും ജനറല്‍ സെക്രട്ടറി ഇ.എസ് സുഭാഷും മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."