അണയില്ല, ആ വെളിച്ചം
ലോകം നടുങ്ങിയ നേരം
1948 ജനുവരി 30 : ഗാന്ധിജി സര്‍ദാര്‍ പട്ടേലുമായി സംസാരിച്ചുകൊണ്ടിരിക്കുന്നു. മനുവും ആഭയും ഭക്ഷണവുമായെത്തി. അവര്‍ വാച്ചെടുത്തു കാണിച്ചു.
പട്ടേലുമായുളള ചര്‍ച്ച അല്‍പം നീണ്ടുപോയതിനാല്‍ പ്രാര്‍ഥനായോഗത്തിനു പുറപ്പെടാന്‍ 10 മിനിട്ട് വൈകിപ്പോയി. സമയം 5.10. മനുവിന്റെയും ആഭയുടെയും തോളില്‍ കൈയിട്ട് പ്രാര്‍ഥനാ മൈതാനത്തിലേക്കു നടന്നു. ഗാന്ധിജി യോഗസ്ഥലത്തേക്കു പ്രവേശിച്ചപ്പോള്‍ എല്ലാവരും എണീറ്റുനിന്ന് കൈകൂപ്പി. ആ സമയം ഗാന്ധിജിയെ നമസ്‌ക്കരിക്കാനെന്ന ഭാവത്തില്‍ ഒരു ചെറുപ്പക്കാരന്‍ ആളുകളെ ഉന്തിത്തള്ളിക്കൊണ്ടു വന്നു. മനു തടഞ്ഞു.
മനുവിനെ തള്ളിത്താഴെയിട്ട നാഥുറാം വിനായക് ഗോഡ്‌സേ അതിവേഗം കൈത്തോക്കെടുത്തു.
മഹാത്മജിയുടെ നേരെ നിറയൊഴിച്ചു. ആദ്യവെടിയേറ്റപ്പോള്‍ തന്നെ ആ മഹാത്മാവ് നിലത്തേക്കു ചാഞ്ഞു.
രണ്ടാമത്തെ വെടിയില്‍ രക്തം ചിതറി. ''ഹേ രാമാ, ഹാ, ദൈവമേ'' ആ ചുണ്ടുകള്‍ മന്ത്രിച്ചു. മൂന്നാമത്തെ വെടിയില്‍ ആ വിശ്വപൗരന്റെ ശരീരം മണ്ണില്‍ വീണു.
ശരീരത്തില്‍ നിന്ന് രക്തമൊഴുകി. മെതിയടിയും കണ്ണടയും ദൂരേയ്ക്ക് പതിച്ചു. മഹാരാജ്യത്തിന്റെ ഹൃദയം നുറുങ്ങിത്തെറിച്ച നിമിഷം. ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഗാന്ധിജി അന്ത്യശ്വാസം വലിച്ചു.
ഗൂഢാലോചന ?
1948 ജനുവരി 13: നാഥുറാം വിനായക് ഗോഡ്‌സെ രണ്ട് ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളെടുക്കുന്നു. ഒന്നില്‍ നാരായണ്‍ ആപ്‌തെയുടെ ഭാര്യയും രണ്ടാമത്തേതില്‍ ഗോഡ്‌സേയുടെ ഭാര്യയുമായിരുന്നു നോമിനികള്‍.
ജനുവരി 15: ഗോഡ്‌സെ, ആപ്‌തെ, രാമചന്ദ്ര ബഡ്‌ഗെ, രാമകൃഷ്ണ കര്‍ക്കരെ, മദന്‍ലാല്‍ പഹ്‌വ എന്നിവര്‍ ബോംബയില്‍ ഒത്തുചേര്‍ന്നു.
ജനുവരി 16: ഗോഡ്‌സേ ഒരു ചെറിയ പിസ്റ്റല്‍ ബഡ്‌ഗേക്കു നല്‍കി, വലിയ റിവോള്‍വര്‍ മാറ്റി വാങ്ങാന്‍ ആവശ്യപ്പെടുന്നു. ശര്‍മ്മ എന്നയാള്‍ക്ക് പിസ്റ്റല്‍ നല്‍കി റിവോള്‍വര്‍ വാങ്ങുന്നു.
ജനുവരി 19: ഗൂഢാലോചന സംഘം ഡല്‍ഹിയിലെത്തുന്നു.
ജനുവരി 20: ബിര്‍ളാ ഹൗസില്‍ ഗാന്ധിജിയുടെ പ്രാര്‍ഥനാ സമയത്ത് തീകൊളുത്തിയും ഗ്രനേഡു പൊട്ടിച്ചും പരിഭ്രാന്തി സൃഷ്ടിക്കുന്നതിനിടയില്‍ ബഡ്‌ഗെ ഗാന്ധിജിയെ വെടിവയ്ക്കണമെന്നായിരുന്നു പ്ലാന്‍.
മദന്‍ലാല്‍ തീകൊളുത്തുന്നതിനിടെ പൊട്ടിത്തെറി നടന്നതിനാല്‍ ജനം മദന്‍ലാലിനെ പിടികൂടി. ഇതുകണ്ട് പരിഭ്രമിച്ച എല്ലാവരും ഓടി രക്ഷപ്പെട്ടു. ഗൂഢാലോചന സംഘം ബോംബയിലേക്കു തിരിച്ചു പോയി.
ജനുവരി 25: നാഥുറാം ഗോഡ്‌സേയും ആപ്‌തെയും ജനുവരി 26-ാം തിയതിയിലേക്ക് ഡല്‍ഹിയിലേക്കുളള രണ്ടു ടിക്കറ്റുകള്‍ ബോംബയില്‍നിന്ന് റിസര്‍വ് ചെയ്യുന്നു.
ജനുവരി 27: ഇരുവരും ഡല്‍ഹിയില്‍നിന്ന് ഗ്വാളിയറിലേക്ക് പോയി. ഡോ. പര്‍ച്ചുരെയുടെ വീട്ടില്‍ താമസിക്കുന്നു.
ജനുവരി 28: ഡോ. പര്‍ച്ചുരെയുടെ സഹായത്തോടെ ഓട്ടോമാറ്റിക് പിസ്റ്റല്‍ സംഘടിപ്പിച്ച് ഡല്‍ഹിയിലേക്ക്.
ജനുവരി 29: ഡല്‍ഹി റെയില്‍വെ സ്റ്റേഷനിലെ വിശ്രമ മുറിയില്‍ നാഥുറാം ഗോഡ്‌സേ, ആപ്‌തെ, കര്‍ക്കരെ എന്നിവര്‍ തങ്ങുന്നു.
ജനുവരി 30: ബിര്‍ളാ ഹൗസിലെ പ്രാര്‍ഥനാ സ്ഥലത്തേക്ക് നാഥുറാം ഗോഡ്‌സെ ബുര്‍ഖ (പര്‍ദ) അണിഞ്ഞ് കടന്നു ചെല്ലാനും ഗാന്ധിജിയെ വെടിവയ്ക്കാനുമായിരുന്നു തീരുമാനം .
ഇതിനായി ചാന്ദിനി ചൗക്കില്‍നിന്നും ബുര്‍ഖ വാങ്ങി. പരിശീലനം നടത്തിനോക്കിയപ്പോള്‍ തോക്കെടുക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ ബുര്‍ഖ ഉപേക്ഷിച്ചു.
ടാക്‌സിയില്‍ മൂന്നുപേരും ബര്‍ളാ മന്ദിരത്തിലേക്ക്. സമയം വൈകുന്നേരം 5.17 - ഗാന്ധിജി ബര്‍ളാ മന്ദിരത്തില്‍നിന്നു പ്രാര്‍ഥനയ്ക്കായി പുറത്തേക്കിറങ്ങി.
ജനക്കൂട്ടത്തിനിടയില്‍നിന്നു ഗോഡ്‌സെ മുന്നോട്ടു നീങ്ങി. ഗാന്ധിജിയുടെ നെഞ്ചിനുനേരെ വെടിയുതിര്‍ത്തു.
സ്വാതന്ത്ര്യ ദിനത്തില്‍
ഗാന്ധിജിയുടെ ജീവിതാന്ത്യം പൊതുവേ ക്ലേശകരമായിരുന്നു. അദ്ദേഹം വെറുത്തിരുന്ന ഇന്ത്യാ വിഭജനമായിരുന്നു അതിന്റെ പ്രധാന കാരണം. കസ്തൂര്‍ബാ ഗാന്ധിയുടെ വിയോഗവും അദ്ദേഹത്തെ ദുഃഖിതനാക്കി. ഈ സമയം അദ്ദേഹം അനേകം പ്രാര്‍ഥനാ യോഗങ്ങളില്‍ പങ്കെടുത്തു. 1947 ഓഗസ്റ്റ് 15-ന് ഇന്ത്യ സ്വാതന്ത്ര്യം ആഘോഷിച്ചപ്പോള്‍ ഗാന്ധിജി കൊല്‍ക്കത്തയില്‍ വിഭജനത്തില്‍ ദുഃഖിതനായി കഴിയുകയായിരുന്നു.
പടിഞ്ഞാറന്‍ പാകിസ്താനില്‍ നിന്ന് നിരവധി ഹിന്ദുക്കളും സിക്കുകാരും അഭയാര്‍ഥികളായെത്തി. സെപ്തംബര്‍ 4-ന് ഡല്‍ഹിയിലും വര്‍ഗീയ ലഹളകള്‍ ആരംഭിച്ചു. 1948 ജനുവരിയിലും ഇതുപോലെ ലഹളകള്‍ ഉണ്ടായി. സമാധാന സ്ഥാപനത്തിനായി ഗാന്ധി ഡല്‍ഹിയില്‍ ജനുവരി 13-ന് നിരാഹാരസമരം ആരംഭിച്ചു. സമുദായനേതാക്കളും ലഹളയ്ക്ക് നേതൃത്വം കൊടുത്തവരും ഒത്തുതീര്‍പ്പിന് തയാറായപ്പോള്‍ ഗാന്ധി നിരാഹരം അവസാനിപ്പിച്ചു.
എന്തിനീ ക്രൂരത ?
ഇന്ത്യാ- പാക് വിഭജനത്തിന് കാരണക്കാരന്‍ ഗാന്ധിജിയാണെന്നും അദ്ദേഹം മതന്യൂനപക്ഷങ്ങളോട് പ്രത്യേക മമത പുലര്‍ത്തിയിരുന്നുവെന്നുമായിരുന്നു ഗേഡ്‌സെയും കൂട്ടരും ധരിച്ചിരുന്നത്. ഇതിനുള്ള പ്രതികാരമായിട്ടാണ് ഗാന്ധിജിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതും 1948 ജനുവരി 30-ന് ഗാന്ധിജിയെ വെടിവച്ചതെന്നുമായിരുന്നു കേസ്.
തടയാന്‍
കഴിയുമായിരുന്നു !
സൂചനകള്‍ മുന്‍പ് പലതുകിട്ടിയിട്ടും പൊലിസ് ഉണര്‍ന്നു പ്രവര്‍ത്തിക്കാത്തതിലാണ് ഗാന്ധിജി വധിക്കപ്പെട്ടതെന്നു പരക്കെ ആരോപണം ഉയര്‍ന്നു.
ഗാന്ധി വധക്കേസ് വിചാരണ നടത്തിയ ജഡ്ജി ആത്മചരണ്‍ ഇതുസംബന്ധിച്ച് പൊലിസിനെതിരെ പരാമര്‍ശങ്ങളും നടത്തിയെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."