പള്ളിക്കൂട്ടുമ്മ-പുന്നക്കുന്നം റോഡ് പൊളിഞ്ഞു; അറ്റകുറ്റ പണികള്‍ വിഫലം
കുട്ടനാട്: പലതവണ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടും പള്ളിക്കൂട്ടുമ്മ-പുന്നക്കുന്നം റോഡിലെ കുഴികള്‍ക്കു പരിഹാരമാകുന്നില്ല.
ഓരോ തവണയും അറ്റകുറ്റപ്പണികള്‍ നടത്തി ആഴ്ചകള്‍ കഴിയും മുന്‍പേ റോഡ് പൂര്‍വസ്ഥിതിയിലാകുകയാണ് പതിവ്. റോഡ് നിര്‍മാണത്തിലെ അപാകതയാണ് ഇവിടുത്തെ പ്രധാന ശാപമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
അനുദിനം കുഴികള്‍ വര്‍ധിക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം ക്ലേശകരമാകുന്നു. നൂറുകണക്കിനു വാഹനങ്ങളും ആയിരക്കണക്കിനു യാത്രക്കാരുമാണ് ദിവസവും ഇതുവഴി യാത്രചെയ്യുന്നത്.
ടാറിങ് ഇളകി വന്‍കുഴികള്‍ രൂപപ്പെട്ടതോടെ ചെറുവാഹനങ്ങള്‍ അപകടങ്ങളില്‍പ്പെടുന്നത് പതിവായിരിക്കുകയാണ്. ഉദ്യോഗസ്ഥരും കരാറുകാരും തമിലുള്ള ധാരണയാണ് റോഡ് ഇത്രയേറെ മോശമാകാന്‍ കാരണമായതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മൂന്നു റീച്ചുകളലായി ഇവിടെ ടാറിങ് നടത്തിയിരുന്നു. വെള്ളപ്പൊക്കത്തില്‍ പെട്ടന്നു വെള്ളം കയറുന്നതിനാല്‍ റോഡ് മണ്ണിട്ടുയര്‍ത്തിയ ശേഷമാണ് ടാറിങ് നടത്തിയത്. എന്നാല്‍, മാസങ്ങള്‍ക്കകം റോഡ് പൂര്‍വസ്ഥിതിയിലായിരുന്നു. കരാറില്‍ നിര്‍ദേശിക്കുന്നത്ര റോഡ് ഉയര്‍ത്തിയിരുന്നില്ല എന്ന ആക്ഷേപവുമുണ്ട്.
പള്ളിക്കൂട്ടുമ്മ-പുന്നക്കുന്നം റോഡ് ആരംഭിക്കുന്നിടത്തും, ഐ.സി മുക്കിനു സമീപത്തുമാണ് റോഡ് ഏറ്റവുമധികം തകര്‍ന്നിരിക്കുന്നത്. ആലപ്പുഴ, ചങ്ങനാശേരി ഡിപ്പോകള
ില്‍ നിന്നുള്ള നിരവധി കെ.എസ്.ആര്‍.ടി.സി ബസുകളാണ് ഇതുവഴി ദിവസവും സര്‍വിസ് നടത്തുന്നത്. കുഴികള്‍ നിറഞ്ഞ റോഡില്‍ കൂടിയുള്ള യാത്ര നാട്ടുകാരില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.
ഇരുപത്തിയഞ്ചിലധികം വരുന്ന ഓട്ടോറിക്ഷകളും റൂട്ടില്‍ സര്‍വിസ് നടത്തുന്നു. ബസില്ലാത്ത സമയങ്ങളില്‍ ഓട്ടോറിക്ഷകള്‍ ആണ് നാട്ടുകാര്‍ക്ക ആശ്രയം. വലിയ കുഴികളില്‍ക്കൂടി സര്‍വിസ് നടത്തുന്നതിനാല്‍ പണിക്കൂലിയിനത്തില്‍ ധാരാളം പണം ചിലവാകുന്നതായി ഓട്ടോറിക്ഷാ തൊഴിലാളികളും പറയുന്നു.
പുളിങ്കുന്നു താലൂക്കാശുപത്രിയില്‍ നിന്നും റഫര്‍ ചെയ്യപ്പെടുന്ന രോഗികളെ മെഡിക്കല്‍ കോളജിലും മറ്റാശുപത്രികളിലുമെത്തിക്കുന്നതിനായി ഏറെ സമയമെടുക്കുന്നതായും ആക്ഷേപമുണ്ട്. കരാറുകാര്‍ക്ക് സര്‍ക്കാരില്‍ നിന്നും കിട്ടേണ്ട കോടികള്‍ കുടിശികയായിക്കിടക്കുന്നതാണ് കരാറായിട്ടുള്ള പ്രവൃത്തികള്‍ പോലും നടക്കാത്തതെന്നും ആക്ഷേപമുണ്ട്. പള്ളിക്കൂട്ടുമ്മ ജങ്ഷന്‍ മുതല്‍ പുന്നക്കുന്നം ബസ്സ്റ്റാന്റു വരെയുള്ള റോഡ് അടിയന്തിരമായി ടാറിങ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."