കലക്ടറുടെ പരാതി പരിഹാര അദാലത്ത്; ലഭിച്ചത് 219 പരാതികള്‍
കൊട്ടാരക്കര: കൊട്ടാരക്കരയില്‍ നടത്തിയ ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്തില്‍ 219 പരാതികള്‍ ലഭിച്ചു. അടിയന്തിരമായി തീര്‍പ്പ് കല്‍പ്പിക്കാന്‍ കഴിയുന്ന പരാതികള്‍ ഉണ്ടായിരുന്നില്ല. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട 68 അപേക്ഷകളും പഞ്ചായത്തുമായി ബന്ധപ്പെട്ട 54 അപേക്ഷകളും സിവില്‍ സപ്ലൈസുമായി ബന്ധപ്പെട്ട 42 അപേക്ഷകളും ബാങ്കുകളുമായി ബന്ധപ്പെട്ട 21 അപേക്ഷകളും എംപ്ലോയ്‌മെന്റ് ഓഫിസുമായി ബന്ധപ്പെട്ട് 11 അപേക്ഷകളും പൊതു വിഭാഗത്തില്‍ 23 അപേക്ഷകളുമാണ് ലഭിച്ചത്.ഇവ പരിശോധിച്ച ശേഷം വിവിധ വകുപ്പുതല മേധാവികള്‍ക്ക് തുടര്‍ നടപടികള്‍ക്കായി കൈമാറി. രാവിലെ മുതല്‍ കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന അദാലത്ത് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ബി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
പുനലൂര്‍ ആര്‍.ഡി.ഒ ബി. ശശികുമാര്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ ഗ്രിഗറി കെ. ഫിലിപ്പ്, ഗീതാമണി, തഹസില്‍ദാര്‍ ബി. അനില്‍കുമാര്‍, ഭൂരേഖ വിഭാഗം തഹസില്‍ദാര്‍, സി. പത്‌നചന്ദ്ര കുറുപ്പ്, വിവിധ വകുപ്പുതല മേധാവികള്‍ എന്നിവര്‍ നേതൃത്വം നല്‍കി. മിനി സിവില്‍ സ്റ്റേഷന്‍ കോംപൗണ്ടില്‍ പൊതു ടോയ്‌ലറ്റ് സംവിധാനം ഇല്ലാത്തത് താലൂക്ക് സ്റ്റാഫ് കൗണ്‍സില്‍ പരാതിയായി അദാലത്തില്‍ എത്തിച്ചു. പേ ആന്‍ഡ് യൂസ് ക്രമത്തിലെങ്കിലും പൊതു ടൊയ്‌ലറ്റ് സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."