HOME
DETAILS
MAL
തൂക്കിലേറ്റും; ഇന്നല്ല, പിന്നെ!
backup
February 01 2020 | 06:02 AM
ന്യൂഡല്‍ഹി: രാജ്യം പ്രതീക്ഷിച്ചപോലെതന്നെ, നിര്‍ഭയാ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വീണ്ടും നീട്ടി. ഇന്നു രാവിലെ ആറിനു പ്രതികളെ തൂക്കിലേറ്റുമെന്നു വ്യക്തമാക്കി പുറപ്പെടുവിച്ചിരുന്ന മരണവാറന്‍ഡ് ഇന്നലെ ഡല്‍ഹി പാട്യാലാഹൗസ് കോടതി സ്റ്റേ ചെയ്തു. പ്രതികള്‍ സമര്‍പ്പിച്ച ഹരജിയില്‍ പുതിയ വിധി വന്നതിനു ശേഷമേ ഇനി വധശിക്ഷ എന്നു നടപ്പാക്കുമെന്ന കാര്യത്തില്‍ വ്യക്തത വരൂ.
ഇന്നലെ മരണവാറന്‍ഡ് റദ്ദാക്കിയ കോടതി, ശിക്ഷ നടപ്പാക്കുന്നതിനു പുതിയ തിയതി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍, കേസിലെ വിധിയില്‍ കഴിഞ്ഞ ദിവസം പ്രതി വിനയ് ശര്‍മ സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജി ഇന്നലെ സുപ്രിംകോടതി തള്ളി. സംഭവം നടന്ന 2012ല്‍ തനിക്കു പ്രായപൂര്‍ത്തിയായിരുന്നില്ലെന്നു ചൂണ്ടിക്കാട്ടി നേരത്തെ ഇയാള്‍ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളിയിരുന്നു. ഈ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്. എന്നാല്‍, വധശിക്ഷാ വിധിയില്‍ വിനയ് ശര്‍മയടക്കം മൂന്നു പ്രതികള്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹരജികള്‍ കോടതി തള്ളിയിരുന്നു. മുകേഷ് സിങ്ങിന്റെ ദയാഹരജി രാഷ്ട്രപതിയും തള്ളി. ഇതിനെതിരായ ഹരജി സുപ്രിംകോടതിയും തള്ളി. ഇയാള്‍ക്ക് ഇനി നിയമാവസരങ്ങള്‍ ഇല്ലെങ്കിലും മറ്റു പ്രതികള്‍ക്ക് ഇനിയും നിയമവഴിയില്‍ നീങ്ങാന്‍ അവസരമുണ്ട്. ഇതോടെ, ശിക്ഷ നടപ്പാക്കുന്നത് ഇനിയും നീളുമെന്നുതന്നെയാണ് വിലയിരുത്തപ്പെടുന്നത്.
നേരത്തെ ജനുവരി 22നായിരുന്നു ശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, പ്രതികള്‍ ഓരോരുത്തരായി പരമാവധി അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനാലാണ് ഇതു രണ്ടാം തവണയും മാറ്റിവയ്‌ക്കേണ്ടിവന്നത്. മൂന്നു പ്രതികളെ തൂക്കിലേറ്റുന്നതിനു തടസമില്ലെന്ന് ഇന്നലെ പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചെങ്കിലും, ഒരേ കേസിലെ പ്രതികളെ ഒന്നിച്ചു തൂക്കിലേറ്റണമെന്നായിരുന്നു കോടതിയുടെ പ്രതികരണം. അതേസമയം, ഇന്നലെ തിഹാര്‍ ജയിലില്‍ പ്രതികളെ തൂക്കിലേറ്റുന്നതിന്റെ ഡമ്മി അവതരണം നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."