പേരാമ്പ്ര ഗവ.യു.പി സ്‌കൂളിനോടുള്ള അവഗണന; പ്രതിഷേധം ശക്തമാവുന്നു
പേരാമ്പ: സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ പദ്ധതികളും ചര്‍ച്ചയും വ്യാപകമായി നടക്കുമ്പോള്‍ പേരാമ്പ്ര ഗവ.യു.പി സ്‌കൂളിനെ തകര്‍ക്കാനുള്ള ശ്രമത്തിനെതിരേ പ്രതിഷേധം വ്യാപകമാവുന്നു. ഒന്നു മുതല്‍ ഏഴ് വരെ ക്ലാസുകള്‍ നടക്കുന്ന സ്‌കൂളില്‍ പഠന സൗകര്യം ഇല്ലാത്ത കാരണത്താല്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.
പത്ത് ഡിവിഷനുള്ള സ്‌കൂളില്‍ ഏഴ് ക്ലാസ്മുറികള്‍ക്കേ പ്രവര്‍ത്തിക്കാന്‍ സൗകര്യമുള്ളു.സ്‌കൂളിന്റെ അധീനതയിലുളള സ്ഥലത്ത് 2001-2002 വര്‍ഷത്തെ ഇ.എ.എസ് ഫണ്ടില്‍ നിന്നും തുക വകയിരുത്തി കെട്ടിടവും ഒപ്പം അധ്യാപക പരിശീലന കേന്ദ്രവും ലക്ഷ്യമിട്ടാണ് കെട്ടിടം പണിതത്. സ്‌കൂളിന്റെ കളിസ്ഥല സൗകര്യം ഉപേക്ഷിച്ചാണ് അന്ന് കെട്ടിടം നിര്‍മിച്ചത്. പദ്ധതിയില്‍ സൂചിപ്പിച്ച പ്രകാരം ബ്ലോക്ക് തല അധ്യാപക പരിശീലന കേന്ദ്രവും ഓഫിസും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇതിനിടയിലാണ് ശോച്യാവസ്ഥയിലായ എ.ഇ.ഒ ഓഫിസ് കൂടി ഈ കെട്ടിടത്തിലേക്ക് മാറ്റിയത്.
പഠന സൗകര്യമില്ലാത്തതിനെ തുടര്‍ന്ന് വര്‍ഷം തോറും ഈ പൊതു വിദ്യാലയത്തില്‍ നിന്നും പ്രവേശനം നല്‍കാതെ കുട്ടികളെ തിരിച്ചയക്കുകയാണ് ചെയ്യുന്നത്. ഈ അധ്യായന വര്‍ഷം നൂറിലേറെ കുട്ടികളെ തിരിച്ചയച്ചിരുന്നു. പ്രശ്‌നങ്ങളെ സംബന്ധിച്ച് പല തവണയായി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്കും തൊട്ടടുത്ത് തന്നെ പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് ഓഫിസിലും ഭരണ സമിതി മുന്‍പാകെയും പി.ടി.എ കമ്മിറ്റിയും സ്‌കൂള്‍ സപ്പോര്‍ട്ടിങ് സമിതിയും വിശദീകരിച്ചിരുന്നു.
ഈ അവസ്ഥയില്‍ കഴിയുന്നതിനിടെ എ.ഇ.ഒ ഓഫിസ് മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റി. എ.ഇ.ഒ ഓഫിസ് പ്രവര്‍ത്തിച്ച മുറിയില്‍ ക്ലാസ് നടത്താന്‍ അനുമതി തേടി പി.ടി.എ കമ്മിറ്റിയും പ്രധാനാധ്യാപകനും ബ്ലോക്ക് ഓഫിസിലും എ.ഇ.ഒക്കും രേഖാമൂലം കത്ത് നല്‍കിയതാണ്.
യാതൊരു നടപടിയുമുണ്ടാവാത്ത സ്ഥിതി വന്നതോടെയാണ് പ്രധാനാധ്യാപകന്‍ ഒഴിച്ചിട്ട മുറിയില്‍ ക്ലാസ് ക്രമീകരിച്ചത്. എന്നാല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നേരിട്ടെത്തി തടസംനിന്നു. എ.ഇ.ഒ ഇടപെട്ടതോടെ ഇവിടെ ആരംഭിച്ച ക്ലാസില്‍ നിന്ന് അധ്യാപകരെ പിന്‍വലിച്ചു. എ.ഇ.ഒയെ നിരന്തരം ബന്ധപ്പെട്ടാണ് ബ്ലോക്ക് പഞ്ചായത്ത് ഈ നടപടി സ്വീകരിച്ചത്.തുടര്‍ന്ന് രക്ഷിതാക്കള്‍ യോഗം ചേര്‍ന്ന് കുട്ടികള്‍ക്ക് പഠിക്കാന്‍ സൗകര്യമൊരുക്കണമെന്നും വിഷയം പരിഹരിക്കും വരെ കുട്ടികളെ സ്‌കൂളില്‍ അയക്കില്ലെന്നും തീരുമാനിച്ചിരിക്കുകയാണ്. സ്‌കൂളിനെ സംരക്ഷിക്കേണ്ടവര്‍ തന്നെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് വിവിധ സംഘടനകള്‍ കുറ്റപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."