നഗരത്തിലെ പല ഹോട്ടലുകളിലും കുടിക്കാന്‍ നല്‍കുന്നത് മലിനജലം
കൊടുങ്ങല്ലൂര്‍: നഗരത്തിലെ പല ഹോട്ടലുകളിലും കുടിക്കാന്‍ നല്‍കുന്നത് മലിനജലം. കോളിഫോം ബാക്ടീരിയ ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ നിറഞ്ഞ വെള്ളമാണ് ചില ഹോട്ടലുകളില്‍ കുടിയ്ക്കാനായി നല്‍കുന്നത്. നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഈ വിഷയം ഗൗരവമായ ചര്‍ച്ചയ്ക്കിടയാക്കി. വര്‍ഷങ്ങളായി ശുചീകരിക്കാത്ത ടാങ്കുകളിലാണ് കുടിവെള്ളം സംഭരിക്കുന്നത്. ചിലയിടങ്ങളില്‍ കുഴല്‍ കിണര്‍ താഴ്ത്തിയിട്ടുള്ളത് സെപ്റ്റിക് ടാങ്കിനോട് ചേര്‍ന്നാണ്. ഇത്തരം മലീമസമായ സാഹചര്യത്തില്‍ ലഭിക്കുന്ന വെള്ളം തിളപ്പിക്കാതെ തുണികൊണ്ട് അരിച്ചാണ് ചില ഹോട്ടലുകളില്‍ കുടിക്കാനായി നല്‍കുന്നത്. ഭക്ഷണത്തിന് മുന്‍പും ശേഷവും കൈയും വായയും കഴുകാനും ഈ വെള്ളം തന്നെയാണ് നല്‍കുന്നത്. നഗരത്തില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന ചില ടാങ്കറുകളുടെ അവസ്ഥയും ഇതു തന്നെയാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ഹോട്ടലുകളില്‍ നഗരസഭാ ആരോഗ്യ വിഭാഗം പരിശോധന നടത്തുകയും പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്യുക പതിവാണ്. എന്നാല്‍ കുടിവെള്ള സ്രോതസുകളെ കുറിച്ച് വേണ്ടത്ര അന്വേഷണം നടക്കാറില്ല. നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ കൗണ്‍സിലര്‍ എം.കെ സഹീര്‍ ഈ വിഷയം ഉന്നയിച്ചതിനെ തുടര്‍ന്ന് നഗരത്തിലെ ഹോട്ടലുകളില്‍ കര്‍ശന പരിശോധന നടത്തുന്നതിനും കുടിക്കുവാനും ഭക്ഷണത്തിനുപയോഗിക്കുന്ന കുടിവെള്ള ടാങ്കുകള്‍ ഉള്‍പ്പെടെ പരിശോധന നടത്തി ശുചിത്വമുറപ്പു വരുത്തുവാനും നഗരസഭ ചെയര്മാന് കെ.ആര് ജൈത്രന്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."