മോര്‍ത്തോട് സംരക്ഷണ പദ്ധതി പുരോഗമിക്കുന്നു
മാള: മോര്‍ത്തോട് സംരക്ഷണ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ പുത്തന്‍വേലിക്കര പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ജലസമൃദ്ധമാകും. മോര്‍ത്തോട് കെട്ടി സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കയാണ്. പഞ്ചായത്തിലെ അഞ്ച്, ആറ് വാര്‍ഡുകളിലായുള്ള തോടിന്റെ ഇരു കരകളുമാണിപ്പോള്‍ കെട്ടി സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.
400 മീറ്റര്‍ നീളത്തിലും ഒന്‍പത് മീറ്റര്‍ വീതിയിലും ശരാശരി പത്ത് മീറ്ററോളം ആഴത്തിലുമുള്ള തോടിന്റെ ഇരുകരകളും കെട്ടി സംരക്ഷിക്കാനായി നബാര്‍ഡിന്റെ 4.25 കോടി രൂപയാണ് വിനിയോഗിക്കുന്നത്. കെ.എല്‍.ഡി.സിയാണ് പദ്ധതി നടപ്പാക്കുന്നത്.
കുഴൂര്‍, പുത്തന്‍വേലിക്കര ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ച് കിടക്കുന്ന തോടിന് ആകെ നീളം ഏഴുകിലോമീറ്ററോളവും വീതി ശരാശരി ഒന്‍പത് മീറ്ററോളവും ആഴം രണ്ട് മീറ്റര്‍ മുതല്‍ 20 മീറ്ററോളം വരെയുമാണ്. മോര്‍ത്തോട്, അകത്ത്ചാല്‍, മോറത്തോട് തുടങ്ങിയ പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. ഘട്ടംഘട്ടമായാണ് തോട് പൂര്‍ണമായും കെട്ടി സംരക്ഷിക്കാനാവുക.
കുഴൂരിന്റേയും പുത്തന്‍വേലിക്കരയുടേയും അതിര്‍ത്തിയില്‍ ശരാശരി 15 മീറ്ററിലധികം വരുന്ന തോടിന് അവസാനമായ തുരുത്തൂരില്‍ രണ്ട് മീറ്റര്‍ മാത്രമാണ് ആഴമുള്ളത്.
പദ്ധതി പൂര്‍ത്തീകരിക്കപ്പെടുന്നതോടെ ജലത്തിന്റെ സ്വാഭാവികമായ ഒഴുക്ക് നല്ലരീതിയില്‍ നടക്കും. ഇതോടെ പഞ്ചായത്തിലെ 5,6,12,4,3,1,2,13,17 വാര്‍ഡുകളിലെ കാര്‍ഷീക രംഗത്തിനും കുടിവെള്ളത്തിനും ഏറെ സഹായകരമാകും. 1500 ഏക്കറിലെ കൃഷിക്ക് ഗുണകരമാകും പദ്ധതി. താഴംചിറപ്പാടം, മുട്ടിക്കല്‍പ്പാടം,കുറ്റിക്കാട്ട്പാടം, പാപ്പനംകാട്പാടം, തത്തപ്പാടം തുടങ്ങിയ പാടശേഖരങ്ങളില്‍ ഇരുപ്പൂ കൃഷി ഇറക്കാനാകും.
വെള്ളത്തിന്റെ അഭാവത്താല്‍ ഒരുപ്പൂ കൃഷിയാണിവിടങ്ങളില്‍ നടക്കുന്നത്. വേനലില്‍ കടുത്ത ജലക്ഷാമമാണിവിടങ്ങളിലുണ്ടാകുന്നത്. കിണറുകളില്‍ പലതും വറ്റിവരളുന്നതോടെ വെള്ളത്തിന് കടുത്ത ക്ഷാമമാണ് പലയിടങ്ങളിലും അനുഭവപ്പെടുന്നത്. പുത്തന്‍വേലിക്കര ജങ്ഷനിലൂടേയാണ് തോട് കടന്നു പോകുന്നത്. അതിനാല്‍തന്നെ ജങ്ഷനടക്കമുള്ളയിടങ്ങളില്‍ വേനലില്‍ വെള്ളം ആവശ്യത്തിന് ലഭിക്കുകയും വര്‍ഷക്കാലത്ത് അധികജലം ഒഴുകി പോകുകയും ചെയ്യും. നിലവില്‍ ഗ്രാമപഞ്ചായത്തംഗമായ പി.കെ ഉല്ലാസിന്റെ നേതൃത്വത്തില്‍ 1998 ലാണ് തോട് കെട്ടി സംരക്ഷിക്കാനുള്ള ശ്രമങ്ങളാരംഭിച്ചത്.
അന്ന് 98 ലക്ഷം രൂപ വിനിയോഗിച്ച് തോടിന്റെ കുറേഭാഗം കെട്ടി സംരക്ഷിച്ചിരുന്നു.അക്കാലത്തേക്കാളുപരി താഴെ നിന്നും കരിങ്കല്ല് ഉപയോഗിച്ച് കെട്ടി ഒരു ഘട്ടമെത്തുമ്പോള്‍ കോണ്‍ക്രീറ്റ് ചെയ്യുകയും അതിനുമേലെ വീണ്ടും കരിങ്കല്ല് ഉപയോഗിച്ച് കെട്ടുകയും വീണ്ടും കോണ്‍ക്രീറ്റ് ചെയ്യുകയും ചെയ്യുന്ന രീതിയിലാണ് സംരക്ഷണ ഭിത്തി കെട്ടല്‍. മൂന്നും നാലും ഘട്ടങ്ങളിലെത്തുമ്പോഴും കോണ്‍ക്രീറ്റ് ചെയ്യുന്നുണ്ട്. സംരക്ഷണ ഭിത്തിയുടെ ഉറപ്പ് കൂടുകയും കൂടുതല്‍ കാലം ഉറപ്പോടെ നിലനില്‍ക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."