കുര്‍ദുകളെ തൊട്ടാല്‍ തുര്‍ക്കിയെ സാമ്പത്തികമായി തകര്‍ക്കുമെന്ന് യു.എസ്
വാഷിങ്ടണ്‍: കുര്‍ദ് സൈന്യത്തെ അക്രമിച്ചാല്‍ തുര്‍ക്കിയെ സാമ്പത്തികമായി തകര്‍ക്കുമെന്ന് യു.എസ്് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. സിറിയയില്‍നിന്നുള്ള യു.എസ് സൈന്യത്തിന്റെ പിന്‍വാങ്ങല്‍ പ്രഖ്യാപനത്തിന് പിന്നാലെയാണ് തുര്‍ക്കിയെ പ്രകോപിപ്പിക്കുന്ന പ്രസ്താവനയുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.
കുര്‍ദുകള്‍ക്കെതിരേ സിറിയയില്‍ സൈനിക നടപടിയെടുക്കുകയാണെങ്കില്‍ സാമ്പത്തികമായി തകര്‍ക്കുമെന്ന് ട്വിറ്ററിലൂടെയാണ് ട്രംപ് ഭീഷണിപ്പെടുത്തിയത്. മേഖലയില്‍ ഐ.എസ് സാന്നിധ്യം ഇല്ലാതായതിനെ തുടര്‍ന്നാണ് സൈന്യത്തെ പിന്‍വലിക്കുന്നത്. തങ്ങളുടെ താവളത്തിന് സമീപത്തായി വീണ്ടും ഇവരുടെ സാന്നിധ്യമുണ്ടാവുകയാണെങ്കില്‍ ആക്രമിക്കുമെന്ന് ട്രംപ് പറഞ്ഞു.
എന്നാല്‍ തുര്‍ക്കിയെ പ്രകോപിപ്പിക്കരുതെന്ന് കുര്‍ദ് സൈന്യത്തോട് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഐ.എസിനെ തകര്‍ക്കുകയെന്ന യു.എസിന്റെ ദീര്‍ഘകാലമായുള്ള നയത്തില്‍ ഉപകാരപ്പെടുന്നത് സിറിയക്കും റഷ്യക്കും ഇറാനുമാണ്.
തങ്ങള്‍ക്കും പ്രയോജനമുണ്ടെങ്കിലും അവസാനിക്കാത്ത യുദ്ധം നിര്‍ത്തിവച്ച് സൈന്യത്തെ പിന്‍വലിക്കാനുള്ള സമയമാണിതെന്ന് ട്രംപ് ട്വിറ്ററിലൂടെ പറഞ്ഞു.
കുര്‍ദ് സേനയായ കുര്‍ദിഷ് പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റുമായി (വൈ.പി.ജി) ചേര്‍ന്നാണ് സിറിയയില്‍ യു.എസ് സൈനിക നടപടികള്‍ സ്വീകരിക്കുന്നത്. കുര്‍ദ് സൈന്യത്തെ തീവ്രവാദികളായിട്ടാണ് തുര്‍ക്കി വിലയിരുത്തുന്നത്.
യു.എസ് സൈന്യത്തിന്റെ സിറിയയിലെ പിന്‍മാറ്റം കുര്‍ദുകളെ തുര്‍ക്കി അക്രമിക്കുന്നതിനു കാരണമാവുമെന്ന ആശങ്ക യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബാള്‍ട്ടന്‍ ചൂണ്ടിക്കാണിച്ചിരുന്നു.
സൈനിക പിന്‍മാറ്റം വൈകിപ്പിക്കാനുള്ള തീരുമാനവും യു.എസിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ നിഷേധിച്ചുകൊണ്ട് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സൈന്യത്തിന്റെ പിന്‍വാങ്ങലില്‍ മാറ്റമില്ലെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കി.
മൂന്നു വര്‍ഷത്തെ സേവനത്തിനു ശേഷമാണ് അമേരിക്ക സിറിയയില്‍ സൈനിക പിന്മാറ്റത്തിന് ഒരുങ്ങുന്നത്. വരുന്ന ആഴ്ച്ചകളിലായി 2000 സൈനിക ഉദ്യോഗസ്ഥരെ സിറിയയില്‍നിന്നു തിരിച്ചു വിളിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചെങ്കിലും പ്രദേശത്തെ ഐ.എസ് ശക്തികള്‍ക്കു മേലുള്ള സമ്മര്‍ദ്ദം തുടരുമെന്ന് യു.എസ് പറഞ്ഞിരുന്നു.സിറിയയില്‍നിന്നു ത്വരിതഗതിയില്‍ സൈന്യത്തെ പിന്‍വലിക്കാനായിരുന്നു ട്രംപ് നേരത്തെ തീരുമാനിച്ചതെങ്കിലും പ്രതിഷേധത്തെതുടര്‍ന്ന് നടപടി വൈകിക്കുകയായിരുന്നു. സൈന്യത്തെ പിന്‍വലിക്കുന്നത് യു.എസ് സഖ്യകക്ഷികളുടെയും സിറിയയിലെ കുര്‍ദിഷ് സൈന്യത്തിന്റെയും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഈ നടപടിയില്‍ പ്രതിഷേധിച്ച് അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് രാജിവച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."