'കംറയെ കയറ്റില്ലേ?, എങ്കില്‍ ഞാനുമില്ല!'
ന്യൂഡല്‍ഹി: അര്‍ണബ് ഗോസ്വാമിയെ ചോദ്യം ചെയ്തതിന്റെ പേരില്‍ കൊമേഡിയന്‍ കുനാല്‍ കംറയെ വിലക്കിയ കമ്പനികളുടെ വിമാനങ്ങളില്‍ താനും യാത്ര ചെയ്യുന്നില്ലെന്നു സംവിധായകന് അനുരാഗ് കശ്യപ്. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യുമ്പോഴാണ് കുനാല്‍ കംറയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അദ്ദേഹം രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസം കൊല്‍ക്കത്തയിലെ ചടങ്ങിന് ഏഴു മണിക്കൂര്‍ നേരത്തേയെത്തിയ കശ്യപ്, ഇന്‍ഡിഗോ വിമാനത്തിലെ യാത്ര ഒഴിവാക്കാനായിരുന്നു ഇതു ചെയ്തതെന്നും വാര്‍ത്തയുണ്ട്. നേരത്തെ അദ്ദേഹം ഇന്‍ഡിഗോ വിമാനത്തിലായിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാല്‍, കുനാല്‍ കംറയെ ഇന്‍ഡിഗോ വിലക്കിയതോടെ ഇതു കാന്‍സല്‍ ചെയ്തു നേരത്തെ പുറപ്പെടുന്ന മറ്റൊരു വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്നു.
നേരത്തെയും വിഷയത്തില്‍ പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു. അദ്ദേഹത്തെ യാത്ര ചെയ്യാന്‍ അനുവദിക്കുന്നത് വരെ ഈ സമീപനം സ്വീകരിച്ച വിമാനങ്ങളില്‍ യാത്ര ചെയ്യില്ലെന്നും അനുരാഗ് കശ്യപ് വ്യക്തമാക്കിയിരുന്നു. കുനാല്‍ കംറയ്ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് വിസ്താര എയര്‍ലൈന്‍സ് ടിക്കറ്റിന്റെ ഫോട്ടോയും അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് വിമാനയാത്രയ്ക്കിടെ മാധ്യമപ്രവര്ത്തകന് അര്‍ണബ് ഗോസ്വാമിയെ അപമാനിച്ചെന്നാരോപിച്ച് കുനാല്‍ കംറയ്ക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് സ്പൈസ് ജെറ്റ്, എയര്‍ഇന്ത്യ, ഗോ എയര്‍ വിമാനക്കമ്പനികളും വ്യോമയാന മന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ അതേ നടപടി സ്വീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."